രാജ്ഭവനിലേക്ക് പോകുന്ന പത്രപ്രവര്‍ത്തകന്‍

Tuesday 29 May 2018 2:19 am IST

കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ആദ്യ കാലത്ത് ഏറ്റവും പരാതി കേള്‍ക്കേണ്ടിവന്നത് മാധ്യമപ്രവര്‍ത്തകരില്‍നിന്നാണ്. ഫോണില്‍ അദ്ദേഹത്തെ കിട്ടുന്നില്ലെന്ന പരാതി. കാരണം, മാധ്യമപ്രവര്‍ത്തകരുമായുള്ള അദ്ദേഹത്തിന്റെ സമ്പര്‍ക്കവും സൗഹാര്‍ദ്ദവും അത്ര ഗാഢമായിരുന്നു. മാരാര്‍ജി എന്ന കെ.ജി മാരാര്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരുടെ ഇത്രഅടുത്ത ചങ്ങാതി സംഘ-സംഘപരിവാര്‍ സംഘടനകളിലില്ല. 

മൂന്നു കാരണങ്ങളാണ്. ഒന്ന്: കുമ്മനം സ്വയം പത്രപ്രവര്‍ത്തകനാണ്. രണ്ട്: സാമൂഹ്യ വിഷയങ്ങളിലും മേഖലയിലുമായിരുന്നു, ബിജെപി അധ്യക്ഷനാകുംമുമ്പ് അദ്ദേഹം ഏറെ വ്യാപരിച്ചത്. മൂന്ന്: രാഷ്ട്രീയ നേതാവായപ്പോഴും സ്വന്തം നേട്ടങ്ങള്‍ക്കോ അവയുടെ പ്രചാരണങ്ങള്‍ക്കോ മാധ്യമങ്ങളെ സമീപിച്ചിരുന്നില്ല. 

ജന്മഭൂമിയുടെ ചെയര്‍മാനാണിപ്പോള്‍. മാനേജിങ് എഡിറ്ററും എഡിറ്ററുമായിരുന്നു. അതിനുമുമ്പ് ദീപികയിലും കേരള പത്രികയിലും പത്രപ്രവര്‍ത്തകനായിരുന്നു. ജന്മഭൂമിയിലായിരിക്കെ, ആ പദവികളിലിരുന്ന് മേല്‍നോട്ടം വഹിക്കുകയും നിര്‍ദ്ദേശം നല്‍കുകയും മാത്രമല്ല, വാര്‍ത്തയെഴുത്തു മുതല്‍ പത്രം അച്ചടിച്ച് വിതരണത്തിനയയ്ക്കുംവരെ ജീവനക്കാര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചിരുന്നു. അച്ചടിയന്ത്രത്തിന്റെ തകരാറുമാറ്റാന്‍ പോലും കുമ്മനത്തിന്റെ കൈ എത്തിയിട്ടുണ്ട്. 

ജീവനക്കാര്‍ പോയ ശേഷം പത്രം ഇറക്കേണ്ടിവന്നപ്പോള്‍ (രാജീവ് ഗാന്ധി കൊല്ലപ്പെട്ട ദിവസം) ജോലികള്‍ സ്വയം ചെയ്ത് പത്രം ഇറക്കിയിട്ടുണ്ട്. അന്ന്, ഏജന്‍സി കോപ്പി മെഷീനില്‍നിന്ന് ചീന്തിയെടുത്ത് മലയാളമാക്കി, കമ്പോസ് ചെയ്ത്, പ്രൂഫ് വായിച്ച്, ലേ ഔട്ട് ചെയ്ത്, ഫിലിമെടുത്ത്, പ്ലേറ്റുണ്ടാക്കി പ്രസില്‍ കൊടുത്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തീരെ അറിയാത്ത ഞങ്ങള്‍ തുടക്കക്കാരെ കൂടെ നിര്‍ത്തിയിരുന്നു; അപ്പോഴും പറഞ്ഞു പഠിപ്പിച്ചു. ''ഇത് ചെയ്യേണ്ടത് ഇങ്ങനെയാണ്. വിദഗ്ധര്‍ ചെയ്യുംപോലെയാവില്ല, പക്ഷേ അവരുടെ അഭാവത്തില്‍ നമ്മള്‍ അവരാകണം'' എന്ന ഉപദേശങ്ങളോടെ. 

