പൊലീസ് മുഖ്യമന്ത്രിയ്ക്ക് ചുറ്റും, ജനത്തെ ആര് രക്ഷിക്കും?

Wednesday 30 May 2018 3:20 am IST

പ്രണയിച്ച് വിവാഹം കഴിച്ചെന്ന കുറ്റത്തിന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം നട്ടാശ്ശേരി പ്ലാത്തറ ജോസഫിന്റെ മകന്‍ കെവിന്‍ എന്ന ദളിത് യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തെ കാടത്തം എന്നേ വിശേഷിപ്പിക്കാനാവൂ. ചെയ്തവര്‍ ആരായാലും ഇതിനെ പൊലീസിന്റെ കാടത്തമെന്നുതന്നെ പറയണം. പൊലീസിന്റെ അനാസ്ഥയാണ് ഈ മരണത്തിന് കാരണം. കെവിനെ കാണാതായെന്ന അച്ഛന്റെയും ഭാര്യയുടേയും പരാതി സ്വീകരിക്കാന്‍പോലും കൂട്ടാക്കാതെ 15 മണിക്കൂറാണ് പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചത്. ആ സമയത്ത് കെവിന്‍ കൊടും മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതല ഉണ്ടെന്നാണ് പൊലീസ് ഈ അനാസ്ഥയ്ക്ക് ന്യായം പറഞ്ഞത്. ജനത്തിന്റെ സുരക്ഷ ഒരു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും ചുമതലയാണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. ജനത്തിനെ കൊലയ്ക്ക് കൊടുത്തിട്ട് പൊലീസുകാരെ തനിക്കുചുറ്റും വിന്യസിക്കുന്ന മുഖ്യമന്ത്രി ഈ നാട്ടില്‍മാത്രമേ കാണൂ. പിന്നെ അത് ന്യായീകരിക്കാന്‍ പച്ചക്കള്ളം പറയുകയും ചെയ്യുന്നു. പ്രതികള്‍ ഡിവൈഎഫ്‌ഐക്കാരാണെന്നുകൂടി വ്യക്തമാകുന്നതോടെ ചോരക്കറ ഭരണകക്ഷിയുടെ മേലാകെ പതിയുന്നു.    

കെവിനെ ബന്ധുവായ അനീഷിനൊപ്പം തിങ്കളാഴ്ച വെളുപ്പിനാണ് തട്ടിക്കൊണ്ടുപോയത്. അനീഷിനെ ഇടയ്ക്ക് ഇറക്കിവിട്ടു. കെവിന്റെ മൃതദേഹം പുനലൂര്‍ ചാലിയേക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമാണ് എന്നാണത്രേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൗമാരം കടന്ന ഒരു യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച് ജീവച്ഛവമാക്കിയശേഷം ആറ്റിലേക്ക് വലിച്ചെറിഞ്ഞ് അതില്‍കിടന്ന് മരിച്ചാല്‍ അത് കൊലപാതകമല്ല, മുങ്ങിമരണമാണെന്ന് കണ്ടെത്തുന്നതിനെ എന്തുപേരിട്ട് വിളിക്കണമെന്ന് അറിഞ്ഞുകൂടാ.

കെവിനെ തട്ടിക്കൊണ്ടുപോയെന്ന് അച്ഛനും, ഭാര്യ നീനുവും നല്‍കിയ പരാതിയില്‍ ഉടന്‍നടപടി ഉണ്ടായെങ്കില്‍ കെവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. പക്ഷേ, കരുതിക്കൂട്ടിത്തന്നെ പൊലീസ് അത് ചെയ്തില്ല. ജീവനെടുക്കുന്ന ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ നിത്യേനയെന്നോണം വരുന്നതാണ്. പിന്നെ എന്തുകൊണ്ടാണ് പോലീസിനു മാത്രം ഗുരുതരാവസ്ഥ മനസ്സിലാവാത്തത്? മനസ്സിലാവാഞ്ഞിട്ടല്ല, അവര്‍ മനഃപൂര്‍വം അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. പരാതി കേള്‍ക്കാന്‍ കൂട്ടാക്കാത്തവര്‍ ആ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘങ്ങളില്‍ പെട്ടവരുമായി ഫോണില്‍ സംസാരിക്കുകയായിരുന്നെന്ന് പറയുമ്പോള്‍,  കാക്കിയിട്ട കാട്ടാളന്മാരായി പിണറായിയുടെ പോലീസ് മാറിയിരിക്കുന്നു എന്നുറപ്പിക്കാം. ആരോപണ വിധേയനായ എസ്‌ഐ തനിക്ക് സുരക്ഷയൊരുക്കിയ സംഘത്തില്‍  ഇല്ലായിരുന്നുവെന്നാണ്  പിണറായി പിന്നാലെ കള്ളംപറഞ്ഞത്. 200 പോലീസുകാരെയാണ് കോട്ടയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചത്. അതിനര്‍ത്ഥം മുഖ്യമന്ത്രി അന്ന് കോട്ടയത്ത് ഇല്ലായിരുന്നുവെങ്കില്‍ കെവിന് ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു എന്നുതന്നെയല്ലേ? എന്തിനാണ് ഒരു മുഖ്യമന്ത്രിക്ക് ഇത്രയും പോലീസ്? സ്വന്തം സുരക്ഷയോ അതോ ജനങ്ങളുടെ രക്ഷയോ, ഏതിനാണ് ആഭ്യന്തരമന്ത്രി മുന്‍ഗണന നല്‍കേണ്ടത്?

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്ന രണ്ട് വര്‍ഷത്തിനിടെ എട്ട് കസ്റ്റഡിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പോലീസിന്റെ ഒത്താശയോടെ സംഭവിക്കുന്ന ഒന്‍പതാമത്തെ മരണമാണ് കെവിന്റേത്. ആരാണ് ഇതിന് ഉത്തരവാദി എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ; ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയെപ്പോലെയാണ് പിണറായി പോലീസിനെ നയിക്കുന്നത്. എതിരാളികളെ കൊന്നുതള്ളുന്നതാണ് സിപിഎമ്മിന്റെ നയം. ഈ നയമാണ് പോലീസും പിന്തുടരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയത് സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. പിണറായിയുടെ പാര്‍ട്ടിക്കാര്‍ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ് പോലീസ്. ഇങ്ങനെയൊരു മുഖ്യമന്ത്രിക്ക്, ആഭ്യന്തരമന്ത്രിക്ക്  പദവിയില്‍ തുടരാന്‍ എന്ത് അര്‍ഹതയാണുള്ളത്?  പിണറായി ആഭ്യന്തരമന്ത്രിയായിരിക്കുന്നിടത്തോളം സംസ്ഥാനത്ത് സിപിഎം-പോലീസ് രാജ് തുടര്‍ന്നുകൊണ്ടേയിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.