സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷയിലും അതുല്യ നേട്ടവുമായി കേരളം; ശ്രീലക്ഷ്മിക്ക് ഒന്നാം റാങ്ക്

Wednesday 30 May 2018 2:40 am IST

ന്യൂദല്‍ഹി/ കൊച്ചി: സിബിഎസ്‌സി പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയ ശതമാനം 86.7 . കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിച്ച്   തൃക്കാക്കര ഭവന്‍സ്  വരുണ  വിദ്യാലയയിലെ ശ്രീലക്ഷ്മി .ജി  500 ല്‍ 499 മാര്‍ക്കോടെ  മറ്റു മൂന്നു പേര്‍ക്കൊപ്പം ഒന്നാം റാങ്ക് പങ്കിട്ടു. കണക്കിന് ഒരു മാര്‍ക്ക് കുറഞ്ഞതിനാലാണ്  ശ്രീലക്ഷ്മിക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കാത്തത്.വെണ്ണല സ്വദേശിയാണ്. അച്ഛന്‍ സീനിയര്‍ ഗവ. അഭിഭാഷകന്‍ എസ്. ഗോപിനാഥന്‍. അമ്മ എല്‍പി രമ മഹാരാജാസ് കോളേജില്‍ സുവോളജി അസി. പ്രൊഫസര്‍.  ശ്രീലക്ഷ്മി പാലാ ചാവറ പബ്‌ളിക് സ്‌കൂളില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിലാണ്. ഫസ്റ്റ് റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് രമ പറഞ്ഞു.

വിജയശതമാനം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്താണ്. 99.60 ശതമാനം. രണ്ടാം സ്ഥാനം ചെന്നൈക്ക്. 97.37 ശതമാനം. ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചപ്പോഴും തിരുവനന്തപുരമായിരുന്നു  ഒന്നാമത്. ഗുരുഗ്രാമിലെ പ്രഖാര്‍ മിത്തല്‍, ബിജ്‌നോറിലെ റിംസിം അഗര്‍വാള്‍, ഷംലിയിലെ നന്ദിനി ഗാര്‍ഗ് എന്നിവരാണ് ഒന്നാം റാങ്ക് നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍. 16.38 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയെഴുതി. 

സ്വകാര്യ വിദ്യാലയങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളുകളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ജവഹര്‍ നവോദയ വിദ്യാലയങ്ങളും (97.31%) കേന്ദ്രീയ വിദ്യാലയങ്ങളും (95.96%) വിജയശതമാനത്തില്‍ സിബി എസ്‌സി സ്വകാര്യ സ്‌കൂളുകളേക്കാള്‍ (89.49%) ഏറെ മുന്നിലാണ്.   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.