മുംബൈ: പ്രണബ് മുഖര്‍ജി രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനോട് ശിവസേനക്ക് വിയോജിപ്പില്ലെന്ന് സംഘടന വക്താവ് സഞ്ജയ് റൗട്ട്. ഒരാള്‍ക്ക് ചിലപ്പോള്‍ ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രങ്ങളോട് വിയോജിപ്പുണ്ടാകാം. പക്ഷേ ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണ്. അവര്‍ മുന്‍ പ്രസിഡന്റിനെ ചടങ്ങിന് ക്ഷണിച്ചു എന്നതില്‍ യാതൊരു പ്രശ്നവും ഉണ്ടാക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ നല്ലതിന് വേണ്ടി ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുള്ള സംഘടനയാണ് ആര്‍എസ്എസ്. അതുകൊണ്ട് തന്നെ പ്രണബ് മുഖര്‍ജി അവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും, ഇത്തരം ചര്‍ച്ചകള്‍ക്ക് യാതൊരു അര്‍ഥവുമില്ലെന്നും സഞ്ജയ് റൗട്ട് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം മുന്‍ രാഷ്ട്രപതിയോട് ആര്‍എസ്എസിന്റെ ആശയങ്ങളിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ‘താങ്കള്‍ അവരുടെ ക്ഷണം സ്വീകരിച്ച സ്ഥിതിക്ക് ആ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും, അവരുടെ ചടങ്ങില്‍ പങ്കെടുത്ത് അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണമെന്നുമാണ് ചിദംബരം പറഞ്ഞത്.’ജൂണ്‍ 7ന് നാഗ്പൂരില്‍ നടക്കുന്ന തൃതീയ സംഘ ശിക്ഷ വര്‍ഗിലാണ് മുന്‍ രാഷ്ട്രപതി കൂടിയായ മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: