ആദ്യ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

Thursday 31 May 2018 2:50 am IST

ന്യൂദല്‍ഹി: ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു കുടുംബത്തിലെ ആറു പേരെ കൊന്ന കേസില്‍ പ്രതി ജഗത് റായിയുടെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. തന്റെ മുന്‍പില്‍ എത്തിയ ആദ്യ ദയാഹര്‍ജിയിലായിരുന്നു രാഷ്ട്രപതിയുടെ നടപടി. 

റായിയുടെ  വധശിക്ഷ അഞ്ചു വര്‍ഷം മുന്‍പ് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ദയാഹര്‍ജി നല്‍കിയത്.

2006 ജനുവരി ഒന്നിന് ബീഹാറിലെ വൈശാലി ജില്ലയിലെ രാംപൂര്‍ ശ്യാമചന്ദ് ഗ്രാമത്തിലായിരുന്നു സംഭവം. വിജേന്ദ്ര മഹാതോ എന്നയാളുടെ ഭാര്യയും അഞ്ചു മക്കളും ഉറങ്ങുമ്പോള്‍ ജഗത് റായി വീട് കത്തിക്കുകയായിരുന്നു. ജഗതും കൂട്ടരും മഹാതോയുടെ എരുമയെ മോഷ്ടിച്ചു. ഇതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ മഹാതോയെ ഭീഷണിപ്പെടുത്തി. വിസമ്മതിച്ചതോടെ വീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. മഹാതോ പൊള്ളലോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് ജഗതും കൂട്ടരും മഹാതോയുടെ വായില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെങ്കിലും രക്ഷപ്പെട്ടു. 

2013ല്‍ വിചാരണക്കോടതി വധശിക്ഷ നല്‍കി. ഹൈക്കോടതിയും സുപ്രീം കോടതിയും ഇത് ശരിവെച്ചു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെയാണ് ഹര്‍ജി നല്‍കിയതെങ്കിലും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നതിനാല്‍ പ്രണബ് ഹര്‍ജിയില്‍ ഇടപെട്ടില്ല.

സംഭവം നടക്കുമ്പോള്‍ രാംനാഥ് കോവിന്ദ് ബീഹാര്‍ ഗവര്‍ണര്‍ ആയിരുന്നുവെന്നത് മറ്റൊരു യാദൃശ്ചികത. കേസ് വിശദമായി പഠിച്ച ശേഷമാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.