കോഴിക്കോട്ടും മലപ്പുറത്തും സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന്

Tuesday 29 May 2018 2:48 am IST
മുന്‍കരുതലെന്ന നിലയില്‍ നിപ ബാധിച്ചവര്‍ക്ക് മാത്രമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കും. നിപ വൈറസ് രോഗികള്‍ക്കായി സജ്ജീകരിച്ചിട്ടുളള ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഇന്നലെ മുതല്‍ മറ്റു രോഗികളെ പൂര്‍ണമായും ഒഴിവാക്കി. വെന്റിലേറ്റര്‍, എക്സ്റേ, ലബോറട്ടറി എന്നീ സൗകര്യങ്ങളെല്ലാം ഐസൊലേഷന്‍ വാര്‍ഡില്‍ സജ്ജമാക്കും.

കോഴിക്കോട്: നിപ വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പകരുന്ന സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ്. എന്നാല്‍ രണ്ടാംഘട്ടം വരാതിരിക്കാന്‍ കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു. അടുത്ത ഘട്ടം വരില്ലെന്ന് പറയാനാവില്ല. അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് നീങ്ങാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കോഴിക്കോട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന നിപ ഉന്നതതല അവലോകന യോഗത്തിന്റേതാണ് നിര്‍ദ്ദേശം. 

നിലവില്‍ നിരീക്ഷണത്തിലുള്ളവരും നിപ ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിപ വൈറസുമായി ബന്ധപ്പെട്ട നിരീക്ഷണം അടുത്ത മാസം പത്തു വരെ തുടരും. വൈറസ് ബാധിച്ചതായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ 83 ശതമാനവും നെഗറ്റീവാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. 

മുന്‍കരുതലെന്ന നിലയില്‍ നിപ ബാധിച്ചവര്‍ക്ക് മാത്രമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കും. നിപ വൈറസ് രോഗികള്‍ക്കായി സജ്ജീകരിച്ചിട്ടുളള ഐസൊലേഷന്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് ഇന്നലെ മുതല്‍ മറ്റു രോഗികളെ പൂര്‍ണമായും ഒഴിവാക്കി. വെന്റിലേറ്റര്‍, എക്സ്റേ, ലബോറട്ടറി എന്നീ സൗകര്യങ്ങളെല്ലാം ഐസൊലേഷന്‍ വാര്‍ഡില്‍ സജ്ജമാക്കും. നിപ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ എല്ലാ മെഡിക്കല്‍ കോേളജുകളിലും സ്ഥിരം ഐസലേഷന്‍ വാര്‍ഡ് ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.

 ആശുപത്രി ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍  കൂടുതല്‍ സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യും. എയിംസുമായി ബന്ധപ്പെട്ട് എന്‍ 95 മാസ്‌കുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്താനും തീരുമാനമായി. 

നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റാന്‍ യോഗം തീരുമാനിച്ചു. 

കോഴിക്കോട് ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) രാജീവ് സദാനന്ദന്‍, കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ്, മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ, സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീഗം, കോഴിക്കോട് ഡിഎംഒ ഡോ.വി.ജയശ്രീ, മലപ്പുറം ഡിഎംഒ ഡോ.കെ.സക്കീന, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.ആര്‍. രാജേന്ദ്രന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.സചിത്, ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍, വിദഗ്ധ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.