നമ്മളോര്‍ക്കുക, കെവിന്‍ ഒരു ദളിതനായിരുന്നു

Thursday 31 May 2018 2:06 am IST
ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന ന്യൂനപക്ഷാവകാശത്തിന്റെ എഴുപത്തിമൂന്നു ശതമാനം ദളിത് ആദിവാസി ക്രൈസ്തവരുടെ പേരിലുള്ളതാണ്. 1935ലെ ഇന്ത്യ ആക്ടില്‍ ദളിത് ക്രൈസ്തവര്‍ക്ക് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് എന്ന പേരില്‍ സംവരണം ഉണ്ടായിരുന്നു. എന്നാല്‍, സ്വതന്ത്ര ഇന്ത്യക്ക് 1950ല്‍ പുതിയ ഭരണ ഘടന ഉണ്ടായപ്പോള്‍ ആ സംവരണം എടുത്തു കളഞ്ഞു. പകരം ക്രിസ്ത്യാനിക്ക് മതന്യൂനപക്ഷ പദവി കിട്ടി. നൂനപക്ഷാവകാശ പ്രകാരം സഭയ്ക്ക് കിട്ടിയ സ്‌കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും സഭ ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം കൊടുക്കുന്നില്ല.

ത്തരേന്ത്യയില്‍ നടക്കുന്ന ദുരഭിമാനക്കൊലയില്‍ ഞെട്ടിത്തരിക്കുന്ന മലയാളികള്‍ക്ക് നമ്മുടെ നാട്ടില്‍ നടന്ന ദുരഭിമാനക്കൊലയെക്കുറിച്ച് ഒന്നും പറയാനില്ലേ? കോട്ടയത്തിനടുത്ത് ഇത്തരത്തില്‍ കൊല്ലപ്പെട്ട കെവിന്‍ ജോസഫ് എന്ന യുവാവ് ഒരു ദളിത് ക്രൈസ്തവനായിരുന്നു. കേരള സമൂഹം ഇതു വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാത്തതിനാലാണ് ഈ ചോദ്യം. കെവിന്‍ ദളിത് ക്രൈസ്തവനും ഭാര്യ നീനു സവര്‍ണ സുറിയാനി ക്രിസ്ത്യാനി കുടുംബത്തിലെ അംഗവുമാണ്. നീനുവിന്റെ അമ്മ മുസ്ലീം കുടുംബാംഗമാണെന്നതും ഓര്‍ക്കണം. ദളിത്കുടുംബത്തിന്റെ സാമൂഹ്യ, സാമ്പത്തിക, പിന്നാക്കാവസ്ഥ ഇല്ലായിരുന്നെങ്കില്‍ നീനുവിനെ വീട്ടുകാര്‍ തന്നെ കെവിന് വിവാഹം കഴിച്ചുകൊടുക്കുമായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, കെവിന്‍ ജാതിയില്‍ താഴ്ന്നവനും സമ്പത്തില്ലാത്തവനുമായിപ്പോയി. ഈ സംഭവം നമ്മുടെ ചിന്തയെ കൊണ്ടുചെന്ന് എത്തിക്കുന്നത് ക്രൈസ്തവ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജീര്‍ണിച്ച ജാതി വിവേചനത്തിലേക്കാണ്. 

ക്രൈസ്തവ സമൂഹത്തിനിടയിലും ചാതുര്‍വര്‍ണ്യവും ജാതീതയതയും നിലനില്‍ക്കുന്നുവെന്നാണ് കെവിന്‍ ജോസഫിന്റെ ദുരന്തം വ്യക്തമാക്കുന്നത്. ക്രിസ്തുമതം വിപുലീകരിക്കാനായി ഒരുവശത്ത്  ദളിതരെ മതം മാറ്റുമ്പോള്‍, മറുവശത്ത് അതേ ആളുകള്‍ തന്നെ അവര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നു. ആധുനിക യുഗത്തില്‍ ജാതിക്കും മതത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ തന്നെ ജാതീയതയുടെ ആ പഴയകാലം വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് വേണം മനസ്സിലാക്കാന്‍.

പുലപ്പള്ളികളും പറയപ്പള്ളികളും പണിത് ദളിത് ക്രൈസ്തവവരെ അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തിയ ഒരു ചരിത്രം സുറിയാനി ക്രിസ്ത്യാനികള്‍ക്കുണ്ട്. പോര്‍ച്ചുഗീസ്, ഇംഗ്ലീഷ് മിഷണറിമാര്‍ കേരളത്തില്‍ വന്ന് പിന്നാക്ക, ദളിത് വിഭാഗത്തില്‍പ്പെട്ടവരെ മത പരിവര്‍ത്തനം നടത്താന്‍ തുടങ്ങിയ ശേഷം മാത്രമാണ് സുറിയാനി ക്രിസ്ത്യാനികള്‍ ദളിതരെ മതപരിവര്‍ത്തനം നടത്താന്‍ തുടങ്ങിയത്. എന്നാല്‍, ദളിതരോട് സഭ കടുത്ത അനീതിയാണ് കാട്ടിയത്. ഇംഗ്ലീഷ് മിഷണറിമാര്‍ ദളിതര്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുത്ത് ഉയര്‍ത്തി കൊണ്ട് വന്നു. കത്തോലിക്കരോ? പുലപ്പള്ളികളും പറയപ്പള്ളികളും പണിതു സവര്‍ണ്ണ ഹിന്ദുക്കളുടെ ജാതീയമായ ഉച്ചനീചത്വങ്ങള്‍ തുടര്‍ന്ന് വന്നു. എല്ലാത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്തി. ഹിന്ദുമതത്തില്‍ അനുഭവപ്പെട്ടതിനേക്കാള്‍ വലിയ ജാതീയമായ അധിക്ഷേപമാണ് അവര്‍ക്ക് ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഏല്‍ക്കേണ്ടി വന്നത്. മിഷണറിമാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ക്രൈസ്തവ മതം സ്വീകരിച്ച പലരും അടുത്തകാലത്ത് ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നത് ഇതിന് ഉദാഹരണമാണ്. 

