ക്രൂരമായി കൊന്ന് ഉപേക്ഷിച്ചെന്ന് സംശയം

Tuesday 29 May 2018 2:52 am IST

പത്തനാപുരം(കൊല്ലം): തട്ടിക്കൊണ്ടുപോയി കൊലചെയ്ത കെവിന്റെ മൃതദേഹം പോലീസിനു കാണിച്ചു കൊടുത്തത് ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇഷാന്‍. കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തില്‍പ്പെട്ടയാളാണ് ഇടമണ്‍ സ്വദേശിയും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനുമായ ഇഷാന്‍. യുവാവിനെ കൊലപ്പെടുത്തിയശേഷം ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ചതായാണ് നിഗമനം. കോട്ടയത്തു നിന്നുമെത്തിയ ഗാന്ധിനഗര്‍ എസ്‌ഐയാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തിയതും കെവിന്റേതാണെന്ന് സ്ഥിരീകരിച്ചതും. റോഡില്‍ നിന്നും അഞ്ഞൂറടി താഴ്ചയിലാണ് ചാലിക്കരയാര്‍ സ്ഥിതി ചെയ്യുന്നത്. 

അഞ്ച് മണിക്കൂറാണ് മൃതദേഹം കരയില്‍ കിടത്തിയത്. ഇതിനിടെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നെയും വൈകി.  

കോട്ടയത്തു നിന്നും ചിറ്റപ്പനും സഹോദരിമാരും ചാലിയക്കരയിലെത്തി മൃതദേഹം കെവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കണ്ണുകളുടെ ഭാഗത്ത് ആഴത്തിലുളള മുറിവുകളുണ്ടായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകള്‍ കണ്ടെത്തി. പുനലൂര്‍ തഹസീല്‍ദാര്‍ ജയന്‍ പി.ചെറിയാന്റെ സാന്നിധ്യത്തില്‍ കൊല്ലം റൂറല്‍ സയന്റിഫിക് ഓഫീസര്‍ അനശ്വരയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 

കെവിന്റെ ഭാര്യ തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോ (20)യുടെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം ചാലിയക്കരയാറ്റില്‍ കണ്ടെത്തുന്നത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പോലീസ് ഞായറാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ആറ്റില്‍ നിന്നു ശേഖരിച്ച ജലം പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സയന്റിഫിക് ലാബിലേക്ക് അയച്ചു. പിന്നാക്ക വിഭാഗത്തിലുള്ള ആളായതുകൊണ്ടാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് കെവിന്റെ ചിറ്റപ്പന്‍ ബൈജി ജന്മഭൂമിയോട് പറഞ്ഞു.

പ്രതികളേറെയും എസ്ഡിപിഐയുടെ മുന്‍ പ്രവര്‍ത്തകരാണ്. ഒരുവര്‍ഷം മുമ്പാണ് ഡിവൈഎഫ്‌ഐയിലെത്തിയത്. അപ്പോള്‍ തന്നെ ഭാരവാഹിത്വവും നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.