മേഘാലയ സര്‍ക്കാരിനെ വീഴ്ത്താന്‍ കോണ്‍ഗ്രസ് കച്ച കെട്ടുന്നു

Thursday 31 May 2018 1:31 pm IST
"മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മ ഗവര്‍ണര്‍ ഗംഗാ പ്രസാദിനൊപ്പം"

ന്യൂദല്‍ഹി: മേഘാലയയിലെ ആംപാടി മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ സംസ്ഥാനത്ത് സര്‍ക്കാരിനെ വീഴ്ത്തി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ധാര്‍മികതയും നൈതികതയും പറഞ്ഞവര്‍ നിലവിലുള്ള സര്‍ക്കാരിനെ വീഴ്ത്തി ഭരണം പിടിക്കാനാണ് പദ്ധതി ഒരുക്കുന്നത്. 

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കമല്‍നാഥ്, പി.സി. ജോഷി എന്നവര്‍   ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയയും ഇന്ത്യയിലില്ലാത്തപ്പോള്‍ കോണ്‍ഗ്രസിന് ഒരു സംസ്ഥാനം നേടിക്കൊടുത്തുവെന്ന് അവകാശപ്പെടാന്‍ പറ്റിയ അവസരമെന്നാണ് ഇവരുടെ നീക്കത്തിന്റെ പിന്നിലെകണക്കുകൂട്ടല്‍.

മേഘാലയയില്‍ നിലവില്‍ കൊര്‍ണാഡ് സാങ്മ മുഖ്യമന്ത്രിയായി കൂട്ടുകക്ഷി ഭരണമാണ്. 60 അംഗ സഭയില്‍ മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ല. 34 അംഗങ്ങളുടെ മുന്നണിയുണ്ടാക്കി കൊര്‍ണാഡ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ ഗവര്‍ണര്‍ ഗംഗാ പ്രസാദ് ക്ഷണിക്കുകയായിരുന്നു. അന്ന് ഭരണം പിടിക്കാന്‍ ദല്‍ഹിയില്‍ നിന്ന് മേഘായയയില്‍ പറന്നെത്തിയ നേതാക്കളുടെ ശ്രമം ബിജെപി പരാജയപ്പെടുത്തുകയായിരുന്നു. ഈ കണക്കു തീര്‍ക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നു.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യാണ് കൊര്‍ണാഡിന്റേത്. അവര്‍ക്ക് 19 അംഗങ്ങള്‍. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി (യുഡിപി)ക്ക് ആറ്. പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (പിഡിഎഫ്) നാല്. ഹില്‍ സ്‌റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (എച്ച്എസ്പിഡിപി) രണ്ട്, ബിജെപിക്ക് രണ്ട്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെ മുന്നണി ചേര്‍ത്ത് 34 അംഗങ്ങളുടെഭൂരിപക്ഷം ഉണ്ടാക്കുകയായിരുന്നു.

ഇപ്പോള്‍ ആംപാടിയിലെ വിജയത്തെ തുടര്‍ന്ന് കോണ്‍ഗസ് നേതാക്കള്‍ മുകുള്‍ സങ്മയെന്ന മുന്‍ മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തി ഭൂരിപക്ഷം അവകാശപ്പെടുമെന്നാണ് മുകുകള്‍ പ്രസ്താവിച്ചിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.