തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂട്ടി

Tuesday 29 May 2018 2:43 am IST

ചെന്നൈ: തൂത്തുക്കുടിയിലെ വിവാദമായ  സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്ലാന്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു ഉത്തരവ്. 13 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട പ്രക്ഷോഭത്തിനിടയാക്കിയ സ്റ്റെര്‍ലൈറ്റിന്റെ പ്രവര്‍ത്തനത്തിനെതിരെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

 ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ തള്ളിയ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത് 1996 ലാണ്. മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ നടപടികള്‍ പലപ്പോഴും വിവാദമായിരുന്നു. 

പ്ലാന്റ് തുടങ്ങിയപ്പോള്‍ തന്നെ  ഭൂഗര്‍ഭജലം മലിനമാക്കുന്നു, കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗമുണ്ടാക്കുന്നു എന്നീ ആരോപണങ്ങളുമായി പ്രദേശവാസികള്‍ സമരം തുടങ്ങിയിരുന്നു. 

വേദാന്ത കമ്പനി അടുത്തിടെ  രണ്ടാം പ്ലാന്റ് തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെ പ്രതിഷേധം ആളിക്കത്തി. പ്ലാന്റ് സ്ഥിതിചെയ്യുന്ന കുമാര്‍ റെഡ്യാര്‍പുരത്തു കഴിഞ്ഞ മാര്‍ച്ച് 24നു രണ്ടുലക്ഷം പേര്‍ അണിനിരന്ന പ്രതിഷേധം നടന്നു. അന്നു മുതല്‍ സമരം തുടങ്ങി. ഇതിനിടെ പ്ലാന്റിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തീരുമാനിച്ചു.  

  പ്രതിഷേധത്തിന്റെ നൂറാം ദിനമായ മെയ് 22 ന് നിരോധനാജ്ഞ ലംഘിച്ച് കളക്‌ട്രേറ്റ് വളഞ്ഞ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ  ഏറ്റുമുട്ടലാണ് വെടിവെപ്പില്‍ കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.