പീഡന കേസ് പ്രതിയായ എസ്‌ഐ രണ്ടു വര്‍ഷമായി ഒളിവില്‍

Friday 1 June 2018 2:11 am IST

ആലപ്പുഴ: പതിനാറുകാരിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്‌ഐ ഒളിവില്‍ പോയിട്ട് രണ്ടു വര്‍ഷമായിട്ടും പിടികൂടാനാകാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. 

 പുന്നപ്ര എസ്‌ഐയായിരുന്ന സാംമോനാണ് പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്നത്. 2016 ആഗസ്റ്റ് ഏഴിന് വൈകിട്ടായിരുന്നു  സംഭവം. പുന്നപ്ര സ്റ്റേഷന്‍ പരിധിയില്‍ സാംമോന്‍ താമസിച്ചിരുന്ന സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

 സംഭവത്തിന് ഏറെ നാള്‍ മുമ്പ് കുട്ടിയുടെ വീട്ടിലുണ്ടായ പ്രശ്‌നത്തില്‍ പുന്നപ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിന്റെ കാര്യം സംസാരിക്കാനാണെന്ന വ്യാജേനയാണ് പെണ്‍കുട്ടിയെ ലോഡ്ജില്‍ വിളിച്ചു വരുത്തിയത്.  പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയതോടെ സാംമോന്‍ ഓടി രക്ഷപ്പെട്ടു. 

പുന്നപ്ര പോലീസ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും സാംമോനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയങ്കിലും തള്ളി. എന്നാല്‍ ഇതുവരെ പ്രതിയെ പിടികൂടാനായില്ല. സംഭവം നടന്ന ദിവസം തന്നെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ ദിവസവും പെണ്‍കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.