ഇന്ത്യ-ഇന്തോനേഷ്യ ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം

Thursday 31 May 2018 3:50 am IST

ന്യൂദല്‍ഹി/ജക്കാര്‍ത്ത: വാണിജ്യ മേഖലയിലടക്കം ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു. ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച പോരാട്ടം നടത്താനും കൂടിക്കാഴ്ചയില്‍ ധാരണയായി. ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങളെ അപലപിച്ച മോദി ഇന്ത്യയും ഭീകരരുടെ ഭീഷണി നേരിടുന്നതായി വ്യക്തമാക്കി. 

ഇന്തോ-പസഫിക് മേഖലയുടെ സഹകരണത്തിനായി യോജിച്ച് മുന്നേറാനാണ് ഇരു രാഷ്ട്രത്തലവന്മാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനം. അയ്യായിരം കോടി രൂപയുടെ വാണിജ്യ സഹകരണ പദ്ധതികളിലും ഇരു നേതാക്കളും ഒപ്പുവെച്ചു. 

ചൈനയെ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ആക്റ്റ് ഈസ്റ്റ് നയത്തിന്റെ ഭാഗമായി മൂന്നു ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള മോദിയുടെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവുമായും മോദി കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയുടെ അഭിമാനമുള്ള പൗരന്മാരാണെങ്കിലും അവര്‍ ഇന്ത്യയിലെ തങ്ങളുടെ വേരുകളുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സമാനതകളില്ലാത്ത പരിവര്‍ത്തനത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്ത്യന്‍ സമ്പദ്ഘടന തുറന്ന് കൊടുക്കല്‍, ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കല്‍, ഇന്ത്യന്‍ സമ്പദ്ഘടനയുടെ മത്സരക്ഷമത എന്നീ വിഷയങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ ഇന്ത്യയ്ക്കും, ഇന്തോനേഷ്യയ്ക്കും ഒരുപോലെ സംവേദനക്ഷമമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാസ്സ്‌പോര്‍ട്ടിന്റെ നിറം നോക്കിയല്ല മറിച്ച് സഹായം ആവശ്യമുള്ള എല്ലാ സഹജീവികളെയും സഹായിക്കുകയാണ് ഇന്ത്യയുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി. രാമായണത്തിലും, മഹാഭാരതത്തിലും നിന്നുള്ള ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പട്ടങ്ങളുടെ പ്രദര്‍ശനം മോദിയും പ്രസിഡന്റ് വിദോദോയും ചേര്‍ന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്തു. മോദി ഇന്ന് മലേഷ്യയിലും നാളെ സിംഗപ്പൂരിലും സന്ദര്‍ശനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.