ഐ എസ് റിക്രൂട്ട്‌മെന്റിലും പോപ്പുലര്‍ ഫ്രണ്ട് ഇടപെടൽ; കേസുകള്‍ നടത്താന്‍ പണം കണ്ടെത്തുന്നതും സംഘടന

Wednesday 30 May 2018 2:50 am IST

കൊച്ചി:  സംസ്ഥാനത്തെ മതപരിവര്‍ത്തന കേസുകളിലും ഭീകര സംഘടനയായ ഐഎസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രതിസ്ഥാനത്തുള്ളത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍. മൂവാറ്റുപുഴയിലെ കോളേജ് അധ്യാപകന്റെ കൈവെട്ടു കേസുമുതല്‍ എന്‍ഐഎ അന്വേഷിച്ച കേസുകളില്‍ പ്രതികളായി വന്നവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നവരുമാണ്. ഇത്തരം കേസുകള്‍ നടത്തുന്നതിന് ആവശ്യമായ ലക്ഷങ്ങള്‍ സ്വരൂപിക്കുന്നതും സംഘടന നേരിട്ടാണ്. പണം ഒഴുകുമ്പോഴും ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

കേസുകളുടെ നടത്തിപ്പിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി പണമെത്തുന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിന് വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു വരികയാണ്. നിരവധി യുവാക്കളെ ഐഎസില്‍ എത്തിച്ച കേസില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ സ്വദേശി വെളുവക്കണ്ടി ഷാജഹാന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. പത്തനംതിട്ട സ്വദേശിനിയെ മതംമാറ്റി സൗദി അറേബ്യയിലെത്തിക്കാന്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിയാസിന് സഹായമെത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഗസാല, അഡ്വ. മോയിന്‍ പട്ടേല്‍ തുടങ്ങിയവരാണെന്നും അന്വേഷണ സംഘം മുമ്പ് കണ്ടെത്തിയിരുന്നു. 

അഖില കേസില്‍ സുപ്രീം കോടതിയില്‍ കപില്‍ സിബല്‍, ദുഷ്യന്ത് ദവെ തുടങ്ങി സിറ്റിംഗിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകരാണ് ഹാജരായത്. പോപ്പുലര്‍ ഫ്രണ്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേസ് നടത്തിപ്പിനായി ചെലവഴിച്ചത് കേവലം 84 ലക്ഷമാണെന്നാണ്. ഈ തുകയുടെ നാലിരട്ടി ഉണ്ടെങ്കില്‍ മാത്രമേ കപില്‍ സിബലിനെ പോലുള്ള അഭിഭാഷകനെ രംഗത്തിറക്കാന്‍ സാധിക്കൂ. ശേഷിക്കുന്ന ഭീമമായ തുക വന്ന വഴിയും വിവരങ്ങളും അന്വേഷണ സംഘങ്ങള്‍ പരിശോധിച്ചു വരികയാണ്. നിലവില്‍ ഹൈക്കോടതിയില്‍ മാത്രം നാല്‍പ്പതോളം കേസുകള്‍ നടക്കുന്നുണ്ട്. ഈ കേസുകളുടെ ആവശ്യത്തിനായി പണം കണ്ടെത്തുന്ന വഴിയും ദുരൂഹമായി തുടരുകയാണ്.

സാനു കെ. സജീവ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.