കേരളത്തില്‍ കാലവര്‍ഷമെത്തി

Wednesday 30 May 2018 2:43 am IST

ന്യൂദല്‍ഹി : സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി  കേന്ദ്ര കാലാവസ്ഥാ പഠനകേന്ദ്രം. ജൂണ്‍ ഒന്നിന്  എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാലവര്‍ഷം മൂന്ന് ദിവസംമുമ്പാണ് എത്തിയത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും  ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും കാലവര്‍ഷം എത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

ഒന്നരമാസം വരെ കാലവര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷ. ഈ സീസണില്‍ സാധാരണ ലഭിക്കുന്ന മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പഠനകേന്ദ്രം അറിയിച്ചത്. സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റ്, കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയതായി അറിയിച്ചു. അതിനിടെ കേരള-കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം അറബിക്കടലിന്റെ തെക്ക് കിഴക്ക് രൂപപ്പെട്ട  ശക്തമായ ന്യൂനമര്‍ദം നിലനില്‍ക്കുകയാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരള-കര്‍ണാടക തീരത്തിന്റെയും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആകാനും സാധ്യത ഉണ്ട്. ഇതിന്റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടല്‍ പ്രക്ഷുബ്ധമാകാനുമിടയുണ്ട്. അതിനാല്‍ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.