മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കമായി

Wednesday 30 May 2018 10:26 am IST

ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ ആക്ട് ഈസ്റ്റ് നയത്തിന് ശക്തിപകര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം ആരംഭിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ മേഖലയിലെ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ മോദി മുന്നോട്ടുവെയ്ക്കും. ഇന്തോനേഷ്യയിലേക്കുള്ള മോദിയുടെ ആദ്യ യാത്രയാണ്. ജൂണ്‍ 2 വരെ നീളുന്ന യാത്രയില്‍ മൂന്നുരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള കരുത്തുറ്റ തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്ന് മോദി  അറിയിച്ചു. 

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുടെ ക്ഷണപ്രകാരം ജക്കാര്‍ത്തയിലെത്തിയ മോദി ഇന്ന് പ്രസിഡന്റ് വിദോദോയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഇന്തോനേഷ്യ സി.ഇ.ഒ. ഫോറവുമായുള്ള സംയുക്ത ആശയ വിനിമയവും ഇന്തോനേഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. മേയ് 31 ന് സിംഗപ്പൂരിലേയ്ക്കുള്ള യാത്രാ മദ്ധ്യേ പുതിയ മലേഷ്യന്‍ നേതൃത്വത്തെ അഭിനന്ദിക്കുന്നതിനായി  മലേഷ്യയില്‍ അല്‍പ്പം നേരം തങ്ങുന്നപ്രധാനമന്ത്രി മോദി മലേഷ്യന്‍  പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായുള്ള കൂടിക്കാഴ്ച നടത്തും.

സാമ്പത്തിക സാങ്കേതികവിദ്യ, നൈപുണ്യ വികസനം, നഗരാസൂത്രണം, കൃത്രിമ ബുദ്ധി എന്നീ രംഗങ്ങളില്‍ ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും മോദിയുടെ സന്ദര്‍ശനം ഊന്നല്‍ നല്‍കുക. സ്മാര്‍ട്ട് സിറ്റികള്‍, നഗര വികസനം, ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ നിരവധി സിംഗപ്പൂര്‍ കമ്പനികള്‍ ഇന്ത്യയുടെ മുഖ്യ പങ്കാളികളായിട്ടുണ്ട്. 

മേയ് 31ന് ഇന്ത്യാ - സിംഗപ്പൂര്‍ സംരംഭകത്വവും നവീനാശയങ്ങളും സംബന്ധിച്ച പ്രദര്‍ശനം സന്ദര്‍ശിക്കും. ബിസിനസ്സ്, സമൂഹ ചടങ്ങുകളിലും തുടര്‍ന്ന് വ്യാപാര, നിക്ഷേപ അവസരങ്ങള്‍ സംബന്ധിച്ച് തിരഞ്ഞെടുത്ത സിംഗപ്പൂരിലെ മുതിര്‍ന്ന സി.ഇ.ഒ. മാരുമായുള്ള വട്ടമേശ സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്യും. 

ജൂണ്‍ 1 ന് സിംഗപ്പൂര്‍ പ്രസിഡന്റ് ഹലീമ യാക്കോബുമായി മോദി കൂടിക്കാഴ്ച നടത്തും. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീയുമായും നാന്‍യാങ് സാങ്കേതിക സര്‍വ്വകലാശാലയിലെ സന്ദര്‍ശനവും, അവിടത്തെ യുവ വിദ്യാര്‍ത്ഥികളുമായുള്ള ആശയ വിനിമയവും മോദിയുടെ പരിപാടിയിലുണ്ട്.

1ന് അന്ന് വൈകിട്ട് ഷാന്‍ഗ്രിലാ ചര്‍ച്ചയില്‍ മോദി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ഇത് ആദ്യമായിട്ടായിരിക്കും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രഭാഷണം നടത്തുന്നത്. മേഖലയിലെ സുരക്ഷാ വിഷയങ്ങളെ കുറിച്ചും. സമാധാനവും സുസ്ഥിരതയും മേഖലയില്‍ പാലിക്കുന്നതിനെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള ഒരവസരമായിരിക്കും ഷാന്‍ഗ്രിലാ ചര്‍ച്ച.

ജൂണ്‍ 2 ന് ക്ലിഫോര്‍ഡ് പീയറില്‍ മോദി ഒരു ഫലകം അനാച്ഛാദനം ചെയ്യും. 1948 മാര്‍ച്ച് 27 ന് ഇവിടെയാണ് ഗാന്ധിജിയുടെ ചിതാഭസ്മം കടലില്‍ നിമഞ്ജനം ചെയ്തത്. ഇന്ത്യയുമായി സാംസ്‌കാരിക ബന്ധമുള്ള ചില ആരാധനാലയങ്ങളും മോദി സന്ദര്‍ശിക്കുന്നുണ്ട്. മോദിയുടെ ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഇനം സിംഗപ്പൂരിലെ ചാംഗി നാവികത്താവള സന്ദര്‍ശനമായിരിക്കും. അവിടെ ഇന്ത്യന്‍ നാവിക കപ്പലായ ഐ.എന്‍.എസ്. സത്പുര സന്ദര്‍ശിച്ച്, ഇന്ത്യന്‍ നാവിക സേനയിലേയും, റോയല്‍ സിംഗപ്പൂര്‍ നേവിയിലേയും ഓഫീസര്‍മാരുമായും നാവികരുമായും ആശയവിനിമയം നടത്തും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.