അഴീക്കലില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി ബോട്ട് മുങ്ങിയ സംഭവം: കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

Wednesday 30 May 2018 10:30 pm IST

 

കണ്ണൂര്‍: അഴീക്കലില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടുകള്‍ മുങ്ങി രണ്ടു പേരെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ അരുള്‍ രാജ്(21), പുഷ്പരാജ് (45)എന്നിവരെയാണ് കാണാതായത്. ബോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിയായ തദേയുസ് (43), കന്യാകുമാരി സ്വദേശി സെബാസ്റ്റ്യന്‍ (41), ആന്റണി(30), ശ്രീജന്‍(27) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കഴിഞ്ഞ മാസമാണ് രണ്ട് ബോട്ടുകളിലായി 15 തമിഴ്‌നാട് സ്വദേശികള്‍ അഴീക്കലില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പോയത്. തിരിച്ച് അഴീക്കലിലേക്ക് വരുന്നതിനിടെ കര്‍ണാടകയിലെ മലപേ ഹാര്‍ബറില്‍ നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് അപകടത്തില്‍പ്പെടുകയായിരുന്നു. മുങ്ങിപ്പോയ ബോട്ടിലെ നാലുപേര്‍ ഉള്‍പ്പെടെ 9 പേരെയും രക്ഷിച്ചു. നാലുപേര്‍ ഇപ്പോഴും ബോട്ടിനകത്തുണ്ട്. ഇവര്‍ സുരക്ഷിതരാണെന്ന് കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്‌സമെന്റ് അറിയിച്ചു. സ്ഥിരമായി അഴീക്കലില്‍ കച്ചവടം നടത്തുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള എയ്ഞ്ചല്‍ ഒന്ന്, എയ്ഞ്ചല്‍ രണ്ട് എന്നീ ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ എയ്ഞ്ചല്‍ ഒന്ന് പൂര്‍ണമായും മുങ്ങിത്താഴ്ന്നു. ഇതിലുണ്ടായിരുന്ന രണ്ടുപേരെയാണ് കാണാതായത്. ബാക്കിയുള്ളവരെ ഇന്നലെ രാവിലെ 8 മണിയോടെ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷിച്ച് മലാപേ ഹാര്‍ബറില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കര്‍ണാടകയില്‍ ജൂണ്‍ 1ന് ട്രോളിങ് പ്രഖ്യാപിക്കുന്നതിനാല്‍ മുന്നറിയിപ്പുപോലും അവഗണിച്ച് കടലില്‍ പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. അപകടം നടന്നയുടന്‍ അഴീക്കലിലെ മത്സ്യ ഏജന്റിനെ ബോട്ടിലുള്ളവര്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അപകട വിവരം മംഗളൂരൂ, ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡുകളെ അറിയിക്കുകയായിരുന്നു. കേരളത്തിന്റെ ഐസിജിഎസ് അമയ എന്ന ബോട്ട് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.