നിപ അടുത്തവര്‍ഷവും വന്നേക്കാം

Tuesday 29 May 2018 2:47 am IST

കോഴിക്കോട്: അടുത്ത വര്‍ഷവും നിപ വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന നിപ ഉന്നതതല അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിപ വൈറസ് ബാധിതര്‍ക്ക് നല്‍കാന്‍ ആസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഹ്യുമണ്‍ മോണോക്ലോണ്‍ ആന്റിബോഡി എം 102.4 എന്ന മരുന്നിന്റെ 50 ഡോസുകളാണ് എത്തിക്കുകയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

മരുന്ന് എത്തിക്കുന്നതിനും നല്‍കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മരുന്നിന്റെ പൂര്‍ണമായ പരീക്ഷണം കഴിഞ്ഞിട്ടില്ല. എന്നാല്‍ ആസ്ട്രേലിയയില്‍ നിപ വൈറസ് ബാധിച്ച 14 പേര്‍ക്ക് നല്‍കുകയും വിജയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ഇത് വികസിപ്പിച്ചെടുത്തിട്ടുളളത്. കേന്ദ്ര സര്‍ക്കാര്‍ മുഖേന ബന്ധപ്പെട്ടാണ് മരുന്നെത്തിക്കുന്നത്. മരുന്നിന് നിലവില്‍ ലൈസന്‍സില്ലെങ്കിലും അത് ഉപയോഗിക്കാനുളള അനുമതി വാങ്ങിയിട്ടുണ്ട്. 

ബംഗ്ലാദേശില്‍ കണ്ടെത്തിയ തരത്തിലുള്ള നിപ വൈറസാണ് ഇവിടെയും കണ്ടത്.  പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളിലാണ് ഇത്തരം വൈറസുകള്‍ സാധാരണ ഉണ്ടാകുന്നത് എന്നാണ് കണ്ടെത്തല്‍. വൈറസുകള്‍ എല്ലാകാലത്തും വവ്വാലുകളുടെ ശരീരത്തില്‍ ഉണ്ടാകും. എന്നാല്‍ പ്രജനന കാലത്ത്  ഇവയുടെ എണ്ണം വര്‍ധിക്കും. 

ഈ സമയത്ത് ഇത്തരം വവ്വാലുകള്‍ കഴിച്ച കള്ളോ പഴവര്‍ഗ്ഗങ്ങളോ ഭക്ഷിക്കുന്നതിലൂടെ വൈറസ് പകരാന്‍ സാധ്യതയുണ്ട്. പേരാമ്പ്രയില്‍ പരിശോധിച്ച വവ്വാലുകളില്‍ വൈറസ് ബാധ കണ്ടില്ലെന്നത് ശരിയാണ്. വവ്വാലുകളില്‍ വൈറസുകള്‍ വര്‍ദ്ധിച്ച സമയത്ത് പരിശോധന നടത്തിയാല്‍ മാത്രമേ ഇത് വ്യക്തമാകൂ. ഇപ്പോള്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ അത് വ്യക്തമാവണമെന്നില്ല. പേരാമ്പ്രയില്‍ ഉണ്ടായ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ നടപടികള്‍ തുടരും. നിപയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായി ലോകത്തെ പ്രമുഖ ആരോഗ്യ വിദഗ്ധരുമായി  ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.