കുമ്മനം ചുമതലയേറ്റു

Wednesday 30 May 2018 3:46 am IST

ലളിതമായ ചടങ്ങില്‍, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മിസോറാമിന്റെ പതിനെട്ടാമത് ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. വെള്ളമുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലായിരുന്നു കുമ്മനം. രാവിലെ 11.15ന് ആരംഭിച്ച ചടങ്ങ്  മിനിട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു. നാല് പതിറ്റാണ്ടിലേറെ നീളുന്ന പൊതുപ്രവര്‍ത്തനത്തിന്റെ അംഗീകാരമായാണ് കുമ്മനത്തെ ഗവര്‍ണര്‍ പദവി തേടിയെത്തിയത്. 

ചീഫ് ജസ്റ്റിസ് അജിത് സിങ്ങാണ് ആദ്യം വേദിയിലെത്തിയത്. പ്രോട്ടോക്കോള്‍ പ്രകാരം പിന്നീട് ചീഫ് സെക്രട്ടറി അരവിന്ദ് റായ്, ഗവര്‍ണറുടെ സെക്രട്ടറി ബയാക്തലുവാംഗ, നിയുക്ത ഗവര്‍ണര്‍ കുമ്മനം എന്നിവരും വേദിയിലെത്തി. ദേശീയ ഗാനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഗവര്‍ണറുടെ സെക്രട്ടറി, രാഷ്ട്രപതിയുടെ നിയമന ഉത്തരവ് ചീഫ് ജസ്റ്റിസിന് കൈമാറി ചടങ്ങ് ആരംഭിക്കുന്നതിന് അനുമതി ചോദിച്ചു. ചീഫ് ജസ്റ്റിസ് നല്‍കിയ അനുമതി ചീഫ് സെക്രട്ടറി വായിച്ചു. പിന്നീട് ചീഫ് ജസ്റ്റിസ് കുമ്മനത്തെ ക്ഷണിച്ചു. തുടര്‍ന്ന് കുമ്മനം സത്യവാചകം ചൊല്ലി ഒപ്പിട്ടു. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു. ഇതിന് പിന്നാലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. 

മന്ത്രിസഭാംഗങ്ങള്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം ചായ സത്കാരം. പരസ്പരമുള്ള പരിചയപ്പെടുത്തലുമുണ്ടായി. മാധ്യമങ്ങളോടും കുമ്മനം സംസാരിച്ചു. ഉത്തരവാദിത്വത്തോടെ ചുമതല ഏറ്റെടുക്കുന്നതായും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ലാല്‍ തന്‍വാല, ആഭ്യന്തര മന്ത്രി ആര്‍.ലാല്‍സിര്‍ലിയാന, മന്ത്രിമാര്‍, സ്പീക്കര്‍ ഹിഫെയ്, എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന പോലീസ് മേധാവി ബാലാജി ശ്രീവാസ്തവ, ഉന്നത ഉദ്യോഗസ്ഥര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.വി. ലൂന, പ്രഭാരി പവന്‍ ശര്‍മ്മ, ബിജെപി ദല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മിസോറാം ഗവര്‍ണറാകുന്ന രണ്ടാമത്തെ മലയാളിയാണ് കുമ്മനം. 2011 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതാവായ വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.

ഗുവാഹതിയില്‍നിന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വ്യോമസേനയുടെ പ്രത്യേക ഹെലിക്കോപ്ടറില്‍ കുമ്മനം ഐസ്വാളിലെത്തിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്, ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. മിസോറാം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലേക്ക് തിരിച്ചു. തലസ്ഥാനത്തുള്ള മലയാളികളും കുമ്മനത്തെ സന്ദര്‍ശിക്കാനും ആശംസ നേരാനും എത്തിയിരുന്നു.

ഐസ്വാളില്‍നിന്ന് കെ. സുജിത്ത്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.