സുബ്രഹ്മണ്യന്‍

Friday 1 June 2018 2:02 am IST
താരകാസുര നിഗ്രഹത്തിനായി ശിവശക്തിയില്‍ ജനിച്ച പുത്രനായി സുബ്രഹ്മണ്യനെ കരുതുന്നു. ശിവതേജസ്സ് അഗ്‌നിവാസം ചെയ്ത് ഗംഗയില്‍ നിക്ഷേപിച്ചു എന്നും, ഗംഗ ശരവണക്കാട്ടില്‍ ഉപേക്ഷിച്ചു എന്നും കഥ. ശരവണക്കാട്ടില്‍ നിന്ന് ആറ് കൃത്തികമാര്‍ കുട്ടിയെ കണ്ടെത്തി.

താരകാസുര നിഗ്രഹത്തിനായി ശിവശക്തിയില്‍ ജനിച്ച പുത്രനായി സുബ്രഹ്മണ്യനെ കരുതുന്നു. ശിവതേജസ്സ് അഗ്‌നിവാസം ചെയ്ത് ഗംഗയില്‍ നിക്ഷേപിച്ചു എന്നും, ഗംഗ ശരവണക്കാട്ടില്‍ ഉപേക്ഷിച്ചു എന്നും കഥ. ശരവണക്കാട്ടില്‍ നിന്ന് ആറ് കൃത്തികമാര്‍ കുട്ടിയെ കണ്ടെത്തി. കുട്ടി ആറുപേരേയും മാറിമാറി നോക്കിയപ്പോള്‍ ആറ് മുഖങ്ങള്‍ ഉണ്ടായി. അതിനാല്‍ സുബ്രഹ്മണ്യന്‍ അറുമുഖന്‍ എന്ന് അറിയപ്പെടുന്നു. കൃത്തികമാര്‍ വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും കുമാരഭാവത്താല്‍ ഗംഗ വളര്‍ത്തിയതിനാല്‍ കുമാരന്‍ എന്നും അറിയപ്പെട്ടു. സ്‌കന്ദന്‍ എന്ന പേരില്‍ പാര്‍വ്വതിയും ഗുഹന്‍ എന്ന പേരില്‍ ശിവനും മഹാസേനന്‍ എന്ന പേരില്‍ അഗ്‌നിയും ശരവണന്‍ എന്ന പേരില്‍ ശരവണത്തിന്റെയും പുത്രനായി അറിയപ്പെട്ടു. അവിദ്യാനാശകശക്തിയായി 'സ്‌കന്ദ' ശബ്ദത്തിന് അര്‍ത്ഥം കല്‍പ്പിക്കുന്നുണ്ട്.

നാരദമഹര്‍ഷിക്ക് ആത്മജ്ഞാനം ഉപദേശം നല്‍കിയതിനാല്‍ സനല്‍കുമാരനെ സ്‌കന്ദന്‍ എന്ന് അറിയപ്പെടുന്നു. ജ്യോതിഷികളുടെ ഇഷ്ടദേവതയായി സുബ്രഹ്മണ്യനെ ആരാധിക്കുന്നു. ദേവന്റെ ആറ് മുഖങ്ങള്‍ 6 ഋതുക്കളായും 12 കൈകള്‍ 12 മാസങ്ങളായും സൂചിപ്പിക്കുന്നു. സുബ്രഹ്മണ്യജൈതന്യത്തില്‍നിന്ന് ഉത്ഭവിച്ച ദേവീചൈതന്യത്തെ 'കൗമാരി' എന്ന് ആരാധിക്കുന്നു. വേല്‍ ആയുധമാക്കിയതിനാല്‍ വേലായുധന്‍ എന്നും താരകാസുരനിഗ്രഹത്തിന് ദേവസേനയുടെ ആധിപത്യം പുലര്‍ത്തിയതിനാല്‍ ദേവസേനാധിപനായും ആരാധിക്കപ്പെടുന്നു. ദക്ഷപുത്രിയായ ദേവസേനയും വള്ളിയുമാണ് പത്‌നിമാര്‍. മുരുകന്റെ ആശ്രിതനായ ഹിഡിംബാസുരന്റെ പൂജകള്‍ നടത്തി, കാവടി അഭിഷേകം സുബ്രഹ്മണ്യപൂജയില്‍ പ്രധാന വഴിപാടാണ്.  പാല്‍, പനിനീര്, കളഭം, ഭസ്മം ഇവ കാവടിയില്‍ നിറച്ച് വ്രതനിഷ്ഠയോടെ ഭക്തന്മാര്‍ കാവടി സമര്‍പ്പിക്കുന്നു. പ്രസ്തുത അഭിഷേക വസ്തുക്കള്‍ ആത്മസത്തയെ പ്രതിനിധാനം ചെയ്യുന്നു.

ഓങ്കാരപ്പൊരുള്‍ അറിയുവാന്‍ കഴിയാത്ത ബ്രഹ്മദേവനെ കുമാരന്‍ ബന്ധനസ്ഥനാക്കിയതിനാല്‍ ബ്രഹ്മശാപം ഏല്‍ക്കുകയും ശാപമുക്തിക്കായി തപസ്സനുഷ്ഠിച്ചു. പുറ്റ് വന്ന് മൂടിയതിനാല്‍ പുത്രനെ കാണാതെ വിഷമിച്ച പാര്‍വ്വതി ഉഗ്രമായ ഷഷ്ഠിവ്രതം നോറ്റ് പുത്രദര്‍ശനം നേടി എന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ മാസത്തിലേയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയിലാണ് വ്രതം നോക്കേണ്ടത്. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി നാള്‍ ഒരു നേരം മാത്രം ആഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നു. 6 ദിവസം തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നതും പ്രധാനമാണ്. മയിലിനെ വാഹനമാക്കിയവന്‍ എന്ന അര്‍ത്ഥത്തില്‍ മയില്‍വാഹനനെന്നും, വേല്‍ ആയുധമാക്കിയതിനാല്‍ ശക്തിധരന്‍ എന്നും അഗ്‌നി സൂക്ഷിച്ചതിനാല്‍ ഗുഹന്‍ എന്നും ശത്രുനാശകന്‍ ആയതിനാല്‍ സ്‌കന്ദന്‍ എന്നും, ആറ് മാതാക്കള്‍ ഉള്ളതിനാല്‍ ഷണ്‍മുഖാതുരന്‍ എന്നും ക്രൗഞ്ചന്‍ എന്ന അസുരനെ നിഗ്രഹിച്ചതിനാല്‍ ക്രൗഞ്ചദാരണന്‍ എന്നും സുബ്രഹ്മണ്യന്‍ അറിയപ്പെടുന്നു. മഹാദേവന്‍ ഓങ്കാരം ഉപദേശിച്ചതിനാല്‍ ഗുരുസ്ഥാനീയന്‍ കൂടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.