കടുത്ത ന്യൂസ്പ്രിന്റ് ക്ഷാമക്കാലത്ത് ആകുലപ്പെട്ടിരിക്കുമ്പോള്‍, ''രാത്രിയിലാണ് അച്ചടിക്കാന്‍ ന്യൂസ് പ്രിന്റ് വേണ്ടത്. അതിനു മുമ്പുവേണ്ടതെല്ലാം ചെയ്തുതീര്‍ക്കുക, സമയത്ത് കടലാസ് വരും, ഇല്ലെങ്കില്‍ അപ്പോള്‍ നോക്കാം''എന്നു പറഞ്ഞ് ശ്രദ്ധയോടെ മുഖപ്രസംഗമോ ലേഖനമോ വാര്‍ത്തയോ എഴുതിയിരുന്ന, ക്ഷോഭിക്കാത്ത കുമ്മനത്തിന്റെ സു വിശേഷ ഉപദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും ജന്മഭൂമി പ്രവര്‍ത്തകര്‍ക്ക് പാഥേയമാണെന്നും.

ദൈനംദിന വാര്‍ത്ത കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ പെട്ടെന്ന് ചില നിലപാടുകളെടുക്കേണ്ടി വരും. എപ്പോള്‍ ചോദിച്ചാലും ക്ഷണമായിരിക്കും പ്രതികരണം; അത് വ്യക്തവും കൃത്യവും ആയിരിക്കും.'' നിലപാടുകളെടുക്കുമ്പോള്‍ അപ്പോഴത്തെ പരിഹാരത്തിനാകരുത്. കാലാതിവര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിക്കണം, '' പലപ്പോഴും  അദ്ദേഹം ഈ പാഠം ഓര്‍മിപ്പിച്ചു. കുമ്മനത്തിന് നിലപാടുകള്‍ മാറ്റേണ്ടി വന്നിട്ടില്ല.

വാര്‍ത്ത പത്രത്തിലൂടെ കലര്‍പ്പില്ലാത്ത വസ്തുതയായി കൊടുക്കണമെന്ന് നിഷ്‌കര്‍ഷിക്കുമായിരുന്നു. ഒരിക്കല്‍ ഒരാളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച സംശയം വന്നു. ജന്മഭൂമിയുടെ നിലപാടാണെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ അഭിപ്രായത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു അഭിപ്രായം. പ്രസിദ്ധീകരിക്കാമോ എന്ന സംശയം കുമ്മനത്തോടുതന്നെ ചോദിച്ചു. മറുപടി ഉടന്‍, ''ഒരു വ്യക്തി ഒരു സംഘടനയുടെ നേതാവിനെതിരെ പറഞ്ഞതാണത്. ആ അഭിപ്രായം ജനങ്ങള്‍ അറിയട്ടെ, അവര്‍ ചര്‍ച്ച ചെയ്ത് ശരി തെറ്റ് നിശ്ചയിക്കട്ടെ. ആ വ്യക്തി കുമ്മനം രാജശേഖരനെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ അത് പത്രവായനക്കാരറിയേണ്ടതല്ലല്ലോ. പ്രസിദ്ധീകരിക്കാതെയുമിരിക്കാം,'' എത്ര കൃത്യമാണ് നിലപാട്.

