മിസോറാം ഗവര്‍ണറായി കുമ്മനം ചുമതലയേറ്റു

Tuesday 29 May 2018 11:51 am IST
ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മ്മ വിരമിച്ച ഒഴിവിലാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. സംസ്ഥാനത്തിന്റെ ഇരുപത്തിമൂന്നാമത്തേതും മലയാളിയായ രണ്ടാമത്തേതുമായ ഗവര്‍ണറാണ് കുമ്മനം.

ഐസ്വാള്‍: മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. മിസോറാം തലസ്ഥാനമായ ഐസ്വാളില്‍ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.

ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മ്മ വിരമിച്ച ഒഴിവിലാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്. സംസ്ഥാനത്തിന്റെ ഇരുപത്തിമൂന്നാമത്തേതും മലയാളിയായ രണ്ടാമത്തേതുമായ ഗവര്‍ണറാണ് കുമ്മനം.

മുഖ്യമന്ത്രി ലാല്‍ തന്വാല, മന്ത്രിമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.വി. ലുണ, പ്രഭാരി പവന്‍ ശര്‍മ്മ, ബിജെപി ദല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സത്യപ്രതിജ്ഞയ്ക്കായി ഇന്നലെ വൈകിട്ട് കുമ്മനം ദല്‍ഹിയില്‍ നിന്നും ഗുവാഹട്ടിയിലെത്തി. ഇന്ന് രാവിലെ ഏഴിനാണ് ഗുവാഹട്ടി രാജ്ഭവനില്‍ നിന്നും തലസ്ഥാനമായ ഐസ്വാളിലേക്ക് തിരിച്ചത്. മിസോറാം ഡെപ്യൂട്ടി റസിഡന്റ് കമ്മീഷണര്‍ റെക്സ് സര്‍സോലിയാന, ചീഫ് സെക്രട്ടറി അരവിന്ദ് റായ്, ഡിജിപി ബാലാജി തുടങ്ങിയവര്‍ അനുഗമിച്ചു.

എന്തു ചെയ്താലും എവിടെ പ്രവര്‍ത്തിച്ചാലും അടിസ്ഥാനം ജനസേവനമാണ്. ഇത്രകാലം രാഷ്ട്രീയ മേഖലയിലായിരുന്നു. ഇപ്പോള്‍ രംഗം മാറുന്നുവെന്നു മാത്രം. ജനസേവനമാണ് അവിടെയും ലക്ഷ്യം. ഗവര്‍ണര്‍ എന്നത് ഭരണത്തലവന്റെ ജോലിയാണ്. പഞ്ചായത്ത് മെമ്പര്‍ പോലുമായിട്ടില്ല. ഈ വെല്ലുവിളി ഏറ്റെടുക്കുന്നു, വിജയിക്കുമെന്ന് ഉറപ്പുണ്ട്, കേരളത്തില്‍നിന്നുള്ള പതിനെട്ടാമത്തെ ഗവര്‍ണറാണ്. 

മിസോറാം ജനതയുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരുടെ ഉന്നമനത്തിനും വികസനത്തിനും പ്രവര്‍ത്തിക്കും. ഇതുവരെ പ്രവര്‍ത്തിച്ചത് സാമൂഹ്യ,സാംസ്‌കാരിക, ധാര്‍മിക, രാഷ്ട്രീയ മേഖലകളിലാണ്. ഇവിടങ്ങളില്‍നിന്നു കിട്ടിയ ജീവിതാനുഭവങ്ങള്‍ ഗവര്‍ണര്‍ ജോലിയില്‍ വിജയിക്കാന്‍ സഹായകമാകും. മിസോറാമിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.