ഇവരും അധ്യാപകര്‍; ശമ്പളമില്ലാതെ രണ്ടു വര്‍ഷം

Friday 1 June 2018 3:13 am IST
സ്‌കൂളുകള്‍ തുറക്കാറായി.......കുട്ടികള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ പുത്തനുടുപ്പും ബാഗും കുടയും വാങ്ങണം. പക്ഷേ രണ്ട് വര്‍ഷമായി ശമ്പളം ഇല്ലാതെ ജോലിചെയ്യുന്ന ഒരുകൂട്ടം അധ്യാപകര്‍ക്ക് കുട്ടികളുടെയും സഹോദരങ്ങളുടെയും ആഗ്രഹങ്ങള്‍ കണ്ണീരോടെ കാണാനേ കഴിയൂ.

കോഴിക്കോട്: സ്‌കൂളുകള്‍ തുറക്കാറായി.......കുട്ടികള്‍ക്കും സഹോദരങ്ങള്‍ക്കുമൊക്കെ പുത്തനുടുപ്പും ബാഗും കുടയും വാങ്ങണം. പക്ഷേ രണ്ട് വര്‍ഷമായി ശമ്പളം ഇല്ലാതെ ജോലിചെയ്യുന്ന ഒരുകൂട്ടം അധ്യാപകര്‍ക്ക് കുട്ടികളുടെയും സഹോദരങ്ങളുടെയും ആഗ്രഹങ്ങള്‍ കണ്ണീരോടെ കാണാനേ കഴിയൂ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൊട്ടിഘോഷിച്ച് നടക്കുമ്പോഴും നിരവധി കുടുംബങ്ങള്‍ക്ക് താങ്ങാകേണ്ടവര്‍ ശമ്പളമില്ലാതെ അറിവ് പകരുകയാണ്.

2016 ജൂണ്‍ ഒന്നു മുതല്‍ എയിഡഡ് സ്‌കൂളുകളില്‍ പ്രവേശിച്ച അധ്യാപകരും അനധ്യാപകരുമാണ് രണ്ട് വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നത്. എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി 1800ലധികം പേരുണ്ട്. തസ്തിക നിര്‍ണ്ണയിച്ച് ഒരു മാസത്തിനകം നിയമനം അംഗീകരിക്കണമെന്നാണ് കേരള വിദ്യാഭ്യാസ ചട്ടം(കെഇആര്‍) പറയുന്നത്.  എന്നാല്‍ 2016-17 വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയിച്ചെങ്കിലും നിയമനത്തിന് അംഗീകാരം നല്‍കിയിട്ടില്ല. 

2016 ഡിസംബര്‍ മൂന്നിന് നടത്തിയ കെഇആര്‍ ഭേദഗതിയാണ് ഇവരുടെ നിയമനത്തെ തകിടം മറിച്ചത്. 1979 വരെ ആരംഭിച്ചവയെ പഴയ സ്‌കൂളും ശേഷം സ്ഥാപിച്ചവയെ പുതിയ സ്‌കൂളുമായി കെഇആറില്‍ തരം തിരിച്ചിട്ടുണ്ട്. 2016 ഡിസംബര്‍ മൂന്നിന് വന്ന കെഇആര്‍ ഭേദഗതി പ്രകാരം പഴയ സ്‌കൂളുകളിലെ അധിക തസ്തികകളിലെ നിയമനം സര്‍ക്കാരിന് ഒന്നും മാനേജ്‌മെന്റിന് ഒന്നും എന്ന നിലയിലാക്കി. പുതിയ സ്‌കൂളുകളിലേയും പഴയ സ്‌കൂളുകളിലേയും പോസ്റ്റുകള്‍ മുഴുവന്‍  അധ്യാപക ബാങ്കില്‍ നിന്നു വേണം എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ഉത്തരവിന് ഒരുവര്‍ഷം മുമ്പ് ജനുവരി 29 മുതല്‍ മുന്‍കാലപ്രാബല്യവും നല്‍കി. ഇതോടെ 2016 ജൂണില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിയമനത്തിന് അംഗീകാരം ലഭിക്കാതെവന്നു. 2016 ല്‍ അധ്യാപക ബാങ്ക് രൂപീകരിച്ചിട്ടില്ലാത്തതിനാല്‍ നിയമനം അധ്യാപക ബാങ്കില്‍ നിന്നുവേണം എന്നതും ഇവര്‍ക്ക് വിലങ്ങുതടിയായി. ഇതോടെ ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയായി. 

ഇതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതി സിംഗില്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും വിധി സര്‍ക്കാരിന് അനുകൂലമായി.  ഡിവിഷന്‍ ബെഞ്ച്  കെഇആര്‍ ചട്ടത്തിലെ ഭേദഗതിയും മുന്‍കാല പ്രാബല്യവും  റദ്ദാക്കി. ഒപ്പം തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശവും നല്‍കി. എന്നാല്‍ സര്‍ക്കാര്‍ നിയമന അംഗീകാരം നല്‍കാന്‍ തയ്യാറായിട്ടില്ല. അന്തിമ വിധി വരട്ടെയെന്നു പറഞ്ഞ് നിയമനം തടഞ്ഞ് വെച്ചു. ഇപ്പോള്‍ ഇവരുടെ നിയമന ഫയലുകള്‍ ഡിപിഐയിലും ഡിഡിയിലുമായി കെട്ടികിടക്കുകയാണ്.

രണ്ട് വര്‍ഷമായി ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് മറ്റൊരു ജോലിക്കും പോകാനാകില്ല. വീട്ടുചെലവുപോലും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവര്‍ സ്‌കൂളുകളിലെ ജൂനിയര്‍ അധ്യാപകര്‍ ആയതിനാല്‍ കുട്ടികളുടെ കുറവുണ്ടായാല്‍ ജോലി നഷ്ടപ്പെടും. അതിനാല്‍ അവധിക്കാലത്തും കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.