ഈ കൊലപാതകങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല

Thursday 31 May 2018 2:07 am IST

വാടിക്കല്‍ രാമകൃഷ്ണനില്‍ തുടങ്ങിയ രാഷ്ട്രീയകൊലപാതകങ്ങള്‍ ഒരുപാട് കണ്ടു മനസ്സ് മരവിച്ചവരാണ് കേരളത്തിലെ ജനങ്ങള്‍.   ഇടക്കാലത്ത് അത്തരം കൊലപാതകങ്ങളുടെ തീവ്രത ഒന്ന് കുറഞ്ഞതാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍  കൊലപാതകങ്ങള്‍ക്ക് കേരളം വീണ്ടും സാക്ഷ്യം വഹിക്കേണ്ടി വരുന്നു. സ്ത്രീകളെപ്പോലും വെറുതെ വിടുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെയും, ഗവര്‍ണ്ണറുടെയും, മാധ്യമങ്ങളുടെയും ഒക്കെ ശക്തമായ ഇടപെടലുകള്‍ രാഷ്ട്രീയകൊലപാതകങ്ങളുടെ തീവ്രത കുറച്ചപ്പോള്‍ അക്രമങ്ങള്‍ സമൂഹത്തിലെ അധഃകൃത വര്‍ഗ്ഗത്തിനു നേരെയായി. അതിന്റെ ഭാഗമാണു കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന ദുരഭിമാനക്കൊല. കെവിന്‍ എന്ന ദളിത് യുവാവിനെ കൊന്നത് മനുഷ്യത്വം മരവിപ്പിക്കുന്ന തരത്തിലാണ്. രാജ്യാന്തര ശ്രദ്ധ ആകര്‍ഷിച്ച ഇത്തരം  സംഭവങ്ങളെല്ലാം ഒറ്റപെട്ടതെന്നു വിലയിരുത്തി നിസ്സാരവത്കരിക്കുകയാണ് പിണറായി സര്‍ക്കാര്‍. അതിനുള്ള പ്രധാന കാരണം ആ അക്രമണങ്ങളുടെയും, അരുംകൊലകളുടെയുമെല്ലാം പ്രതിസ്ഥാനത്തു കമ്യൂണിസ്റ്റ് വക്താക്കള്‍ ആണെന്നുള്ളതാണ്. വിദ്വേഷത്തിന്റെ വിത്തുപാകി അണികളെ സമൂഹത്തില്‍ കയറൂരിവിട്ടിരിക്കുകയാണ് ഈ സര്‍ക്കാര്‍. 

ദളിത് കൊലപാതകങ്ങള്‍ ഹരമായി എടുത്തിരിക്കുന്ന ഇക്കൂട്ടര്‍ പറയുന്ന കാരണങ്ങള്‍ പലതാണ്. അട്ടപ്പാടിയില്‍ മധുവിനെ കൊന്നത് വിശന്നപ്പോള്‍ ഭക്ഷണം മോഷ്ട്ടിച്ചെന്നാരോപിച്ച്, വരാപ്പുഴയില്‍ ശ്രീജിത്തിനെ കൊന്നത് തെറ്റിദ്ധാരണയുടെ പേരില്‍, കോട്ടയത്ത് കെവിനെ കൊന്നത് പ്രണയത്തിന്റെ പേരില്‍. മൂന്നിനും സമാനതകളുണ്ട്. മധുവും, ശ്രീജിത്തും, കെവിനും സ്വന്തം പാര്‍പ്പിടങ്ങളില്‍ നിന്ന് പിടിച്ചുകൊണ്ടു പോകപ്പെട്ടവരാണ്. മൂന്നുപേര്‍ക്കും നിയമപരിരക്ഷ കിട്ടിയില്ല. മൂന്നുപേരും പൊതുജനമധ്യത്തിലൂടെ  വലിച്ചിഴക്കപ്പെട്ടവരാണ്. പറഞ്ഞല്ലോ, ഇതൊന്നും ഒറ്റപ്പെട്ട സംഭവം അല്ല. 

 ഇവിടെ പൊതു സമൂഹം തിരിച്ചറിയേണ്ട ഒന്നുണ്ട്. ഈ സംഭവങ്ങളുടെ എല്ലാം പ്രതിസ്ഥാനത്തു കമ്മ്യൂണിസ്റ്റു വക്താക്കള്‍ ആണ്. ഒരുകാലത്ത് അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി പോരാടുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിച്ചവര്‍ക്ക്, തങ്ങളെ ഭരണാധിപന്മാരാക്കിയവരെ  ഇപ്പോള്‍ പുച്ഛമാണ്. മുകളില്‍ പറഞ്ഞ മൂന്നു കൊലപാതകങ്ങളുടെയും സമാനതകള്‍ ചിന്തിച്ചാല്‍ അത് മനസ്സിലാക്കാം. 

ജനങ്ങള്‍ തന്ന  അധികാരം തന്റെ ധാര്‍ഷ്ട്യം കാണിക്കാനുള്ള അവകാശമല്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം. അണികള്‍ക്കും അതു മനസ്സിലാക്കിക്കൊടുക്കണം. അധികാരത്തിമിരം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഇത്തരം അലര്‍ജിക്ക് ജനാധിപത്യത്തില്‍ മരുന്നുണ്ട് എന്നകാര്യം മുഖ്യമന്ത്രി മറക്കാതിരുന്നാല്‍ നല്ലത്.   

