എന്‍സിഇആര്‍ടി പാഠപ്പുസ്തകങ്ങളില്‍ ഇടംപിടിച്ച് കൂടുതല്‍ ചരിത്രപുരുഷന്മാര്‍

Thursday 31 May 2018 5:21 pm IST
കൂടുതല്‍ ചരിത്ര പുരുഷന്മാരെ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടിയുടെ പാഠപ്പുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മനപ്പൂര്‍വ്വം ഒഴിവാക്കി നിര്‍ത്തിയ മഹാപുരുഷന്മാരെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവും വിജ്ഞാനവും പകരുന്നതാണ് എന്‍സിഇആര്‍ടിയിലെ മാറ്റങ്ങള്‍.

ന്യൂദല്‍ഹി: കൂടുതല്‍ ചരിത്ര പുരുഷന്മാരെ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടിയുടെ പാഠപ്പുസ്തകങ്ങള്‍ പരിഷ്‌ക്കരിച്ചു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ മനപ്പൂര്‍വ്വം ഒഴിവാക്കി നിര്‍ത്തിയ മഹാപുരുഷന്മാരെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അറിവും വിജ്ഞാനവും പകരുന്നതാണ് എന്‍സിഇആര്‍ടിയിലെ മാറ്റങ്ങള്‍. 

മഹര്‍ഷി അരവിന്ദന്‍, സ്വാമി വിവേകാനന്ദന്‍, ലാലാ ലജ്പത് റായ്, വല്ലഭഭായ് പട്ടേല്‍, മറാഠാ പേഷ്വൊ ബാജിറാവോ ബല്ലാല്‍, ജാട്ട് രാജാവ് സൂരജ് മല്‍, രജപുത്ര വീരന്‍ മഹാറാണാപ്രതാപ്, ഛത്രപതി ശിവജി എന്നിവര്‍ക്ക് പരിഷ്‌ക്കരിച്ച ചരിത്രപാഠപുസ്തകങ്ങളില്‍ സവിശേഷ സ്ഥാനം നല്‍കിയിട്ടുണ്ട്. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപ്പുസ്തകങ്ങളിലാണ് എന്‍സിഇആര്‍ടി കാലോചിത പരിഷ്‌ക്കരണങ്ങള്‍ നടത്തിയിരിക്കുന്നത്. 

ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രമീമാംസ, ശാസ്ത്രം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ 25 ഓളം പാഠപ്പുസ്തകങ്ങള്‍ക്ക് പുതിയ പതിപ്പുകള്‍ ഇറക്കിയിട്ടുണ്ട്. മഹര്‍ഷി അരവിന്ദന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ സ്ഥലം നല്‍കുക വഴി അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അധികമായി അറിയാന്‍ സാധിക്കും. നേരത്തെ ഉണ്ടായിരുന്ന പുസ്തകത്തില്‍ വിവേകാനന്ദനെപ്പറ്റിയും രാമകൃഷ്ണ മഠത്തെപ്പറ്റിയും 21 വാക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ പുസ്തകത്തില്‍ 250 വാക്കുകളാണ് സ്വാമി വിവേകാനന്ദനെ പരിചയപ്പെടുത്തിക്കൊണ്ടുള്‍പ്പെടുത്തിയത്. 

ഭഗത് സിങിനെപ്പറ്റിയും കൂട്ടാളികളെപ്പറ്റിയും ഒരുവാക്കില്‍ ഒതുക്കിയിരുന്ന പഴയ പുസ്തകത്തിന്റെ സ്ഥാനത്ത് ഭഗത് സിങ്, ചന്ദ്രശേഖര്‍ആസാദ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരെപ്പറ്റി വിശദമായി പരാമര്‍ശിക്കുന്നു. മറാഠാ സാമ്രാജ്യത്തെപ്പറ്റിയും ശിവജിയെപ്പറ്റിയും വിശദമായ വിവരണമാണ് പുതിയ ചരിത്ര പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്‍സിഇആര്‍ടിയുടെ പാഠപ്പുസ്തകങ്ങളില്‍ ആകെ വരുത്തിയിരിക്കുന്നത് 1,334 മാറ്റങ്ങളാണ്. ശാസ്ത്ര പാഠപ്പുസ്തകത്തില്‍ അഞ്ഞൂറിലേറെ മാറ്റങ്ങളും സാമൂഹ്യ ശാസ്ത്ര പുസ്തകത്തില്‍ മുന്നൂറോളം മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.