അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കോര്‍പ്പറേഷന്‍ ആസ്ഥാനം: രണ്ടര വര്‍ഷം പിന്നിട്ടിട്ടും പുതിയ കെട്ടിടമില്ല നിലവിലുളള കെട്ടിടം അപകടാവസ്ഥയില്‍ : ജീവനക്കാരും ജനങ്ങളും ആശങ്കയില്‍

Wednesday 30 May 2018 10:30 pm IST

 

കണ്ണൂര്‍: നൂറ്റാണ്ടിലേറെ പഴക്കമുള്ള കോര്‍പറേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. ജീവനക്കാരും ജനങ്ങളും ആശങ്കയില്‍. കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായപ്പോഴും പുതിയ ഓഫീസ് നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. നിന്നുതിരിയാന്‍ ഇടമില്ലാത്ത ഈ കെട്ടിടത്തിലാണ് കോര്‍പ്പറേഷന്റെ ആസ്ഥാനവും പ്രവര്‍ത്തിച്ചു വരുന്നത്. പഴകിദ്രവിച്ച് സീലിങ്ങ് അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന കെട്ടിടം കാലവര്‍ഷം ആരംഭിച്ചതോടെ ശക്തമായ മഴയില്‍ നിലംപൊത്തുമോയെന്ന ആശങ്കയിലാണ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന പൊതുജനങ്ങളും കൗണ്‍സിലര്‍മാരും.

പൂര്‍ണ്ണമായും ബലക്ഷയം സംഭവിച്ച കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന് നഗരസഭ കോര്‍പറേഷനായപ്പോള്‍ പഴയ ടൗണ്‍ഹാള്‍ സ്ഥിതി ചെയ്ത സ്ഥാനത്ത് ആസ്ഥാനമന്ദിരവും കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും തറക്കലിടല്‍ ചടങ്ങും മറ്റും നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഇതുവരെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. 

56 കോടി രൂപ പദ്ധതിക്ക് വേണ്ടി ചെലവ് കണക്കാക്കുന്നു. ഇതില്‍ 25 കോടി സര്‍ക്കാര്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ആ പണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് അറിവ്. 

ഇപ്പോഴുളള ഓഫീസ് കെട്ടിടം 1965 ഫെബ്രുവരിയിലാണ് തുറന്നുകൊടുത്തത്. പഴയ കെട്ടിടം 1910ലാണ് നിര്‍മ്മിച്ചത്. ഈ കെട്ടിടങ്ങള്‍ പൊളിക്കാതെ തന്നെ പുതിയ കെട്ടിടം ഉയര്‍ന്നുവരുന്നതിനനുസരിച്ചും ഓരോ വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നായിരുന്നു അന്ന് പറഞ്ഞത്. അതിനിടെ തെക്കിബസാറില്‍ നഗരസഭയുടെ കെട്ടിടമായ മദര്‍ ആന്റ് ചൈല്‍ഡ് ഹോസ്പിറ്റല്‍ തിരിച്ചുപിടിച്ച് കോര്‍പറേഷന്‍ കെട്ടിടം അങ്ങോട്ട് മാറ്റാന്‍ അണിയറ ശ്രമം നടന്നപ്പോള്‍ ആശുപത്രി മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു സ്‌റ്റേ വാങ്ങിയിരുന്നു. കോര്‍പ്പറേഷനായതിനെ തുടര്‍ന്ന് ഓഫീസില്‍ 150 ഓളം ജീവനക്കാരാണുള്ളത്. ഇവര്‍ക്ക് ഇരിക്കാനും മേശയിടാനും സ്ഥലമില്ല. മഴക്കാലം വന്നതോടെ ശ്വാസംപോലും കഴിക്കാനാകാതെ ഉദ്യോഗസ്ഥരും വിവിധ ആവശ്യങ്ങള്‍ക്ക് വരുന്ന ജനങ്ങളും വീര്‍പ്പുമുട്ടുകയാണ്. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പോലും ചേരാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഞെങ്ങിഞെരുങ്ങി ഇരുന്നാണ് കൗണ്‍സില്‍ യോഗം കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ ആസ്ഥാനത്തെന്നുവരും ഇരിപ്പിടങ്ങള്‍ പോലും ഇല്ലാത്തതുകാരണം ദുരിതം പേറുകയാണ്

മഴയും കാറ്റും വരുമ്പോള്‍ കെട്ടിടം തകരുമോയെന്ന് ഭയന്ന് ഉദ്യോഗസ്ഥര്‍ ഓഫീസ് വിട്ട് പുറത്തിറങ്ങേണ്ട ഗതികേടിലാണ്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കെട്ടിടം പൊളിക്കാത്തതിന് പിന്നിലെന്ന് പറയപ്പെടുന്നു. രണ്ട് വര്‍ഷം പിന്നിട്ട സിപിഎം ഭരണം നടത്തുന്ന കണ്ണൂര്‍ കോര്‍പറേഷന്റെ സ്ഥിതി സംസ്ഥാനത്തെ ഭരണ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനുതന്നെ മാനക്കേടായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതി ഉള്‍പ്പെടെ നടപ്പാക്കിക്കൊണ്ട് നഗരത്തിന്റെ മുഖച്ഛായ മാറ്റാനുളള നീക്കങ്ങള്‍ നടക്കുമ്പോഴും പുതിയ ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.