ഡോ. ടെസി തോമസ് ഡിആര്‍ഡിഒ എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍

Wednesday 30 May 2018 2:57 am IST

ബെംഗളൂരു : ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) യുടെ എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന മലയാളി ശാസ്ത്രജ്ഞ  ഡോ.ടെസി തോമസിനെ നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ജനറല്‍ സി.പി. രാമനാരായണന്‍ മെയ് 31 ന്‌വിരമിക്കും. ജൂണ്‍ ഒന്നിന് ടെസി തോമസ് സ്ഥാനമേല്‍ക്കും. നിലവില്‍ ഹൈദരാബാദിലെ അഡ്വാന്‍സ്ഡ് ലബോറട്ടറീസില്‍ (എഎസ്എല്‍) ഡയറക്ടറാണ് ടെസി .

ഡിആര്‍ഡിഒയില്‍ മിസൈല്‍ പദ്ധതികളുടെ തലപ്പത്തെത്തുന്ന  ആദ്യ വനിത കൂടിയാണ് ടെസി. ഡിആര്‍ഡിഒ സാങ്കേതിക വിഭാഗത്തില്‍ ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും. ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ ക്ലസ്റ്റര്‍ മേധാവി ജെ.മഞ്ജുളയാണ് ആദ്യ വനിത. അഗ്‌നി മിസൈല്‍ വികസന പദ്ധതിയുടെ ഡയറക്ടറായിരുന്ന ടെസിയെ ശാസ്ത്രലോകം അഗ്നിപുത്രി എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

 എയ്‌റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്ക് എത്തുന്നതോടെ എയ്‌റോ ക്ലസ്റ്റര്‍ ലാബുകള്‍ ടെസിയുടെ നിയന്ത്രണത്തിലാവും. ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്‌ളിഷ്‌മെന്റ് (ഡിഎആര്‍ഇ),  ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്‌ളിഷ്‌മെന്റ്(ജിടിആര്‍ഇ), സെന്റര്‍ ഫോര്‍ എയര്‍ ബോണ്‍ സിസ്റ്റം(സിഎബിഎസ്), എയ്‌റോനോട്ടിക്കല്‍ ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിഇ), സെന്റര്‍ ഫോര്‍ മിലിട്ടറി എയര്‍വര്‍ത്തിനെസ് ആന്റ് സര്‍ട്ടിഫിക്കേഷന്‍ (

(സിഇഎംഐഎല്‍എസി), ആഗ്രയിലെ ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എഡിആര്‍ഡിഇ) എന്നീ സ്ഥാപനങ്ങളുടെ ചുമതല ടെസിക്കാണ്. അത്യാധുനിക യുദ്ധവിമാനങ്ങളുടെ വികസന ചുമതലയുള്ള എയ്‌റോനോട്ടിക്കല്‍ ഡെവല്പ്പ്‌മെന്റ് ഏജന്‍സിയും ടെസിയുടെ കീഴിലാണ് ഇനിമുതല്‍ പ്രവര്‍ത്തിക്കുക. അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന തേജസ്, റസ്റ്റം-2 യുദ്ധവിമാനങ്ങളുടെയും ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ക്രൂസ് മിസൈലായ നിര്‍ഭയയുടെ വികസനവുമാവും ടെസി തോമസിന്റെ ആദ്യപരിഗണനയില്‍ വരിക.

  തന്റെ നിയമനം രാജ്യത്തെ യുവ വനിതാ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനമാവുമെന്ന് ടെസി തോമസ് പറഞ്ഞു. സയന്‍സിന്റെയും എയ്‌റോനോട്ടിക്കല്‍ വിഷയങ്ങളുടെയും മേഖലകളിലേക്ക് കടന്നുവരാന്‍ പെണ്‍കുട്ടികള്‍ക്ക്  ഉത്തേജനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 1963 ല്‍ ആലപ്പുഴയില്‍ ജനിച്ച ടെസി തൃശ്ശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് ബിടെക്ക് (ഇലക്ട്രിക്കല്‍) ബിരുദം നേടിയത്. പൂനൈ സര്‍വ്വകലാശാലയില്‍ നിന്നും എംഇ (മിസൈല്‍ ഗൈഡന്‍സ്) നേടിയശേഷം ഹൈദരാബാദ് ജെഎന്‍ടിയുവില്‍ നിന്നും മിസൈല്‍ ഗൈഡന്‍സില്‍ പിഎച്ച്ഡി നേടി. 30 വര്‍ഷമായി ഡിആര്‍ഡിഒയില്‍ സേവനമനുഷ്ഠിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.