പതിവുപോലെ കുമ്മനം; ആശംസയറിയിച്ച് രാഷ്ട്രപതി

Thursday 31 May 2018 3:51 am IST
പത്ത് മണിയോടെ ഓഫീസിലെത്തി ആദ്യ ദിനം ആരംഭിച്ചു. ചീഫ് സെക്രട്ടറി അരവിന്ദ് റായി, ഗവര്‍ണറുടെ സെക്രട്ടറി ബയാക്തലുവാംഗ എന്നിവരുമായി കൂടിക്കാഴ്ച. ഓഫീസ് ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് രാജ്ഭവന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു.

ഐസ്വാള്‍: വൈകി ഉറങ്ങിയാലും പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണരുന്നതാണ് കുമ്മനം രാജശേഖരന്റെ ശീലം. രാജ്ഭവനിലും അദ്ദേഹം പതിവ് തെറ്റിച്ചില്ല. ആദ്യം ചായ കുടിച്ച് സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം അര മണിക്കൂര്‍ നടത്തം. പിന്നീട് പത്രവായനയും പ്രഭാത ഭക്ഷണവും. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇഡ്ഡലിയും ദോശയും സാമ്പാറും തേങ്ങാ ചമ്മന്തിയുമായിരുന്നു വിഭവങ്ങള്‍. ഏറെക്കാലത്തിന് ശേഷമാണ് രാജ്ഭവനിലേക്ക് ഇഡ്ഡലിയും ദോശയും മടങ്ങിയെത്തുന്നത്. വക്കം പുരുഷോത്തമന്‍ ഗവര്‍ണറായിരിക്കെ കേരളീയ വിഭവങ്ങളായിരുന്നു പതിവ്. 

 പത്ത് മണിയോടെ ഓഫീസിലെത്തി ആദ്യ ദിനം ആരംഭിച്ചു. ചീഫ് സെക്രട്ടറി അരവിന്ദ് റായി, ഗവര്‍ണറുടെ സെക്രട്ടറി ബയാക്തലുവാംഗ എന്നിവരുമായി കൂടിക്കാഴ്ച. ഓഫീസ് ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് രാജ്ഭവന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞു. കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞു. പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആശംസയെത്തി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം നേരിട്ട് ആശംസിച്ചു.  മുന്‍ ഗവര്‍ണര്‍ ലഫ്.ജനറല്‍ നിര്‍ഭയ് ശര്‍മ്മ, വക്കം പുരുഷോത്തമന്‍ എന്നിവരും കുമ്മനത്തിന് ആശംസകള്‍ നേര്‍ന്നു.

സ്വയംഭരണ ജില്ലകള്‍; ഗവര്‍ണര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍

ആദിവാസി സ്വയംഭരണ ജില്ലകളുള്ള മിസോറാമില്‍ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാള്‍ ഗവര്‍ണര്‍ക്കുള്ളത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍. ആദിവാസികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്നതിനാണ് ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണ ജില്ലകള്‍ സ്ഥാപിതമായത്. മിസോറാമിന് പുറമെ ആസാം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലും സ്വയംഭരണ ജില്ലകളുണ്ട്.

 ഭരണത്തിനുള്ള ജില്ലാ, പ്രാദേശിക കൗണ്‍സിലുകള്‍ രൂപീകരിക്കുന്നതിന് ചുമതല ഗവര്‍ണര്‍ക്കാണ്. പുതിയ ജില്ലകള്‍ ഉള്‍പ്പെടുത്തല്‍, നിലവിലുള്ളതിനെ ഒഴിവാക്കല്‍, വിസ്തൃതി വര്‍ദ്ധിപ്പിക്കല്‍, വിസ്തൃതി കുറയ്ക്കല്‍ എന്നിവക്ക് വിജ്ഞാപനമിറക്കുന്നതും ഗവര്‍ണറാണ്. കൗണ്‍സില്‍ പിരിച്ചുവിടാനും അധികാരമുണ്ട്. ജില്ലകള്‍ക്കു കീഴിലെ വികസനത്തിന് ഒരു മന്ത്രിയെ ചുമതലപ്പെടുത്താനാകും. ഓരോ ജില്ലാ കൗണ്‍സിലിലും നാല് പേരെ വീതം നിയമിക്കാം. വൈകാരിക വിഷയങ്ങള്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഗോത്രമേഖലകളില്‍ ഇത്തരം ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് ഏറെ വെല്ലുവിളിയാണ്. 

 തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് സ്വയംഭരണജില്ലകള്‍ ഭരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടി അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ജില്ലകള്‍ക്ക് ബജറ്റിനുള്ള പണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരും. ചീഫ് എക്‌സിക്യുട്ടീവ് അംഗമാണ് ഭരണത്തലവന്‍. ചുരുക്കത്തില്‍ സംസ്ഥാനത്തിനുള്ളിലെ മറ്റൊരു സംസ്ഥാന സര്‍ക്കാര്‍ പോലെയാണ് സ്വയംഭരണ ജില്ലകളുടെ പ്രവര്‍ത്തനം. ഗോത്ര വിഭാഗങ്ങളെ പ്രതിനിധാനംചെയ്ത് ചക്മ, ലായ്, മാരാ തുടങ്ങി മൂന്ന് സ്വയംഭരണ ജില്ലകളാണ് മിസോറാമിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.