കെവിന്റെ താമസസ്ഥലം കാണിച്ചു കൊടുത്തത്

Thursday 31 May 2018 3:40 am IST

ഗാന്ധിനഗര്‍(കോട്ടയം): കൊല്ലപ്പെട്ട കെവിന്റെ താമസസ്ഥലത്തെത്താന്‍ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് വഴികാട്ടിയായത് ഡിവൈഎഫ്‌ഐ നേതാവ്. മാന്നാനം സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ മാന്നാനം നടത്തില്‍ പറമ്പില്‍ മഹേഷാണ് ഈ വഴികാട്ടി. ഇയാള്‍ ഡിവൈഎഫ്‌ഐയുടെ ജില്ലാതല നേതാവാണ്. 

പ്രതികള്‍ കെവിന്റെ അച്ഛന്‍ താമസിക്കുന്ന കുമാരനല്ലൂര്‍ നട്ടാശ്ശേരി ഭാഗത്തുവന്ന് കെവിന്റെ താമസസ്ഥലം അന്വേഷിച്ചിരുന്നു. ഇവിടെയുള്ള സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളെയാണ് ഇവര്‍ ബന്ധപ്പെട്ടത്. കെവിന്‍ മാന്നാനത്താണ് താമസമെന്നത് ഇവരില്‍ നിന്നാണ് പ്രതികള്‍ അറിഞ്ഞത്. മാന്നാനം സര്‍വ്വീസ് സഹകരണബാങ്കില്‍ ജോലി ചെയ്യുന്ന ഡിവൈഎഫ്‌ഐ നേതാവുണ്ടെന്നും ഇയാളെപ്പോയി കണ്ടാല്‍ വേണ്ട സഹായം ലഭിക്കുമെന്നും ഇവര്‍ പറഞ്ഞു. 

തുടര്‍ന്ന് ജീവനക്കാരന്റെ ഫോണ്‍ നമ്പര്‍ പ്രതികള്‍ ആവശ്യപ്പെട്ടുവെങ്കിലും നല്‍കാന്‍ തയ്യാറായില്ല. നിങ്ങള്‍ അങ്ങോട്ടു പൊയ്‌ക്കൊള്ളാനും വിളിച്ചുപറഞ്ഞുകൊള്ളാമെന്നും ഇവര്‍ പ്രതികളോടു പറഞ്ഞു. മാന്നാനം സര്‍വ്വീസ് സഹകരണ ബാങ്കിലെത്തിയ പ്രതികള്‍ നേതാവിനെ പേരു പറഞ്ഞ് വിളിക്കുകയും ഇയാളുമായി സംസാരിക്കുകയും ചെയ്തു. ശനിയാഴ്ച പത്തരയോടെയാണ് പ്രതികള്‍ ഇവിടെയെത്തിയത്. മഹേഷും പ്രതികളുമായി ബാങ്കിന് പുറത്ത് സംസാരിച്ചു നില്‍ക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. 

ഞായറാഴ്ച പുലര്‍ച്ചെ ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞ പ്രകാരം വീട് അന്വേഷിച്ച് ചെല്ലുമ്പോഴാണ് കുട്ടോമ്പുറം ഭാഗത്ത് വച്ച് പട്രോളിങ് സംഘത്തെ കണ്ടത്. അക്രമം കഴിഞ്ഞ് കെവിനെ തട്ടിക്കൊണ്ടു പോകുന്നതുവരെ പോലീസ് മാറിനില്‍ക്കുകയും ചെയ്തു.

ക്വട്ടേഷന്‍ സംഘത്തിന് ഒത്താശ ചെയ്ത മാന്നാനം സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ ഡിവൈഎഫ്‌ഐ നേതാവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി, ബാങ്ക് ഉപരോധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.