പ്രധാന മന്ത്രി ആവാസ് യോജന കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിക്കുന്നു

Wednesday 30 May 2018 2:53 am IST

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിക്കുന്നു. പാന്‍കാര്‍ഡ് ഉള്ളവര്‍ക്കേ വായ്പ അനുവദിക്കൂ എന്ന നിലപാടാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്.  സംസ്ഥാനമൊട്ടാകെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇത്തരത്തില്‍ വായ്പ നിഷേധിക്കുന്നുണ്ട്.

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് പദ്ധതി പ്രകാരമുള്ള തുക കൈമാറുന്നത്. എന്നാല്‍ സാധാരണക്കാര്‍ ബാങ്കുകളെ സമീപിച്ചാല്‍ ബാങ്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കാതെ വട്ടം കറക്കുകയാണ്. കരം അടച്ച രസീത്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാരം/ പട്ടയം, പോക്ക് വരവ് നടത്തിയ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ, ലൊക്കേഷന്‍ സ്‌കെച്ച് തുടങ്ങിയ രേഖകളുടെ കോപ്പി ബാങ്കില്‍ ഹാജരാക്കണം. ഇവയ്ക്ക പുറമെ അപേക്ഷകന്റെ വീട്ടിലേക്ക് നാലടി വഴി  ഉണ്ടായിരിക്കണമെന്നും ബാങ്കുകള്‍ വ്യവസ്ഥ ചെയ്യുന്നു. 

ഭവന വായ്പയ്ക്കായി പല ബാങ്കുകളേയും സമീപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതി നിലവിലില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഇടത് സര്‍ക്കാര്‍ ലൈഫ് മിഷനിലേക്ക് ലയിപ്പിച്ച് സ്വന്തം പേരിലാക്കിയതാണ് ഇതിന് കാരണം. 

വീട് നിര്‍മ്മിക്കാനും പുതുക്കി പണിയാനും ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 6 ലക്ഷം രൂപവരെ വായ്പ ലഭിക്കും. വാര്‍ഷിക വരുമാനം 6 -12 ലക്ഷം പരിധിയിലുള്ളവര്‍ക്ക് നാലു ശതമാനം പലിശ സബ്‌സിഡിയും 12-18 ലക്ഷം പരിധിയിലുള്ളവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയുമാണ് ലഭിക്കുക. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വായ്പ എടുത്ത തുക തിരിച്ചടച്ചാല്‍ മതിയാകും. 21 വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.

2016-17 മുതല്‍ 2018-19 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവിനുള്ളില്‍ രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഭവനിരഹിതര്‍ക്കായി ഒരു കോടി വീട് നിര്‍മ്മിക്കാനുളള പദ്ധതിയാണിത്. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തോളം ആളുകളാണ് സ്വന്തമായി വീടില്ലാതെ കഴിയുന്നത്. പട്ടികജാതി വര്‍ഗ്ഗ/ഒബിസി വിഭാഗത്തിന് മാത്രമായി 45.59 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇവ എത്തേണ്ട കൈകളില്‍ എത്തിയിട്ടില്ല.

ആതിര. ടി. കമല്‍രാജ്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.