സ്‌കൂള്‍ കുട്ടികളെ അമിതമായി കയറ്റുന്ന വാഹനങ്ങള്‍ പിടികൂടും

Wednesday 30 May 2018 10:31 pm IST

 

തലശ്ശേരി: പിറകില്‍ പ്രത്യേക ഇരിപ്പിട സൗകര്യമൊരുക്കി പത്തും പന്ത്രണ്ടും കുട്ടികളെ കുത്തിനിറച്ച് സ്‌കൂളുകളിലേക്ക് സാഹസ ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കും മതിയായ സുരക്ഷയില്ലാതെ സര്‍വ്വീസ് നടത്തുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ക്കും ഇത്തവണത്തെ വിദ്യഭ്യാസ വര്‍ഷാരംഭത്തില്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിവീഴും. കഴിഞ്ഞ വര്‍ഷം തന്നെ ഇക്കാര്യത്തില്‍ െ്രെഡവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഇനി നേരിട്ട് നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. ഓട്ടോറിക്ഷകളില്‍ മുതിര്‍ന്നവര്‍ മൂന്ന് എന്നത് കര്‍ശനമാക്കും. കുട്ടികളാണെങ്കില്‍ ആറ് വരെ അനുവദിക്കും. അതിനപ്പുറം ഒഴിവ് കഴിവുകളില്ല. അപകടങ്ങള്‍ വരുന്നതിന് മുന്‍പെ പ്രതിരോധം എന്നതാണ് ഉദ്ദേശിക്കുന്നത്.

സ്വകാര്യ വാഹനങ്ങളില്‍ വാഹന ഉടമയുടെ കുട്ടികളെ മാത്രമേ സ്‌കൂളില്‍ കൊണ്ട് വിടാന്‍ പാടുള്ളൂവെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. രക്ഷിതാക്കളില്‍ നിന്ന് അമിത ചാര്‍ജ്ജീടാക്കി സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കൊണ്ടുപോകുന്നത് ഒരു കാരണവശാലും ഇത്തവണ അനുവദിക്കുന്നതല്ല. ഇത്തരം വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ െ്രെഡവറുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ജോയന്റ് ആര്‍ടിഒ അറിയിച്ചു. 

മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന സേഫ്റ്റി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവരുന്നില്ലെന്ന് പ്രധാന അധ്യാപകര്‍ ഉറപ്പു വരുത്തണം. കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സേഫ്റ്റി സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെന്നു മാതാപിതാക്കളും ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികളെ കൊണ്ടുപോകുന്ന സേഫ്റ്റി സ്റ്റിക്കര്‍ ഇല്ലാത്ത വാഹനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.എം.ഷാജിയെ 7025950100 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പറും സ്‌കൂളിന്റെ പേരും വാട്ട്‌സ് അപ്പ് ചെയ്യണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ജൂണ്‍ 1 മുതല്‍ സ്‌കൂള്‍ ബസുകളില്‍ സേഫ്റ്റി സ്റ്റിക്കര്‍ നിര്‍ബന്ധമാണ്. കുട്ടികളെ കൊണ്ട് പോകുന്ന മറ്റു വാഹനങ്ങളില്‍ ജൂലൈ 1 മുതല്‍ നിര്‍ബന്ധമാണ്. ജൂണ്‍ 1 മുതല്‍ 15 വരെ ജില്ലയിലെ നാല് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ സ്‌കൂളിന്റെ മുന്‍വശത്ത് നിന്ന് സ്‌കൂള്‍ വാഹനങ്ങള്‍ മാത്രം പരിശോധിക്കാന്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.