സ്കോറിങ് വിദഗ്ധൻ

Wednesday 30 May 2018 3:30 am IST

ജര്‍മനിയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരന്‍. ഒരു ലോകകപ്പില്‍ 10 ഗോളുകള്‍ നേടിയ താരം. ഒരു ലോകകപ്പില്‍ രണ്ട് ഹാട്രിക്ക് നേടിയ മൂന്നാമത്തെ താരം... അതാണ് ഗെര്‍ഡ് മുള്ളര്‍. 

1970 ലെ മെക്‌സിക്കോ ലോകകപ്പിലാണ് പശ്ചിമ ജര്‍മന്‍ താരമായ മുള്ളറുടെ വിസ്മയ പ്രകടനം . ഗ്രൂപ്പ് നാലിലെ ആദ്യ മത്സരത്തില്‍ മൊറാക്കോയ്‌ക്കെതിരെ ഒരു ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ബള്‍ഗേറിയക്കെതിരെ മുള്ളറുടെ  ആദ്യ ഹാട്രിക്ക്. 27, 88 മിനിറ്റുകളിലും 52-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു ഗോളുകള്‍. തൊട്ടടുത്ത മത്സരത്തില്‍ പെറുവിനെതിരെ രണ്ടാം ഹാട്രിക്കും . ക്വാര്‍ട്ടര്‍ ൈഫനലില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നും സെമിയില്‍ ഇറ്റലിക്കെതിരെ രണ്ടും ഗോളുകള്‍ നേടിയതോടെ തന്റെ ആദ്യ ലോകകപ്പില്‍ തന്നെ മുള്ളര്‍ നേടിയ ഗോളുകളുടെ എണ്ണം പത്തായി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായി മുള്ളര്‍. 1958ലെ ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്‍ടെയ്‌നാണ് ഈ നേട്ടത്തില്‍ ഒന്നാമത്. 

എന്നാല്‍ ഈ ലോകകപ്പില്‍ ജര്‍മനിയെ കിരീടത്തിലേക്ക് നയിക്കാന്‍ മുള്ളര്‍ക്കായില്ല. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഇറ്റലിയോട് 4-3ന് തോറ്റു. പിന്നീട് ഉറുഗ്വെയെ 1-0ന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനം േനടി. 1974-ല്‍ പശ്ചിമ ജര്‍മനിയില്‍ നടന്ന  ലോകകപ്പിലും മുള്ളര്‍ ജര്‍മന്‍ നിരയിലുണ്ടായിരുന്നു. ആ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടി. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പശ്ചിമ ജര്‍മനിയുടെ വിജയഗോളും മുള്ളറുടെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ട് ലോകകപ്പുകളിലെ 13 കളികളില്‍ നിന്നായി 14 ഗോളുകളാണ് മുള്ളര്‍ അടിച്ചുകൂട്ടിയത്. ഈ റെക്കോര്‍ഡ് ബ്രസീലിന്റെ റൊണാള്‍ഡോയാണ് 2006-ല്‍ ഭേദിച്ചത്. 4 ലോകകപ്പുകളില്‍ നിന്ന് 15 ഗോളുകള്‍. റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോഡ് ബ്രസീല്‍ ലോകകപ്പില്‍  മിറോസ്ലാവ് ക്ലോസെയും ഭേദിച്ചു. (16 ഗോളുകള്‍). 1974ലെ ലോകകപ്പ് കിരീടനേട്ടത്തോടെ തന്റെ 29-ാം വയസ്സില്‍ മുള്ളര്‍ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു.

1945 നവംബര്‍ മൂന്നിന് ജനിച്ച ഗെര്‍ഡ് മുള്ളര്‍ 1966-ല്‍ തന്റെ 21-ാം വയസ്സിലാണ് പശ്ചിമ ജര്‍മന്‍ ടീമിലെത്തിയത്.  എട്ട് വര്‍ഷത്തിനിടെ ജര്‍മനിക്കായി കളിച്ചത് 62 മത്സരങ്ങളില്‍ മാത്രം.  ഈ കാലയളവിനുള്ളില്‍ ദേശീയ ജേഴ്‌സിയില്‍ അടിച്ചു കൂട്ടിയത് 68 ഗോളുകള്‍. ദേശീയ ജേഴ്‌സിയില്‍ കളിച്ച കളികളേക്കാള്‍ കൂടുതല്‍ ഗോളുകള്‍ അടിച്ചു കൂട്ടിയവര്‍ അധികമൊന്നുമില്ല. 

1972ലെ യൂറോ ചാമ്പ്യന്‍ഷിപ്പിലും മുള്ളറുടെ കരുത്തില്‍ പശ്ചിമ ജര്‍മനി കിരീടം നേടി. ഈ ചാമ്പ്യന്‍ഷിപ്പില്‍ റഷ്യക്കെതിരായ ഫൈനലിലെ രണ്ട് ഗോളുകളടക്കം നാലെണ്ണം നേടി മുള്ളര്‍ ടോപ്‌സ്‌കോററായി. 

കളിക്കുന്നകാലത്ത് നിരവധി ബഹുമതികളും മുള്ളറെ തേടിയെത്തി. 1970 ലെ ബാലണ്‍ ഡി ഓര്‍, 1967, 69 വര്‍ഷങ്ങളിലെ ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, 1970ലെ ലോകകപ്പ് ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം, 1972ലെ യൂറോ കപ്പ് ടോപ്‌സ്‌കോറര്‍, 1970, 72 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ഗോള്‍ഡണ്‍ ഷൂ, 1967, 1969, 1970, 1972, 1973, 1974, 1978 വര്‍ഷങ്ങളിലെ ബുന്ദസ് ലീഗ് ടോപ്‌സ്‌കോറര്‍, 1973, 1974, 1975, 1977 യൂറോപ്യന്‍ കപ്പ് ടോപ്‌സ്‌കോറര്‍, വിരമിച്ചശേഷം 1998-ല്‍ ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അങ്ങനെ നിരവധി അവാര്‍ഡുകളാണ് മുള്ളര്‍ നേടിയത്. 

വിനോദ് ദാമോദരൻ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.