കെവിന്റെ കണ്ണുകള്‍ പറയുന്നത്

Thursday 31 May 2018 2:05 am IST
ഹാദിയയായി മാറിയ അഖിലയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാനെ ആരും ഒന്നും ചെയ്തില്ല. മകളെ വിട്ടുകിട്ടാന്‍ കോടതികള്‍ കയറിയിറങ്ങുകയാണ് മാതാപിതാക്കള്‍ ചെയ്തത്. എന്നാല്‍, കോട്ടയത്തെ കെവിന്‍ ജോസഫ് മൃഗീയമായി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തം. ഹാദിയക്കുവേണ്ടി ഉയര്‍ന്നപോലുള്ള മുറവിളികളൊന്നും കെവിനും ഭാര്യ നീനുവിനും വേണ്ടി ഉയരുന്നില്ല. അഖിലയുടെ അച്ഛനായ അശോകന്റെ മനോനില പരിശോധിക്കണമെന്ന് പറഞ്ഞ കവി സച്ചിദാനന്ദന്‍ ഈ സംഭവം അറിഞ്ഞ ലക്ഷണം പോലുമില്ല.

അവരെല്ലാം അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയിലാണ്. കവികള്‍, കലാകാരന്മാര്‍, നിയമജ്ഞര്‍, മതേതരത്വം മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക നായകന്മാര്‍. അഖില എന്ന പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിച്ച് ഷെഫിന്‍ ജഹാന്‍ എന്ന മുസ്ലിം യുവാവിനെ വിവാഹം കഴിച്ചത് പ്രായപൂര്‍ത്തിയായ ഇരുവര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന് ഘോരഘോരം വാദിച്ചവരാണ് ഇപ്പോള്‍ നിശ്ശബ്ദരായിരിക്കുന്നത്. 

സ്വതന്ത്രമായ മനസ്സോടെയല്ല ഹാദിയ തീരുമാനമെടുത്തതെന്ന് കണ്ടെത്തി വിവാഹം റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ കേസ് നടത്താന്‍ പത്ത് കോടി രൂപ ഒരു സംഘടന പിരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ട് സ്വകാര്യവ്യക്തികളുടെ വിവാഹക്കാര്യത്തില്‍ ഈ സംഘടനയ്ക്ക് ഇത്രയേറെ വാശി എന്താണെന്ന് ആരും ചോദിച്ചില്ല. ഇത്ര ഭീമമായ തുക സമാഹരിച്ചതിന്റെ അസ്വാഭാവികത മതേതരക്കാര്‍ ആരും ചൂണ്ടിക്കാട്ടിയുമില്ല. 

ഇപ്പോള്‍ കെവിന്‍ ജോസഫ് എന്ന യുവാവും നീനു എന്ന യുവതിയും പ്രണയബദ്ധരായി വിവാഹം  കഴിച്ചതിന്റെ പേരില്‍ യുവാവ് കൊലചെയ്യപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായവരാണ് ഇരുവരും. വിവാഹക്കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ പക്വതയാര്‍ജിച്ചവരുമാണ്. കോടതിയില്‍ ഹാജരാക്കപ്പെട്ട യുവതി തനിക്ക് യുവാവിനൊപ്പം ജീവിച്ചാല്‍ മതിയെന്ന്  പറയുകയും ചെയ്തിരുന്നു. കോടതി അത് അനുവദിക്കുകയും ചെയ്തു. ഇരുവരും രജിസ്റ്റര്‍ വിവാഹമാണ് നടത്തിയത്. 

ഹാദിയയായി മാറിയ അഖിലയെ വിവാഹം ചെയ്ത ഷെഫിന്‍ ജഹാനെ ആരും ഒന്നും ചെയ്തില്ല. മകളെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതികള്‍ കയറിയിറങ്ങുകയാണ് മാതാപിതാക്കള്‍ ചെയ്തത്. നിയമവാഴ്ചയിലുള്ള ഈ വിശ്വാസവും നീതിബോധവുമൊന്നും പ്രകടിപ്പിക്കാതെയാണ് കെവിന്‍ ജോസഫിനെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയതും മരണം സംഭവിക്കുന്നതും. കെവിന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തം. ഹാദിയയ്ക്കുവേണ്ടി ഉയര്‍ന്നപോലുള്ള മുറവിളികളൊന്നും കെവിനുവേണ്ടിയും നീനുവിനുവേണ്ടിയും ഉയരുന്നില്ല. അഖിലയുടെ അച്ഛനായ അശോകന്റെ മനോനില പരിശോധിക്കണമെന്ന് പറഞ്ഞ കവി സച്ചിദാനന്ദന്‍ കെവിന്റെ മരണം അറിഞ്ഞ ലക്ഷണംപോലുമില്ല.

കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന കാര്യവും പകല്‍പോലെ വ്യക്തം. ദുരഭിമാനക്കൊലതന്നെയാണെന്ന്, ഇതിനു മുന്‍പ് നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടി കേരളത്തിന്റെ  സാംസ്‌കാരികമന്ത്രിതന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൡ ദുരഭിമാനക്കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ഉയരാറുള്ളതുപോലുള്ള പ്രതികരണങ്ങളൊന്നും കെവിന്റെ മരണത്തില്‍ കേരളത്തില്‍ ഉയര്‍ന്നില്ല.