-പി. പത്മകുമാര്‍, വഴുതക്കാട്

വീണാലും പഠിക്കാത്ത മുഖ്യന്‍

മുഖ്യമന്ത്രിക്ക് കാവല്‍ നില്‍ക്കാനാണ് അല്ലാതെ സാധാരണക്കാരന്റെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കാനല്ല ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് തങ്ങള്‍ക്ക് ശമ്പളം തരുന്നത് എന്ന മട്ടിലാണ് കേരള പോലീസിന്റെ പ്രവര്‍ത്തികള്‍. ഇങ്ങനെ പോയാല്‍ കേരളം വിധവകളുടെ സ്വന്തം നാടായി മാറുമെന്ന് ഉറപ്പാണ്. ഒന്നുകില്‍ പോലീസ് തന്നെ നിരപരാധികളെ ചവിട്ടിയും ഉരുട്ടിയും കൊല്ലും. അല്ലെങ്കില്‍ അവര്‍ കൊലയാളികള്‍ക്ക് ഒത്താശചെയ്ത് കൊടുക്കുകയോ കേസില്‍ നിന്ന് തടിതപ്പാനുള്ള വഴിയൊരുക്കുകയോ ചെയ്യും. അടുത്തകാലത്തായി നിത്യ സംഭവങ്ങളായി മാറിയിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണം തങ്ങള്‍ എന്ത് തന്നെ കാട്ടികൂട്ടിയാലും രക്ഷിക്കാന്‍ ഇടത് സര്‍ക്കാര്‍ ഉണ്ടെന്ന പോലീസ് സഖാക്കളുടെ വിശ്വാസമാണ്. എത്ര തന്നെ വീണാലും വീഴ്ചയില്‍ നിന്ന് പഠിക്കാത്ത, അവര്‍ ചെയ്തത് തെറ്റാണെന്ന് ചുണ്ടിക്കാണിക്കാന്‍ ധൈര്യപ്പെടാത്ത പിണറായി മുഖ്യന്റെ കഴിവുകേടാണ്. 

-ബാലഗോപാലന്‍, ആലുവ

കണ്ഠന്‍ കുമാരന്  സ്മാരകം വേണം 

കേരളത്തിലെ സാംബവ (പറയ) സമുദായക്കാരുടെ ആചാര്യനും സമുദായ പരിഷ്‌ക്കര്‍ത്താവും ശ്രീമൂലം പ്രജാസഭാ അംഗവുമായിരുന്ന കാവാരിക്കുളം കണ്ഠന്‍കുമാരന് സ്മാരകം നിര്‍മ്മിക്കണമെന്നത് സാംബവ സമുദായക്കാരുടെ ദീര്‍ഘനാളായുള്ള ആഗ്രഹമാണ്. സംസ്ഥാന സര്‍ക്കാരിന്റെ 2014-15 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ വകകൊള്ളിക്കുകയും ചെയ്തു. തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരത്തിലെ ഹൃദയഭാഗത്തുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ സ്മാരകനിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനവും നടന്നു. എന്നാല്‍ ശിലാസ്ഥാപന ചടങ്ങ് കഴിഞ്ഞ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും സ്മാരക നിര്‍മാണം ആരംഭിക്കാനായില്ല. അടിമത്വത്തിന്റെയും അസമത്വത്തിന്റെയും തടവറയില്‍ കഴിയാന്‍ വിധിക്കപ്പെട്ട അധ:സ്ഥിത ജനതയുടെ വിമോചനത്തിന് പോരാടിയ കാവാരിക്കുളം കണ്ഠന്‍ കുമാരന് ഉചിതമായ സ്മാരകം ഇനിയും വൈകുന്നത് മഹാനായ നേതാവിനോട് കാണിക്കുന്ന അനീതിയായി മാത്രമെ കാണാന്‍ കഴിയൂ.

ശിവന്‍കദളി

(സെക്രട്ടറി  കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ സ്മാരക

നിര്‍മാണ പദ്ധതി ആക്ഷന്‍ കൗണ്‍സില്‍)

അനുസരണം  പൗരലക്ഷണം

പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചനസമിതി ക്ഷേത്രത്തെ മോചിപ്പിക്കാനായി മലബാര്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിവേദനം നല്‍കാനായി ഗുരുവായൂരില്‍നിന്ന് ആരംഭിച്ച പദയാത്ര കോഴിക്കോട്ടെത്തി. പ്രകടനമായി ചെന്ന് നിവേദനം നേരില്‍ നല്‍കാനായിരുന്നു സമരക്കാരുടെ പദ്ധതി. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യവും ജില്ലാ ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങളും മാനിച്ച് സമരക്കാര്‍ നല്ല അനുസരണയുള്ള പൗരന്മാരെപ്പോലെ സമാധാനപരമായി, നിശ്ശബ്ദമായി നിവേദനം നല്‍കി മടങ്ങി. ഈ അച്ചടക്കബോധത്തിന് സര്‍ക്കാര്‍ നീതിപൂര്‍വ്വം മാര്‍ക്കിടണം. മറിച്ച്, ആ അച്ചടക്കബോധവും അനുസരണശീലവും ഭീരുത്വമായി ഗണിക്കരുത്.

ഗുരുവായൂര്‍ ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തജനങ്ങളാല്‍ ഭംഗിയായി പരിപാലിക്കപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണ്. അതിനെ രാഷ്ട്രീയക്കാരുടെ കറവപ്പശുവാക്കി മാറ്റിക്കൊണ്ട് നമ്മുടെ മതേതര സങ്കല്പത്തെ കശാപ്പ് ചെയ്യരുത്.

-ക്യാപ്റ്റന്‍ കെ വേലായുധന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.