ഏകദന്തന്റെ അനുഗ്രഹം

Wednesday 30 May 2018 3:13 am IST

മദാസുരന്റെ മദം ഉണര്‍ന്നെഴുന്നേറ്റു. ഒരു കാട്ടുമൃഗത്തിന്റെ മുന്നില്‍ കീഴടങ്ങാനോ?

ദേവേന്ദ്രനെ പരാജയപ്പെടുത്തിയ തന്നെ ഈ മൃഗത്തിനറിയില്ല. ശ്രീപരമേശ്വരന്‍ പോലും തന്നെ പേടിച്ചൊളിച്ചോടിയിരിക്കുകയാണ്. പിന്നെ താനെന്തിന് ഇവന്റെ മുന്നില്‍ കീഴടങ്ങണം.

ഏകദന്തനെ വളഞ്ഞുപിടിക്കാനുള്ള തന്ത്രങ്ങളുമായി മദാസുരന്‍ സൈന്യത്തെ ഒരുക്കി. ഏകദന്തന്‍ ഇതൊന്നും അറിഞ്ഞതായിത്തന്നെ ഭാവിച്ചില്ല. ഏകദന്തനെ കുടുക്കാനുള്ള കെണിയൊരുക്കിക്കഴിഞ്ഞെന്ന ഭാവത്തില്‍ മദാസുരന്‍ ശ്രീഗണേശന്റെ നേരെ ബാണം തൊടുത്തു. ആ ബാണം വിനായകന്റെ കാലിനരികില്‍ വന്ന് ഭൂമിയില്‍ തൊട്ടു വന്ദിച്ചതുപോലെ നിന്നു.

അടുത്ത അസ്ത്രം മദാസുരന്‍ തൊടുത്തുവിട്ടപ്പോള്‍ അത് ഏകദന്തന്റെ തലക്കുമുകളില്‍ വച്ച് പലതായി പിളര്‍ന്ന് പൂവുകള്‍പോലെ തലയില്‍ വര്‍ഷിച്ചു. നല്ലൊരു പൂമഴ. വീണ്ടും അയച്ച അസ്ത്രം ഏകദന്തനെ പ്രദക്ഷിണം വച്ച് മടങ്ങിമദാസുരന്റെ നേര്‍ക്ക് തന്നെ പാഞ്ഞു. മദാസുരന്‍ പേടിച്ച് പുറകോട്ടു മറിഞ്ഞു.

മദാസുരന്‍ കൈകാലുകള്‍ കുടഞ്ഞ് എഴുന്നേറ്റ് ഏകദന്തന്റെ നേരെ നോക്കിയപ്പോള്‍ ഏകദന്തന്റെ തലയ്ക്കുചുറ്റും ഒരു പ്രഭാവലയം ഇദ്ദേഹം ഏതോ ഒരു ദിവ്യനാണെന്ന് മദാസുരന്‍ ഉറപ്പിച്ചു. ശ്രീനാരദന്റെ വാക്കുകള്‍ അപ്പോള്‍ ഓര്‍മ്മയില്‍ വന്നു. ആനമുഖന്‍, ഏകദന്തന്‍, ലംബോദരന്‍. ഇത് ശ്രീഗണേശന്‍ തന്നെയായിരിക്കും. ശ്രീപാര്‍വതീ ദേവിയെ ധ്യാനിച്ചു കൊണ്ട് ഒന്നു കൂടി ഏകദന്തന്റെ നേരെ നോക്കി. ഏകദന്തന്റെ മുഖത്ത് ശ്രീപാര്‍വതീദേവിയുടെ മുഖവും തെളിഞ്ഞു വന്നു. പെട്ടെന്നു തന്നെ മദാസുരന് ബോധോദയമുണ്ടായി. ഉടന്‍ ഏകദന്തന്റെ കാല്‍ക്കല്‍ വീണ് സര്‍വാപരാധങ്ങളും പൊറുത്തു മാപ്പു നല്‍കണമെന്നപേക്ഷിച്ചു.

ദേവന്മാര്‍ക്കും നാഗന്മാര്‍ക്കും മറ്റുള്ളവര്‍ക്കും അവരുടെ ദേശങ്ങള്‍ ഉടന്‍ തിരിച്ചു നല്‍കണമെന്ന് ഏകദന്തന്‍ താക്കീതു ചെയ്തു. പിന്നെ ശങ്കിക്കാതെ തന്നെ മദാസുരന്‍ ഗണേശന്റെ വാക്കുകളെ അനുസരിച്ചു.ഗണേശന്‍ മദാസുരനെ വെറുതെവിട്ട് അനുഗ്രഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.