കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് കാറുകള്‍ കണ്ടെത്തി

Thursday 31 May 2018 3:55 am IST

പത്തനാപുരം: കോട്ടയം  മാന്നാനത്തെ നവവരന്‍ കെവിന്‍ ജോസഫിന്റെ  കൊലപാതകവുമായി  ബന്ധപ്പെട്ട് രണ്ടു കാറുകള്‍ പോലീസ് കണ്ടെത്തി. തെന്മലയില്‍  നിന്നും  മൂന്നു കാറുകളിലാണ് കെവിനെ തട്ടിക്കൊണ്ട് വരാന്‍ പോയിരുന്നത്. ഇതില്‍ ഒരു ഇന്നോവ കാര്‍ ഞായറാഴ്ച പോലീസ് പിടികൂടി. കേസിലെ പ്രധാനപ്രതി ഷാനുചാക്കോയുടെ വാഗണര്‍ കാറും മറ്റൊരു പ്രതിയായ ഇളമ്പല്‍സ്വദേശി ടിന്റു ജോര്‍ജ്ജിന്റെ ഐ ട്വന്റി കാറുമാണ് പോലീസ് ഇന്നലെ കണ്ടെത്തിയത്. 

ഇളമ്പല്‍ മരങ്ങാട് ചെമ്പുമലയിലെ ആളൊഴിഞ്ഞ പ്രദേശത്തെ റബ്ബര്‍ തോട്ടത്തിലാണ് ടിന്റുവിന്റെ ചുവന്ന  കാര്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പത്തിനുശേഷമാകാം കാര്‍ ഉപേക്ഷിച്ചതെന്നാണ് നിഗമനം. തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയവരാണ് പോലീസിനെ വിവരമറിയിച്ചത്. ഇളമ്പല്‍ ആരംപുന്നയിലെ പത്തേക്കറിലെ ഗ്രൗണ്ടില്‍ നിന്നാണ് ബുധനാഴ്ച രണ്ടിന് ഷാനു ചാക്കോയുടെ വെള്ള വാഗണര്‍ കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ കാറ് ഇവിടെ ഉപേക്ഷിച്ച നിലയിലായിരുന്നു. സംശയത്തെ തുടര്‍ന്ന് പ്രദേശവാസികള്‍  പോലീസില്‍ വിവരമറിയിച്ചു. റൂറല്‍ ഫോറന്‍സിക് സംഘവും പുനലൂര്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും പരിശോധന നടത്തി. കെവിനെ മന്നാനത്തുളള സുഹ്യത്തിന്റെ വീട്ടില്‍നിന്നും തട്ടിക്കൊണ്ട് വന്നത് ടിന്റുവിന്റെ കാറിലാണെന്നാണ് പോലീസ് നിഗമനം. കൊട്ടാരക്കര സ്വദേശിയുടെ കയ്യില്‍നിന്നും ഒരുമാസം മുമ്പാണ് ടിന്റു കാര്‍ വിലയ്ക്കു വാങ്ങിയത്. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം കോട്ടയത്തുനിന്നുള്ള അന്വേഷണസംഘത്തിന് കാറുകള്‍ കൈമാറി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.