എസ്ഡിപിഐക്ക് ഐഎസ് ബന്ധം, പാര്‍ട്ടി രൂപീകരണം നിരോധനം മറികടക്കാനുള്ള എന്‍ഡിഎഫ് തന്ത്രം

Thursday 31 May 2018 3:53 am IST

കോഴിക്കോട്: എസ്ഡിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് നിരോധനം മറികടക്കാനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ തന്ത്രമാണെന്ന് ഐഎസ് കേരള ഘടകം തലവന്റെ വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനിലെ കോറോബാന്‍ പ്രവിശ്യയില്‍ നിന്ന് ടെലഗ്രാം വഴി അയച്ച എഴുപതാമത്തെ ശബ്ദസന്ദേശത്തിലാണ് ഐഎസ് കേരള ഘടകം തലവന്‍ അബ്ദുള്‍ റാഷിദിന്റെ വിവാദ വെളിപ്പെടുത്തലുകള്‍. എന്‍ഡിഎഫിനെ നിരോധിക്കാന്‍ സാധ്യതയുണ്ടെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിച്ചാല്‍ നിരോധിക്കാന്‍ കഴിയില്ലെന്നുമുള്ള ധാരണയിലാണ് എസ്ഡിപിഐ രൂപീകരിച്ചത്. അതില്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ദളിതരെയും ഉള്‍പ്പെടുത്തിയത് അതിനാണ്. എസ്ഡിപിഐക്കുള്ള ഐഎസ് ബന്ധം വെളിവാക്കുന്നതാണ് ഈ സന്ദേശം.

'നാദാപുരത്താണ് ആദ്യമായി സമാന ചിന്താഗതിക്കാരായ 17 പേര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചത്. 1989 ല്‍ ആണ് നാദാപുരം ഡിഫന്‍സ് ഫ്രണ്ട് എന്ന പേരില്‍ സംഘടന ഉണ്ടാക്കിയത്. ഇതിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ച ഉണ്ടായി. 1993 ല്‍ ബാബറി മസ്ജിദ് തകര്‍ന്ന സമയത്താണ് സംഘടന ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. ജിഹാദിന് വേണ്ടിയാണ് സംഘടന രൂപീകരിച്ചത്. നാദാപുരം ഡിഫന്‍സ് ഫ്രണ്ട് പിന്നീട് നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് ആയി മാറി'. സന്ദേശത്തില്‍ വിവരിക്കുന്നു.

ജിഹാദികളെ സൃഷ്ടിക്കാന്‍ എന്‍ഡിഎഫ് നാലു ദിവസത്തെ ക്ലാസുകളാണ് അന്ന് നടത്തിയിരുന്നതെന്ന് സന്ദേശത്തില്‍ തുടരുന്നു. ആര്‍എസ്എസിനെതിരായ ക്ലാസുകള്‍, ജിഹാദി ആയത്തുകളുടെ പഠനം, ജിഹാദിയാവാനുള്ള തയാറെടുപ്പ് എന്നിവയാണ് ക്ലാസിലുണ്ടാവുക. സത്യ നിഷേധികളെയും കപട വിശ്വാസികളെയും അനുസരിക്കരുതെന്നും ഇത് നബിക്കുള്ള ആഹ്വാനമാണെങ്കിലും മുസ്ലീങ്ങള്‍ക്ക് മുഴുവന്‍ ബാധകമാണെന്നും റാഷിദ് വ്യക്തമാക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ സത്യ നിഷേധികളും കാഫിറുകളും മുസ്ലിങ്ങളെ വേട്ടയാടുന്നു. ഇതിനെതിരെയാണ് നാദാപുരത്ത് സംഘടന രൂപീകരിച്ചതെന്നും കേരളത്തില്‍ ജിഹാദ് ചെയ്യാനാണ് സംഘടന ഉണ്ടാക്കിയതെന്ന് ഐഎസ് നേതാവ് വ്യക്തമാക്കുന്നു. 

ഇന്ത്യയെ കീഴ്‌പ്പെടുത്തുകയും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയുമാണ് ആത്യന്തിക ലക്ഷ്യമെന്ന് അബ്ദുള്‍ റാഷിദ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. വിവിധ ഇസ്ലാമിക സംഘടനകള്‍ ആത്യന്തികമായി ഇസ്ലാമിക ശരിയത്ത് കൊണ്ടുവരാനാണ് പ്രവര്‍ത്തിക്കുന്നത്.  2007ലാണ് എന്‍ഡിഎഫ് പോപ്പുലര്‍ ഫ്രണ്ട് ആയി മാറിയത്. 2009ല്‍ എസ്ഡിപിഐ എന്ന സംഘടന രൂപീകരിക്കുകയായിരുന്നു. കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ തയാറായ ആദ്യ 21 അംഗ സംഘത്തിന്റെ തലവനാണ് റാഷിദ്. പീസ് സ്‌കൂള്‍ അധ്യാപകനായിരുന്നു ഇയാള്‍ പീന്നീട് ഐഎസില്‍ ചേരുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.