മലങ്കരസഭാ തര്‍ക്കം പുതിയ തലത്തിലേക്ക്

Thursday 31 May 2018 3:35 am IST

കൊച്ചി: കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവില്‍ മലങ്കര സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്റേയും, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത പോളി കോര്‍പ്പസിന്റേയും തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ കോടതി ഇടപെട്ടു. 

യാക്കോബായ വിഭാഗത്തിന്റെ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമനും മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ഗ്രീഗോറിയോസ്, മാത്യൂസ് മോര്‍ അഫ്രൈം, മാത്യൂസ് മോര്‍ ഇവാനിയോസ് എന്നിവരും കേസില്‍ എതിര്‍കക്ഷികളാണ്. ജൂണ്‍ 6ന് എതിര്‍കക്ഷികള്‍ കോടതിയില്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മുന്‍സിഫ് ആന്റണി ഷെല്‍മാന്‍ ഉത്തരവിട്ടു.

ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയനും മറ്റ് മെത്രാപ്പോലീത്തമാരും സുപ്രീംകോടതി വിധി പ്രകാരവും 1934ലെ സഭാഭരണഘടനാ പ്രകാരവും നിയമാനുസരണം തെരഞ്ഞെടുക്കപ്പെട്ടവരല്ല എന്ന് കാണിച്ചാണ് പെരുമ്പാവൂര്‍  മുന്‍സിഫ് കോടതിയില്‍ പുതിയ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്്. 

സഭാ തര്‍ക്കത്തില്‍ 1995 ജൂണ്‍ 20ലെയും 2017 ജൂലൈ 3ലെയും സുപ്രീം കോടതി വിധി പ്രകാരം ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിതീയനും, മുന്‍ഗാമിയായ ദ്വതിമോസും കാതോലിക്കയായി  തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. മുന്‍പ് സുപ്രീംകോടതിയില്‍ കേസ് നിലവിലിരുന്ന സമയം 1992 ല്‍ നിയുക്ത കാതോലിക്ക എന്ന പേരിലാണ് ഓര്‍ത്തഡോക്‌സ് പക്ഷം ദ്വിതിമോസിനെ തിരഞ്ഞെടുത്തത്. നിയുക്ത കാതോലിക്ക എന്ന സ്ഥാനം 1934 ലെ സഭാ ഭരണഘടനയില്‍ ഇല്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ഇടവക പള്ളികളില്‍ പ്രവേശിക്കുവാന്‍ പോലീസ് സംരക്ഷണം തേടി മാത്യൂസ് ദ്വിതീയന്‍  നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. സുപ്രീംകോടതിയില്‍ മാത്യൂസ് ദ്വിതീയന്‍ അപ്പീല്‍ നല്‍കി.  കേസ് പരിഗണനയില്‍ ഇരിക്കുമ്പോള്‍  അദ്ദേഹം കാലം ചെയ്തു. അതേ തുടര്‍ന്ന് നിയുക്ത കാതോലിക്ക എന്ന പേരില്‍ തെരഞ്ഞെടുത്ത ദ്വിതിമോസ് മലങ്കര സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആണെന്ന് അവകാശപ്പെട്ട് കക്ഷിചേരാന്‍ ഹര്‍ജി കൊടുത്തുവെങ്കിലും സുപ്രീം  കോടതി അംഗീകരിച്ചില്ല. 2007 ഏപ്രില്‍  4ന് ദ്വിതിമോസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ദ്വിതിമോസാണ് ഇപ്പോഴത്തെ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയനെ വാഴിച്ചത്. ദ്വിതിമോസ് നിയമാനുസരണം തെരഞ്ഞെടുക്കപ്പെടാത്ത ആളായതിനാല്‍  വാഴിച്ച പൗലോസ് ദ്വിതീയനും നിയമാനുസൃത കാതോലിക്കയല്ല എന്നാണ് വാദം. പെരുമ്പാവൂര്‍ സ്വദേശികളായ കെ.വി.മത്തായി, പി.സി.ജോയി എന്നിവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.