കാശ് വാങ്ങി കാവല്‍ നിന്നു; എസ്‌ഐയും ഡ്രൈവറും കസ്റ്റഡിയില്‍

Thursday 31 May 2018 3:40 am IST

കോട്ടയം: കെവിന്‍ പി.ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോയും എഎസ്‌ഐയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നു. സംഭാഷണം പുറത്ത് വന്നതോടെ എഎസ്‌ഐ ബിജുവും ഡ്രൈവര്‍ അജയകുമാറും കസ്റ്റഡിയിലായി. 

കേസില്‍ സസ്‌പെന്‍ഷനിലായ ഗാന്ധിനഗര്‍ എസ്‌ഐ എസ്.ഷിബുവിനൊപ്പം ഇവരും പ്രതിയാകുമെന്നാണ് സൂചന. കെവിനെ തട്ടിക്കൊണ്ട് പോയെന്ന് അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് കുറ്റം.

ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തു. ഇന്നലെ കണ്ണൂരില്‍ കീഴടങ്ങിയ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ, പുനലൂര്‍ സ്വദേശി മനു എന്നിവരെയും മണിക്കൂറുകളോളം ചോദ്യം ചെയ്തു. കെവിനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയും അതിന് പോലീസില്‍നിന്ന് ലഭിച്ച സഹായവുമാണ് അന്വേഷിക്കുന്നത്. 

കേസില്‍ ഇന്നലെ  മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. നിഷാദ്, ഷെഫിന്‍ എന്നിവര്‍ ഏറ്റുമാനൂര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അറസ്റ്റിലായി. മറ്റൊരു പ്രതിയായ ടിറ്റോ പീരുമേട് കോടതിയില്‍ കീഴടങ്ങി. പുനലൂരില്‍നിന്ന് രണ്ട് വാഹനങ്ങള്‍ കണ്ടെടുത്തതോടെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കണ്ടെത്തി.

ഞായറാഴ്ച പുലര്‍ച്ചെ കെവിന്‍ താമസിക്കുന്ന വീട് അന്വേഷിച്ച് വരുമ്പോഴാണ് മാന്നാനം കുട്ടോമ്പുറം ഭാഗത്ത് വച്ച് എഎസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ക്വട്ടേഷന്‍ സംഘത്തെ തടഞ്ഞത്. കല്യാണ വീട്ടിലേക്ക് പോകുമ്പോള്‍ വഴിതെറ്റിയെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ദുരൂഹ സാഹചര്യത്തില്‍ കണ്ട വാഹനം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെ ഫോട്ടോയും ഷാനുവിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും എടുത്തു.

ഇതിന് ശേഷം പണം കൊടുത്ത് പോലീസിനെ വശത്താക്കിയ സംഘം കെവിന്റെ വീട് കൃത്യമായി മനസ്സിലാക്കി. കെവിന് ഭീഷണിയുള്ളതിനാല്‍ സുഹൃത്തുക്കള്‍ രാത്രി ഒരുമണിവരെ മാന്നാനത്തുള്ള വീട്ടിലുണ്ടായിരുന്നു. ഇവര്‍ പോയ വിവരം അക്രമിസംഘത്തെ അറിയിച്ചത് പോലീസ് പട്രോളിങ് സംഘമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

അക്രമം കഴിഞ്ഞ് മടങ്ങുംവരെ പട്രോളിങ് സംഘം കാവല്‍ നില്‍ക്കുകയും ചെയ്തു. ക്വട്ടേഷന്‍ സംഘത്തില്‍ നിന്ന് പോലീസുകാര്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ഐജി പറഞ്ഞു.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നതിനിടെയാണ് ഷാനുവും എഎസ്‌ഐ ബിജുവും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നത്. തട്ടിക്കൊണ്ടുപോയ വിവരം എഎസ്‌ഐ മറ്റാരെയും അറിയിച്ചില്ല. എസ്‌ഐ രാവിലെ ഒന്‍പത് മണിയോടെയാണ് അറിഞ്ഞത്. 

കെവിന്‍ തങ്ങളുടെ കൈയില്‍ നിന്ന് ചാടിപ്പോയെന്നും പറഞ്ഞാണ് ഷാനു എഎസ്‌ഐയെ വിളിക്കുന്നത്. എന്നാല്‍ കെവിന്റെ കൊലപാതകവിവരം മറയ്ക്കാന്‍, രക്ഷപ്പെട്ടെന്ന് സ്ഥാപിക്കാനാണ് ഷാനു ഫോണ്‍ ചെയ്തതെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.