കെവിന് കണ്ണീർ വിട; പിണറായിയുടെ 'കൊലക്കള'ത്തിൽ നിന്ന്

Wednesday 30 May 2018 3:40 am IST

കോട്ടയം: പിണറായി വിജയന്‍ നയിക്കുന്ന ഇടതു ഭരണകൂട ഭീകരതയുടെ ഇരയായ കെവിന്‍ പി.ജോസഫിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ സഹോദരനും ക്വട്ടേഷന്‍ സംഘവും ചേര്‍ന്നു മര്‍ദിച്ചു കൊലപ്പെടുത്തിയ കെവിന്‍ ഇനി ഓര്‍മ മാത്രം. കെവിന്‍ എന്ന ദളിത് യുവാവിനെ പ്രണയിച്ചു എന്ന ഒറ്റക്കുറ്റം മാത്രം ചെയ്ത നീനു എന്ന പെണ്‍കുട്ടിയുടെ കണ്ണീര്‍ ബാക്കി, കെവിന്റെ കുടുംബത്തിന്റെ നഷ്ടം ബാക്കി, പിണറായിയുടെ പോലീസിന്റെ കൈകളില്‍ പുരണ്ട കെവിന്റെ രക്തം ബാക്കി...

ആയിരങ്ങളുടെ അശ്രുപൂജയില്‍ കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകിട്ട് കെവിന് അന്ത്യചുംബനം കൊടുത്ത് വിടനല്‍കി. മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കെവിനെ അവസാനമായി ഒരു നോക്കുകാണാന്‍ നട്ടാശ്ശേരിയിലെ വീട്ടിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സ്ഥലത്തെത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കെവിന്റെ പിലാത്തറ വീട്ടിലെത്തിച്ചത്.

രാവിലെ എട്ട് മണിക്ക് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എടുത്തു. ഇതിന് മുമ്പ് തന്നെ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്ക് മുന്നില്‍ തമ്പടിച്ചു. പോസ്റ്റുമോര്‍ട്ടവും തുടര്‍ നടപടികളും തങ്ങളുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. മോര്‍ച്ചറിക്ക് മുന്നിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷമുണ്ടാക്കി. തിരുവഞ്ചൂരിനുനേരെ കൈയേറ്റശ്രമവും ഉണ്ടായി. ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് ഇവര്‍ക്ക് മോര്‍ച്ചറിക്ക് ഉള്ളില്‍ കടന്ന് മൃതദേഹം കാണാനായത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം പുറത്തെടുത്തപ്പോഴും സംഘര്‍ഷം നടന്നു. സിഎസ്ഡിഎസ് പ്രവര്‍ത്തകരുമായി സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ വാക്കേറ്റം കല്ലേറിലും തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജിലുമാണ് കലാശിച്ചത്. കല്ലേറില്‍ എട്ട് സിഎസ്ഡിഎസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ജി. അനൂപ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.