ഏത് ഉത്തരവാദിത്വത്തിലിരുന്നാലും സാമൂഹ്യക്രമത്തില്‍ ഗുണപരമായ മാറ്റത്തിന് പരിശ്രമിക്കുകയാകണം ലക്ഷ്യമെന്ന് അദ്ദേഹം പറയും. അത് മിസോറാമിലെ രാജ്ഭവനിലിരുന്ന്, ഭരണഘടനാപരമായ പരിരക്ഷ നല്‍കുന്ന ആധികാരികതയോടെയും ഉത്തരവാദിത്വത്തോടെയുമാകും ഇനി. 

പ്രകൃതിയോടും സംസ്‌കാരത്തോടും സമൂഹത്തോടും ജീവികുലത്തിനോടു മുള്ള കുമ്മനത്തിന്റെ കാഴ്ചപ്പാട് ആ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കും. 

അതായത്, സംസ്ഥാന സര്‍ക്കാരിന്റെ നയം പ്രസംഗിക്കുമ്പോള്‍ അതില്‍ ഗവര്‍ണറുടെ കാഴ്ചപ്പാടും പ്രതിഫലിക്കും. 

തന്ത്രങ്ങളുടെ കാര്യത്തില്‍ എതിര്‍പക്ഷം ഇത്ര 'ഭയപ്പെട്ട ' രാഷ്ട്രീയ നേതാവ് ബിജെപിയില്‍ കേരളത്തിലുണ്ടായിട്ടില്ല. ചിലര്‍ അദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചും ആനന്ദിച്ചപ്പോള്‍, സംസാരത്തിനിടെ അദ്ദേഹം നിലപാട് പറഞ്ഞു: ''അവര്‍ തൊലിക്കറുപ്പിനെ വിമര്‍ശിക്കുമ്പോള്‍ നാം കറുപ്പിനൊപ്പം നില്‍ക്കുക; വിമര്‍ശിക്കുന്നവര്‍ തിരിച്ചറിയപ്പെടും.''

മെട്രോ യാത്ര വിവാദമാക്കിയതിനോട് ഇങ്ങനെ പറഞ്ഞു, '' രാഷ്ട്രീയക്കാരുടെ അവകാശങ്ങള്‍ ഈ അവസരത്തില്‍ ചര്‍ച്ചയാക്കുക.''

വിശക്കുന്നുവെന്നു പറഞ്ഞ വനവാസി യുവാവ് മധുവിനെ തല്ലിക്കൊന്നതിനോട് പ്രതികരിച്ച് സ്വയം കൈ കെട്ടി നിന്നതിനെ ചിലര്‍ അപഹസിച്ചപ്പോള്‍ പറഞ്ഞു, '' പലര്‍ക്കും സാധ്യമല്ലാത്തത് നമ്മള്‍ ചെയ്യുക.'' 

എതിര്‍ക്കുന്നവരെ എതിര്‍ക്കുന്നതിനേക്കാള്‍ എളുപ്പമാണ് എതിര്‍പ്പുകളെ അനുകൂലമാക്കുന്നതെന്നാണ് കുമ്മനത്തിന്റെ നയം.

സിപിഎം നേതാവായിരിക്കെ എംപി: സോമനാഥ് ചാറ്റര്‍ജി പറയുമായിരുന്നത്രെ. ''പാര്‍ലമെന്റില്‍ എല്‍.കെ. അദ്വാനിയുള്ളപ്പോള്‍ എതിര്‍ പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമല്ല, ഏത് വിഷയവും സംഭവവും സ്വന്തം പാര്‍ട്ടിക്കും പക്ഷത്തിനും അനുകൂലമാക്കാന്‍ അദ്വാനിക്ക് അസാമാന്യ മിടുക്കുണ്ട്,'' എന്ന്. പത്രപ്രവര്‍ത്തകനായാണ് അദ്വാനിയുടെയും തുടക്കം. വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി ഊഹിക്കാനും അവ അനുകൂലമാക്കാനുമുള്ള കഴിവ് 'രാജേട്ട'ന് പത്രപ്രവര്‍ത്തനം സമ്മാനിച്ചതാകാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.