പിണറായി പോലീസിന്റെ 'കൊലപാതകം' വീണ്ടും

Tuesday 29 May 2018 2:51 am IST
വരാപ്പുഴ സ്റ്റേഷനില്‍ ആളുമാറി ശ്രീജിത്ത് എന്ന യുവാവിനെ പോലീസ് ചവിട്ടിക്കൊന്ന സംഭവത്തിന്റെ കനലെരിയും മുമ്പേയാണ് പോലീസ് വീണ്ടും പ്രതിക്കൂട്ടിലായിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങളെപ്പോലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരായി തിരിച്ചുവിടുന്ന സിപിഎമ്മിന്റെ യുവജനവിഭാഗം നേതാക്കള്‍ക്ക് കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നതാണ് ശ്രദ്ധേയം.

കോട്ടയം: വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ കൊലചെയ്ത പിണറായി വിജയന്റെ പോലീസ് കോട്ടയത്ത് മറ്റൊരു യുവാവിന്റെ കൊലപാതകത്തിനു കൂട്ടു നിന്നു. പ്രണയവിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് സൂചന. 

കോട്ടയം കുമാരനല്ലൂര്‍ നട്ടാശ്ശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിനെ (26) ഞായറാഴ്ച പുലര്‍ച്ചെയാണ് മാന്നാനത്തുള്ള ബന്ധു വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇന്നലെ വെളുപ്പിന് പുനലൂര്‍ ചാലിയേക്കര ആറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഭാര്യാസഹോദരന്‍ നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട സംഘമാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും സിഎസ്ഡിഎസും കോണ്‍ഗ്രസും കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തില്‍ പങ്കുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ നിയാസിനേയും റിയാസിനേയും ഇന്നലെ  രാത്രി തമിഴ്‌നാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. 

വരാപ്പുഴ സ്റ്റേഷനില്‍ ആളുമാറി ശ്രീജിത്ത് എന്ന യുവാവിനെ പോലീസ് ചവിട്ടിക്കൊന്ന സംഭവത്തിന്റെ കനലെരിയും മുമ്പേയാണ് പോലീസ് വീണ്ടും പ്രതിക്കൂട്ടിലായിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവങ്ങളെപ്പോലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരായി തിരിച്ചുവിടുന്ന സിപിഎമ്മിന്റെ യുവജനവിഭാഗം നേതാക്കള്‍ക്ക് കൊലയില്‍ നേരിട്ടു പങ്കുണ്ടെന്നതാണ് ശ്രദ്ധേയം. 

ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണ് നീനു. സാമ്പത്തിക പിന്നാക്കാവസ്ഥയും ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് പ്രസിഡന്റ് നിയാസ് ഉള്‍പ്പെട്ട പത്തോളം വരുന്ന സംഘമാണ് കെവിനെ അപായപ്പെടുത്തിയത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് ക്വട്ടേഷന്‍ കൊടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. കെവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ യുവാവിന്റെ ബന്ധുക്കളും ബിജെപി, സിഎസ്ഡിഎസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മണിക്കൂറോളം ഉപരോധിച്ചു. തുടര്‍ന്ന് എഡിജിപി തലത്തില്‍ അന്വേഷിക്കാമെന്ന ഉറപ്പിലാണ് സമരം പിരിഞ്ഞത്. സമരത്തിനിടെയില്‍ പലതവണ പ്രകോപനം ഉണ്ടായി. നേതാക്കളും പോലീസും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. സ്ഥലത്തെത്തിയ എസ്പി മുഹമ്മദ് റഫീഖിനെ കൊടി കൊണ്ട് അടിച്ചു.

യുവാവിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി കെവിന്റെ ഭാര്യ കൊല്ലം തെന്മല ഷനുഭവനില്‍ നീനുവും (20), കെവിന്റെ അച്ഛന്‍ ജോസഫും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കാനുണ്ടെന്ന് പറഞ്ഞ് പരാതി സ്വീകരിക്കാന്‍ ഗാന്ധിനഗര്‍ പോലീസ് തയ്യാറായില്ല. ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട തട്ടിക്കൊണ്ട് പോയ സംഘവുമായി പോലീസ് ഒത്തുകളിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവര്‍ പണം നല്‍കി സ്വാധീനിച്ചത് മൂലമാണ് പരാതി സ്വീകരിക്കാതെയിരുന്നതെന്നും ആരോപണമുണ്ട്. 

ഞായറാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയാണ് കെവിനെ പത്തംഗ സംഘമെത്തി ബന്ധുവീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. കെവിന്റെ ബന്ധു അനീഷിനെയും സംഘം വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും മര്‍ദ്ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു. ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട, തട്ടിക്കൊണ്ടുപോയവരോട് എസ്‌ഐ ഫോണില്‍ സംസാരിക്കുകയായിരുന്നുവെന്നും അവരെത്തിയ ശേഷം ആലോചിക്കാമെന്നും പറഞ്ഞതായി കെവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

 

എസ്പിക്ക് സ്ഥലംമാറ്റം, എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

 

പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബുവിനെയും എഎസ്‌ഐ സണ്ണിയെയും കൊച്ചി റേഞ്ച് ഐജി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.