സത്യപ്രതിജ്ഞ ചെയ്തിട്ട് ദിവസം ഒന്‍പത്; മന്ത്രിമാരില്ലാതെ സര്‍ക്കാര്‍

Thursday 31 May 2018 2:09 am IST
23ന് സഖ്യം വിശ്വാസവോട്ട് തേടി. സത്യപ്രതിജ്ഞ ചെയ്ത് ഒന്‍പത് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതില്‍ ഇരുമുന്നണികളിലും പ്രതിഷേധം പുകയുകയാണ്. ആദ്യഘട്ടത്തില്‍ 34 അംഗ മന്ത്രിസഭ അധികാരമേല്‍ക്കാനാണ് ധാരണയില്‍ എത്തിയത്. കോണ്‍ഗ്രസ് 22, ജെഡിഎസ് 12 ഇങ്ങനെയാണ് നിശ്ചയിച്ചിരുന്നത്.

ബെംഗളൂരു: പ്രതിപക്ഷ ഐക്യമെന്നും രാജ്യത്തിന് മാതൃകയെന്നും കൊട്ടിഘോഷിച്ച് അധികാരമേറ്റ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ ഒന്‍പത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായും 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണ്.

മന്ത്രി സ്ഥാനത്തേക്കും വകുപ്പുകള്‍ക്കുമായുള്ള അടി തുടരുകയാണ്. തീരുമാനം എടുക്കാനാകാതെ ദേശീയ, സംസ്ഥാന നേതൃത്വം. മന്ത്രിമാരെ പ്രഖ്യാപിച്ചാല്‍ അടി പരസ്യമാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍. കോണ്‍ഗ്രസ്സില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ പതിവുപോലെ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് മുങ്ങി. 

23ന് സഖ്യം വിശ്വാസവോട്ട് തേടി. സത്യപ്രതിജ്ഞ ചെയ്ത് ഒന്‍പത് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതില്‍ ഇരുമുന്നണികളിലും പ്രതിഷേധം പുകയുകയാണ്. ആദ്യഘട്ടത്തില്‍ 34 അംഗ മന്ത്രിസഭ അധികാരമേല്‍ക്കാനാണ് ധാരണയില്‍ എത്തിയത്. കോണ്‍ഗ്രസ് 22, ജെഡിഎസ് 12 ഇങ്ങനെയാണ് നിശ്ചയിച്ചിരുന്നത്. 

വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്, ജെഡിഎസ്, ബിഎസ്പി, സ്വതന്ത്ര എംഎല്‍എമാരില്‍ 48 പേര്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. രഹസ്യമായി സംസാരിച്ചതിനാല്‍ ഇവര്‍ പരസ്പരം അറിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് 30, ജെഡിഎസ് 15, രണ്ട് സ്വതന്ത്രര്‍, ഒരു ബിഎസ്പി അംഗം എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നത്. 

48 പേരില്‍ നിന്ന് 34 പേരെ തെരഞ്ഞെടുക്കണമെന്നതാണ് പ്രതിസന്ധിക്ക് കാരണം. എല്ലാവര്‍ക്കും മന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മുന്നണി നേതൃത്വങ്ങള്‍ ചില ഉപാധികള്‍ വച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ പലരും തയ്യാറായിട്ടില്ല. 

മൂന്നു മാസത്തിനു ശേഷം പുനഃസംഘടനയില്‍ ഉള്‍പ്പെടുത്താമെന്നും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതമാക്കാമെന്നുമാണ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഇത് വിശ്വാസത്തിലെടുക്കാന്‍ എംഎല്‍എമാര്‍ തയ്യാറായിട്ടില്ല. 

കോണ്‍ഗ്രസ്സിലാണ് കൂടുതല്‍ പ്രശ്‌നം. ജി. പരമേശ്വര ഒരു ഉപമുഖ്യമന്ത്രിയായെങ്കിലും അടുത്ത ഉപമുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള അവകാശവാദം തുടരുകയാണ്. ഡി.കെ. ശിവകുമാര്‍, ലിംഗായത്ത് പ്രതിനിധി എം.ബി. പാട്ടീല്‍, മുസ്ലിം പ്രതിനിധിയായി ആര്‍. റോഷന്‍ ബെയ്ഗ്, വാത്മീകി സമുദായത്തില്‍ നിന്നും എ. സതീഷ് യെമകണ്‍മറാടി എന്നിവര്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ചാണ്. 

ശിവകുമാറിനും പാട്ടീലിനും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനോട് ദേവഗൗഡ കുടുംബത്തിന് താത്പര്യമില്ല. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളായ ജി. പരമേശ്വര, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാവുകയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയുടെ നേതൃസ്ഥാനത്തും എത്തിയാല്‍ ജെഡിയു കാഴ്ചക്കാരായി മാറുമെന്ന ഭയത്തിലാണ് ഗൗഡ കുടുംബം. 

മന്ത്രിസ്ഥാനത്തിനൊപ്പം വകുപ്പുകളും കീറാമുട്ടിയാണ്. ആഭ്യന്തരം, ധനം, ഊര്‍ജം, റവന്യു, പൊതുമരാമത്ത്, ജലവകുപ്പുകള്‍ ഏതു പാര്‍ട്ടിക്ക് എന്നത് തീരുമാനമായിട്ടില്ല. സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിച്ചവര്‍ പ്രധാന വകുപ്പ് വേണമെന്ന ആവശ്യത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.