കെവിന്റെ ദുരഭിമാനക്കൊല; മുങ്ങിമരണമാക്കാന്‍ നീക്കം

Wednesday 30 May 2018 2:30 am IST

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് ദുരഭിമാനക്കൊലയ്ക്ക് ഇരയായ ദളിത് ക്രൈസ്തവ യുവാവ് കെവിന്റെ മരണം മുങ്ങിമരണമാക്കാന്‍ നീക്കം. ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട കൊലപാതക സംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സിപിഎം നേതൃത്വം മരണത്തെ മുങ്ങിമരണമാക്കാന്‍ നീക്കം തുടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ പുനലൂര്‍ ചാലിയേക്കര ആറ്റില്‍നിന്നാണ് കോട്ടയം കുമാരനല്ലൂര്‍ നട്ടാശ്ശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന്‍ കെവിന്റെ മൃതദേഹം ലഭിച്ചത്. 

കൊല്ലം തെന്മല ഷാനുഭവനില്‍ നീനു ചാക്കോയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധം തീര്‍ക്കാന്‍ സഹോദരന്‍ ഷാനു ചാക്കോ കൊടുത്ത ക്വട്ടേഷന്‍ ഏറ്റെടുത്ത ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെട്ട സംഘമാണ് കെവിനെ കൊന്ന്  ആറ്റിലേക്ക് വലിച്ചെറിഞ്ഞത്. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിവരങ്ങള്‍ പ്രകാരം വെള്ളം ഉള്ളില്‍ച്ചെന്നുള്ള മുങ്ങിമരണമെന്നാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമാകും അന്തിമറിപ്പോര്‍ട്ട് പുറത്തെത്തുക. ക്രൂരമര്‍ദ്ദനത്തിന് ശേഷം വെള്ളത്തിലേക്ക് വലിച്ച് എറിഞ്ഞതാകാമെന്നാണ് സംശയം. അതല്ലെങ്കില്‍ വെള്ളത്തില്‍ മുക്കികൊന്നതാകാമെന്നും സംശയിക്കുന്നു. മൃതദേഹത്തില്‍ നിരവധി പരിക്കുകളുണ്ട്. മൃതദേഹം ലഭിക്കുമ്പോള്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുകൂലമാക്കി പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ രക്ഷിക്കാന്‍ സിപിഎം നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിച്ചാല്‍ റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടുമെന്ന് സിഎസ്ഡിഎസ് നേതൃത്വം അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.