മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്റെ കാരുണ്യമെന്ന് കുമാരസ്വാമി

Tuesday 29 May 2018 2:27 am IST

ബെംഗളൂരു: തന്റെ മുഖ്യമന്ത്രിപദം കോണ്‍ഗ്രസിന്റെ കാരുണ്യമാണ്, ജനങ്ങളുടേതല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. 6.5 കോടി ജനങ്ങള്‍ തന്നെ തള്ളിക്കളഞ്ഞപ്പോള്‍ സഹായിച്ചത് കോണ്‍ഗ്രസാണ്. അതിനാല്‍ ഏതൊരു തീരുമാനമെടുക്കുന്നതിനു മുമ്പും കോണ്‍ഗ്രസിനോട് കൂടിയാലോചിക്കേണ്ടതുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ഇന്നലെ വൈകീട്ട് ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക കടം എഴുതിത്തള്ളണമെന്നും അല്ലാത്തപക്ഷം രാജിവെക്കണമെന്നുമാണ് ബിജെപിയുടെ വെല്ലുവിളി. ഇത് താന്‍ ഏറ്റെടുക്കുകയാണ്. കഴിഞ്ഞ ദിവസം ദല്‍ഹി സന്ദര്‍ശനത്തിന് മുമ്പ് പ്രധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും കാര്‍ഷികകടം എഴുതിത്തള്ളാനായില്ലെങ്കില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് വെല്ലുവിളി ഏറ്റെടുക്കുന്നതായി കുമാരസ്വാമി പ്രഖ്യാപിച്ചത്. 

ജനങ്ങളല്ല തന്നെ മുഖ്യമന്ത്രിയാക്കിയത്. അതിനാല്‍ അവര്‍ക്ക് സമ്മര്‍ദ്ദം ചെലുത്താനുമാകില്ല. എന്നിരുന്നാലും കാര്‍ഷിക കടം എഴുതിത്തള്ളുന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണകളുണ്ട്. കര്‍ഷകസംഘടനാ പ്രതിനിധികള്‍ തന്നെ പിന്തുണച്ച് നടത്തിയ പ്രസ്താവനകള്‍ കേട്ടിട്ടുണ്ട്. അതിനാല്‍ ബിജെപി വെല്ലുവിളിക്കേണ്ടതില്ല. കര്‍ഷകരുടെ കാര്യത്തില്‍ ബിജെപിയേക്കാള്‍ ഒരുപടി മുന്നിലുണ്ടാകുമെന്ന് പറഞ്ഞ കുമാരസ്വാമി താന്‍ പരാജയപ്പെട്ടാല്‍ സ്വയം രാജിവെക്കുമെന്നും അറിയിച്ചു. എന്നാല്‍ ഇതിനു ഒരാഴ്ചത്തെ സമയം ആവശ്യമാണ്. മന്ത്രിസഭ രൂപീകരിച്ചിട്ട് ക്യാബിനറ്റ് ചേര്‍ന്നിട്ടില്ല. സഹകരണബാങ്കുകളിലേതു മാത്രമല്ല ദേശസാല്‍കൃത ബാങ്കുകളിലെ കടം എഴുതിത്തള്ളുന്നതിനും നടപടിയെടുക്കും. 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. അതിനാല്‍ ഏതൊരു തീരുമാനമെടുക്കുന്നതിനു മുമ്പും കോണ്‍ഗ്രസിന്റെ അഭിപ്രായമറിയുക അനിവാര്യമാണ്.  ധനവകുപ്പ് കോണ്‍ഗ്രസ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, അത് തികച്ചും സ്വാഭാവികമാണെന്നും, കോണ്‍ഗ്രസിന്  ധനവകുപ്പ് നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.