സൂക്ഷിക്കുക, റെഡ് ഡെവിൾസ് വരുന്നു

Wednesday 30 May 2018 3:30 am IST

ഓരോ ലോകകപ്പിലും കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളുണ്ടാകും. റഷ്യയിലെ ഇത്തവണത്തെ ടൂര്‍ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍, നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, അര്‍ജന്റീന, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ ടീമുകള്‍ക്കാണ് സാധ്യത. എന്തെന്നാല്‍ ഈ ടീമുകള്‍ എല്ലാത്തരത്തിലും മികച്ചതാണ്. നല്ല പ്രതിരോധം, ശക്തമായ ആക്രമണ നിര, മത്സരങ്ങള്‍ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിവുള്ള താരങ്ങള്‍ എന്നിവ ഇവര്‍ക്ക് സ്വന്തമാണ്.

ഈ വമ്പന്മാരുടെ നിരയിലേക്ക് ചുവന്ന ചെകുത്താന്മാരെന്ന് അറിയപ്പെടുന്ന ബെല്‍ജിയത്തെയും ഉള്‍പ്പെടുത്താവുന്നതാണ്. റഷ്യയില്‍ ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ബെല്‍ജിയം. യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി റെക്കോഡിട്ടാണ് , പ്രതിഭാശാലികള്‍ അണിനിരക്കുന്ന ബെല്‍ജിയം റഷ്യയിലേക്ക് വരുന്നത്.

ഇതിനകം തന്നെ ലോകത്തെ മികച്ച ഗോള്‍ കീപ്പറുമാരിലൊരാളായി മാറിയ തൈബൗട്ട് കോര്‍ട്ടിയോസാണ് ഗോള്‍ വലയം കാക്കുന്നത്. ചെല്‍സിക്കായി രണ്ട് തവണ പ്രീമിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 2016-17 സീസണില്‍ മികച്ച ഗോള്‍ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. 2014 ല്‍ ലാ ലിഗ കിരീടം നേടിയ അത്‌ലറ്റിക്കോ ടീമില്‍ അംഗമായിരുന്നു. സ്‌പെയിനിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുളള അവാര്‍ഡ് നേടിയിട്ടുണ്ട്.

പ്രതിരോധനിരയില്‍ വിന്‍സന്റ് കമ്പനി, ജാന്‍, തോമസ് മ്യൂനിയര്‍ എന്നിവരാണ് ശക്തികേന്ദ്രങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ക്യാപ്റ്റനായ കമ്പനി ലോകത്തെ മികച്ച സെന്‍ട്രല്‍ ഡിഫന്റര്‍മാരിലൊരാളാണ്. 2016 ല്‍ പാരീസ് സെന്റ് ജര്‍മയിന്‍സില്‍ ചേര്‍ന്ന തോമസ് മ്യൂനിയര്‍ ഫ്രഞ്ച് ക്ലബ്ബിനായി ഏഴുപത് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂണെയും  ചെല്‍സിയുടെ  ഈദന്‍ ഹസാര്‍ഡുമാണ് ബെല്‍ജിയത്തിന്റെ മധ്യനിര കാക്കുന്നത്. ഗോളടിക്കാനും അടിപ്പിക്കാനും മികവുള്ള കളിക്കാരാണിവര്‍. കെവിന്‍ ഡി ബ്രൂണെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഈ സീസണില്‍ 12 ഗോള്‍ നേടി. 21 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഹസാര്‍ഡ് ഈ സീസണില്‍ ചെല്‍സിക്കായി പത്ത് ഗോള്‍ നേടി. പതിമൂന്നെണ്ണത്തിന് വഴിയും ഒരുക്കി.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ റൊമേലു ലുകാക്കുവിനും നാപ്പോളിയുടെ ഡ്രീസ് മെര്‍ട്ടന്‍സിനുമാണ് ആക്രമണത്തിന്റെ ചുമതല. ഈ സീസണില്‍ ഈ രണ്ട് കളിക്കാരും കൂടി ഇരുപതോളം ഗോളുകള്‍ നേടിയിട്ടുണ്ട്. പ്രതിഭാശാലികള്‍ അണിനിരക്കുന്ന ഈ ടീം മറ്റ് ടീമുകള്‍ക്ക് വെല്ലുവിളിയാകുമെന്നുറപ്പാണ്.

റഷ്യയില്‍ ഗ്രൂപ്പ് ജിയിലാണ് ബെല്‍ജിയം മത്സരിക്കുക. ഇംഗ്ലണ്ട്, പനാമ, ടുണിഷ്യ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 18 ന് ആദ്യ മത്സരത്തില്‍ പനാമക്കെതിരെയാണ് ആദ്യ മത്സരം. 23 ന് ടുണീഷ്യയേയും അവസാന ലീഗ് മത്സരത്തില്‍ 28 ന് ഇംഗ്ലണ്ടുമായും കൊമ്പുകോര്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.