പൈലിങ്ങിനായി തീര്‍ത്ത മണ്‍തിട്ട ഒഴുകിപ്പോയി; ഇരിട്ടി പാലം പണി വീണ്ടും പ്രതിസന്ധിയില്‍

Wednesday 30 May 2018 10:28 pm IST

 

ഇരിട്ടി: ഇരിട്ടി പാലം പണി വീണ്ടും പ്രതിസന്ധിയില്‍. പൈലിങ്ങിനായി പുഴയില്‍ തീര്‍ത്ത മണ്‍തിട്ട ഇടിഞ്ഞു മണ്ണ് ഒഴുകിപ്പോയതിനെത്തുടര്‍ന്ന് പൈലിങ് നിര്‍ത്തിവെച്ചു. 

കാലവര്‍ഷം എത്തുകയും മഴ കനക്കുകയും ചെയ്തതോടെ പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഷട്ടര്‍ തുറന്നതോടെ ഉണ്ടായ ശക്തമായ നീരൊഴുക്കില്‍ പൈലിങ്ങിനായി പുഴയില്‍ തീര്‍ത്ത മണ്‍തിട്ട ഇടിയുകയും മണ്ണ് ഒഴുകിപ്പോവുകയും ചെയ്തു. വരും ദിവസങ്ങളില്‍ മഴകനക്കുകയും പുഴയില്‍ നീരൊഴുക്ക് കൂടുകയും ചെയ്യുന്നതോടെ മണ്ണ് മുഴുവന്‍ ഒഴുകിപ്പോകുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. 

കഴിഞ്ഞ കാലവര്‍ഷത്തില്‍ പുഴയിലുണ്ടായ ശക്തമായ നീരൊഴുക്കില്‍ പൈലിങ് അടക്കം ഒഴുകിപ്പോയതോടെ പണി നിര്‍ത്തിവെക്കുകയും, നാലോളം പാലം നിര്‍മ്മാണ വിദഗ്ദര്‍ സ്ഥലത്തെത്തുകയും പൈലിങ്ങില്‍ വരുത്തേണ്ട കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരം വീണ്ടും പൈലിങ് പ്രവര്‍ത്തികള്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും മണ്ണൊഴികിപ്പോയതിനെത്തുടര്‍ന്നു പൈലിങ് പ്രവര്‍ത്തി നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുന്നത്. 

 തലശ്ശേരി  വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഈ പാതയില്‍ വരുന്ന ഏഴു പാലങ്ങളില്‍ ഉള്‍പ്പെട്ട ഇരിട്ടി പാലവും കൂട്ടുപുഴ പാലവും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക വനം വകുപ്പുമായുള്ള തര്‍ക്കം കാരണം കൂട്ടുപുഴ പാലത്തിന്റെ പണിയും നിലച്ചിരിക്കയാണ്. റോഡിന്റേയും പാലങ്ങളുടെയും പണി തീരേണ്ട കാലാവധി വരുന്ന സെപ്തംബറാണ്. നാലുമാസം മാത്രം ബാക്കി നില്‍ക്കെ ഒരിക്കലും ഈ കാലാവധിക്കിടയില്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നതാണ് പരമാര്‍ത്ഥം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.