കെവിന്റെ അരുംകൊല: പോലീസ് സിപിഎം ക്വട്ടേഷന്‍

Thursday 31 May 2018 3:30 am IST
കെവിനെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞിട്ടും ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബുവും എഎസ്‌ഐ ബിജുവും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചെന്ന് ഐജി വിജയ് സാക്കറെ റിപ്പോര്‍ട്ടും നല്‍കി. അറിഞ്ഞിട്ടും കുറ്റം മറച്ചുവച്ച സാഹചര്യത്തില്‍ ഇവര്‍ രണ്ടു പേരും പ്രതികളാകുമെന്നാണ് സൂചന.

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ പി.ജോസഫിനെ തട്ടിക്കൊണ്ടുപോയി മുക്കിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പോലീസുമായും സിപിഎമ്മുമായുമുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊല്ലാനെത്തിയവര്‍ക്ക് കെവിന്റെ വീട് കാട്ടിക്കൊടുത്തത് ഡിവൈഎഫ്‌ഐ നേതാവാണെന്ന് തെളിഞ്ഞു. പ്രതികള്‍ക്ക് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സകല സഹായങ്ങളും നല്‍കിയത് പോലീസാണെന്ന് പോലീസും ഒന്നാം പ്രതി ഷാനു ചാക്കോയും തമ്മിലുള്ള സംഭാഷണം വെളിവാക്കുന്നു.

ഷാനു ചാക്കോയും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തിന് പോലീസിന്റെ സഹായം കിട്ടിയെന്ന് വ്യക്തമാണ്. 

അതിനിടെ കെവിനെ തട്ടിക്കൊണ്ടു പോയത് അറിഞ്ഞിട്ടും ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്. ഷിബുവും എഎസ്‌ഐ ബിജുവും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചെന്ന് ഐജി വിജയ് സാക്കറെ റിപ്പോര്‍ട്ടും നല്‍കി. അറിഞ്ഞിട്ടും കുറ്റം മറച്ചുവച്ച സാഹചര്യത്തില്‍ ഇവര്‍ രണ്ടു പേരും പ്രതികളാകുമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് എസ്‌ഐ വിവരം അറിഞ്ഞത്. കുടുംബവഴക്കാണെന്ന് മാത്രമാണ് എസ്‌ഐ മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്. കോട്ടയം എസ്പി, ഡിവൈഎസ്പി എന്നിവര്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ല.

ഇക്കാര്യം സ്ഥലംമാറ്റപ്പെട്ട എസ്പി മുഹമ്മദ് റഫീഖ് പരസ്യമായി പറയുകയും ചെയ്തു. തന്നെ ആരും ഒന്നും  അറിയിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എസ്പി അറിഞ്ഞില്ലെങ്കില്‍ പിന്നെയെന്തിനാണ് സ്ഥലം മാറ്റിയതെന്നാണ് താഴെത്തട്ടിലുള്ള പോലീസുകാര്‍ ചോദിക്കുന്നത്. പട്രോളിങ് സംഘം ചോദ്യം ചെയ്തപ്പോള്‍ എടുത്ത ഷാനുവിന്റെയും മറ്റും ഫോട്ടോയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും എഎസ്‌ഐ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അയച്ച് കൊടുത്തിരുന്നതായും ഇവര്‍ പറയുന്നു. 

ഐജിയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ചിലരെ ബലിയാടാക്കുകയാണെന്ന വികാരം പോലീസില്‍ ശക്തമായിട്ടുണ്ട്. ഇത് പോലീസിനുള്ളില്‍ പടലപിണക്കങ്ങളും രൂക്ഷമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.