മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കാന്‍ തീരുമാനം

Tuesday 29 May 2018 4:19 pm IST
ഇടുക്കി ജില്ലയില്‍ കുമളി വില്ലേജില്‍ തമിഴ്‌നാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ കുമളി വില്ലേജില്‍ തമിഴ്‌നാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

വനം, ആര്‍ക്കിയോളജി, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു. 2016-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ആര്‍ക്കിയോളജി വകുപ്പ് പുനരുദ്ധാരണം നടത്തണമെന്നാണ് തീരുമാനം. നശിച്ചുപോയ വിഗ്രഹത്തിന് പകരം വിഗ്രഹം സ്ഥാപിക്കുന്നതിന്റെ ചുമതല ദേവസ്വം ബോര്‍ഡിനായിരിക്കും.

തേനി, ഇടുക്കി കലക്ടര്‍മാരുടെ സംയുക്ത നേതൃത്വത്തില്‍ ചിത്രാപൗര്‍ണമി ഉത്സവം വര്‍ഷംതോറും ഇവിടെ നടന്നുവരുന്നുണ്ട്. പൂജകള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആചാരപ്രകാരമാണ് നടത്തുന്നത്. തമിഴ്‌നാട്ടിലെ തേനി ജില്ലക്ക് സമീപമാണെങ്കിലും ക്ഷേത്രം പൂര്‍ണമായി കേരളത്തിലാണ്. കുമളി ടൗണില്‍ നിന്ന് 12 കി.മീറ്ററാണ് ഇവിടേക്ക് ദൂരം. എന്നാല്‍ കമ്പത്തുനിന്ന് 6 കി.മീറ്ററേയുളളൂ. ചരിത്രരേഖകള്‍ പ്രകാരം മംഗളാദേവി ക്ഷേത്രം പൂഞ്ഞാര്‍ കോവിലകത്തിന്റെ കൈവശത്തിലായിരുന്നു. പിന്നീട് അത് തിരുവിതാംകൂര്‍ രാജവംശത്തിന് കൈമാറി. 

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാന്‍ വനം, റവന്യൂ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ. പത്മകുമാര്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) എ.കെ.ധര്‍ണി, കണ്ണകി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.