ഇതിന് കാരണമുണ്ട്. കെവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ഭാര്യ നീനുവിന്റെ കുടുംബമാണ്. വരേണ്യരെന്ന് അവകാശപ്പെടുന്ന സിറിയന്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെടുന്നവരാണ് ഇവര്‍. ഇരയായ കെവിന്‍ ദളിത് ക്രൈസ്തവനും. ഉത്തരേന്ത്യയിലെ ദുരഭിമാനക്കൊലകള്‍ ഹിന്ദുക്കള്‍ക്കിടയിലെ ജാതിവിഭാഗങ്ങള്‍ തമ്മിലായതുകൊണ്ട് ഇടപെടാന്‍ എളുപ്പമാണ്. ഇരുവിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് അനൈക്യം വളര്‍ത്താനുള്ള അവസരം പാഴാക്കരുതല്ലോ. സംഭവം നടക്കുന്നയിടങ്ങളില്‍ ഉണ്ടാകുന്നതിനെക്കാള്‍ പ്രതിഷേധമാണ് പല മലയാള മാധ്യമങ്ങളിലും കാണാറുള്ളത്.

ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ടവര്‍ മതംമാറിയതാണ് കെവിന്റെ കുടുംബമെന്ന് അറിയുന്നു. ജാതീയമായ വിവേചനങ്ങള്‍ക്ക് അറുതിയുണ്ടാവുമെന്ന് പറഞ്ഞാണ് അധഃസ്ഥിത വിഭാഗങ്ങളെ മതംമാറ്റി ക്രൈസ്തവരാക്കുന്നത്. പുതിയ മതത്തിലും തലമുറകള്‍ പിന്നിട്ടിട്ടും ജാതിവിവേചനങ്ങള്‍ തുടരുന്നുവെന്നാണ് കെവിന്റെ മരണം സാക്ഷ്യപ്പെടുത്തുന്നത്. ദളിത് ക്രൈസ്തവര്‍ ഇപ്പോഴും പുലയ ക്രിസ്ത്യാനിയും  പറയ ക്രിസ്ത്യാനിയുമായി തുടരുന്നു. മതംമാറിയതാണെങ്കിലും ദളിത് ക്രൈസ്തവര്‍ക്ക് സാമുദായിക സംവരണം നല്‍കണമെന്നാണ് ക്രൈസ്തവസഭകള്‍ ആവശ്യപ്പെടുന്നത്. ഈ ആവേശം പക്ഷേ അവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ കാണാറില്ല.

കെവിന്റെ മരണത്തോട് കനത്ത നിശ്ശബ്ദത പാലിക്കുന്നവരില്‍ ക്രൈസ്തവസഭാ നേതൃത്വങ്ങളും ഉള്‍പ്പെടും. ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് അപകടകരമായിരിക്കുമെന്നും, സഭകളുടെ സ്ഥാപിതതാല്‍പര്യങ്ങക്ക് അത് എതിരാകുമെന്നും അറിഞ്ഞുകൊണ്ടാണ് തന്ത്രപരമായ ഈ മൗനം. ക്രൈസ്തവ പെണ്‍കുട്ടികളെ ഈഴവ സമുദായത്തില്‍പ്പെട്ട ഓട്ടോറിക്ഷക്കാര്‍ റാഞ്ചിക്കൊണ്ടുപോവുകയാണെന്ന് പണ്ടൊരിക്കല്‍ അമര്‍ഷംകൊണ്ട ബിഷപ്പിനെയും കാണുന്നില്ല. താനുള്‍പ്പെടുന്ന ക്രൈസ്തവസഭയില്‍ വിവേചനങ്ങളുണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന സഭാവക്താവുതന്നെയായ തേലക്കാട്ടച്ചനും ഒന്നും മിണ്ടുന്നില്ല. അപ്രിയസത്യങ്ങള്‍ പറഞ്ഞ് എന്തിന് പിതാക്കന്മാരുടെ അപ്രീതി പിടിച്ചുപറ്റണമെന്ന് വിചാരിച്ചുകാണും.

ഇത് കേരളമാണ്, ഇവിടെ ജാതിയും മതവുമില്ല, മതേതരത്വവും മതമൈത്രിയും മനുഷ്യത്വവുമൊക്കെയാണ് പുലരുന്നതെന്ന് മേനിനടിക്കുന്നവരുടെ കാപട്യവും ഇരട്ടത്താപ്പും വഞ്ചനയുമാണ് കെവിന്റെ കൊലപാതകത്തില്‍ പലരും പുലര്‍ത്തുന്ന നിശ്ശബ്ദതയിലൂടെ വെളിവാകുന്നത്. അട്ടപ്പാടിയില്‍ വിശപ്പടക്കാന്‍ ഒരുപിടി അരിയെടുത്ത ആദിവാസിയുവാവിനെ തല്ലിക്കൊന്നപ്പോഴും ഈ നിശ്ശബ്ദത കേരളത്തെ അടക്കിഭരിക്കുകയുണ്ടായി. ഇടതുപക്ഷ കേരളത്തിന്റെ  മുഖമുദ്രയാണിത്. 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ' എന്ന് തൊണ്ടകീറി വിലപിച്ച കവിയും കാടിന്റെ മക്കള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ചുകൊടുക്കാതിരിക്കാന്‍ കൊണ്ടുവന്ന നിയമനിര്‍മാണത്തെ പിന്തുണയ്ക്കുകയുണ്ടായല്ലോ.  പള്ളിമതം കൊടുത്ത കൊന്തയും വെന്തിങ്ങയുമൊക്കെ മാറ്റിയാല്‍ വെറും ദളിതനാണ് തെന്മലയില്‍ കൊല്ലപ്പെട്ട കെവിന്‍. അവന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടു എന്നറിയുമ്പോള്‍, ആയിരം സൂര്യനുദിച്ചാലും അകലാത്ത ഇരുട്ട് കേരളത്തില്‍ തളംകെട്ടിക്കിടക്കുന്നതായി നാമറിയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.