സമത്വത്തിന്റെ കാഹളം മുഴക്കി കടന്നു വന്ന ക്രിസ്തുവിന്റെ സഭയില്‍ നിന്ന് ജാതീയമായ വേര്‍തിരിവുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അപ്പോസ്തലനായ പൗലോസ് പറയുന്നത് കേള്‍ക്കുക: ക്രിസ്തുവിനോട് ഐക്യപ്പെടാന്‍ വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യാഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ, പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്. (ഗലാത്തി 327 -28). പക്ഷേ, സഭയില്‍ എല്ലാവരും ഒന്നല്ല. നിറം നോക്കി, സമ്പത്ത് നോക്കി അവരെ അകറ്റിയും അടുത്തും നിര്‍ത്താന്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ എന്നുമുണ്ടായിരുന്നു.

 ക്രിസ്ത്യാനികള്‍ ആയതുകൊണ്ട് ദളിത് ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന കൊടിയ അനീതി വേറെയുമുണ്ട്. ഇന്ത്യയിലെ ആകെ ക്രിസ്ത്യാനികളില്‍ 12 ശതമാനം മാത്രമാണ് സിറിയന്‍, റോമന്‍ ക്രൈസ്തവര്‍. പതിനൊന്നു ശതമാനം പിന്നാക്ക ക്രിസ്ത്യാനികള്‍. പതിമൂന്നു ശതമാനം ട്രൈബല്‍ ക്രിസ്ത്യാനികള്‍. അറുപതു ശതമാനം ദളിത് ക്രൈസ്തവരും. ഇന്ന് ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന ഭരണഘടനാപരമായ ന്യൂനപക്ഷാവകാശത്തിന്റെ എഴുപത്തിമൂന്നു ശതമാനം ദളിത് ആദിവാസി ക്രൈസ്തവരുടെ പേരിലുള്ളതാണ്. 1935ലെ ഇന്ത്യ ആക്ടില്‍ ദളിത് ക്രൈസ്തവര്‍ക്ക് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് എന്ന പേരില്‍ സംവരണം ഉണ്ടായിരുന്നു. എന്നാല്‍, സ്വതന്ത്ര ഇന്ത്യക്ക് 1950ല്‍ പുതിയ ഭരണഘടന ഉണ്ടായപ്പോള്‍ ആ സംവരണം എടുത്തു കളഞ്ഞു. പകരം ക്രിസ്ത്യാനിക്ക്  മതന്യൂനപക്ഷ പദവി കിട്ടി. ന്യൂനപക്ഷാവകാശ പ്രകാരം സഭയ്ക്ക് കിട്ടിയ സ്‌കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും സഭ ദളിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം കൊടുക്കുന്നില്ല. അതുകൊണ്ട് അവരുടെ പിന്നാക്കാവസ്ഥ തുടരുന്നു. ഭരണഘടനാ നിര്‍മാണ സഭയില്‍ വന്ന സവര്‍ണ്ണ ക്രൈസ്തവരായ രാജകുമാരി അമൃത് കൗര്‍, ഡോ. എച്ച്.സി. മുഖര്‍ജി, ജെറോം ഡിസൂസ തുടങ്ങിയവര്‍ ചെയ്ത ചതി. ദളിത് സംവരണത്തിന് പകരം വാങ്ങിയ ന്യൂനപക്ഷ അവകാശം പുരോഹിതന്റെ കൈപ്പിടിയില്‍ പണം കൊയ്യാന്‍ ആയുധമായി.  ഇന്ത്യയിലെ നാലില്‍ മൂന്ന് ക്രിസ്ത്യാനികളും ദളിതരാണെന്ന് ഓര്‍ക്കുക. 

ഹിന്ദുമതത്തില്‍ ദളിതരായിത്തന്നെ നിലനിന്നിരുന്നെങ്കില്‍ ദളിത് ക്രൈസ്തവരുടെ ജീവിതനിലവാരവും സാഹചര്യവും ഉയര്‍ന്നേനെ. ഹിന്ദുക്കളിലെ ദളിതര്‍ക്ക് കിട്ടുന്ന സംവരണമോ ആനുകൂല്യമോ ദളിത് ക്രൈസ്തവര്‍ക്ക് കിട്ടുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ജീവിത നിലവാരം ഇന്നും താഴ്ന്ന് തന്നെയാണ്. 

(കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.