ശബരിമലയില്‍ വനം വകുപ്പുമായി ചേര്‍ന്ന് സര്‍വ്വേ

Friday 1 June 2018 2:22 am IST
ശബരിമലയിലെ ദേവസ്വംഭൂമി കണ്ടെത്താന്‍ വനംവകുപ്പുമായി ചേര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ സര്‍വേ നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ദേവസ്വത്തിന് 59 ഏക്കര്‍ ഭൂമിയെ ഉള്ളൂവെന്നാണ് കരുതിയിരുന്നത്.

തിരുവനന്തപുരം: ശബരിമലയിലെ ദേവസ്വംഭൂമി കണ്ടെത്താന്‍ വനംവകുപ്പുമായി ചേര്‍ന്ന് ഹൈക്കോടതിയുടെ അനുമതിയോടെ സര്‍വേ നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ദേവസ്വത്തിന് 59 ഏക്കര്‍ ഭൂമിയെ ഉള്ളൂവെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രേഖകള്‍ പ്രകാരം 77.20 ഏക്കര്‍ സ്ഥലം  പലപ്പോഴായി ലഭിച്ചിട്ടുണ്ട്.  സര്‍വേ കഴിഞ്ഞാല്‍ 96 ഏക്കറോളം സ്ഥലം ശബരിമല ദേവസ്വത്തിന്റെ അധീനതയില്‍ വരും. ക്ഷേത്രത്തിന് മുന്നില്‍ കാക്കത്തോടുവരെയുള്ള പ്രദേശം വരുമെന്നുമാണ് കണക്കാക്കുന്നത്.

 പാരിസ്ഥിതിക - വനം നിയമങ്ങള്‍ പാലിച്ച്  റോപ് വേ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പമ്പ ഹില്‍ടോപ്പ് മുതല്‍ ശബരിമലയിലെ പോലീസ് ക്യാമ്പിന് സമീപംവരെയാണ് ഇത് നിര്‍മിക്കുക.  അടുത്തവര്‍ഷം മുതല്‍ കേന്ദ്രസ്ഥാപനമായ സിഎഫ്ടിആര്‍എയുമായി ചേര്‍ന്ന് അപ്പം, അരവണ നിര്‍മ്മിക്കും. 

ഇടുക്കിയിലെ മംഗളാദേവി ക്ഷേത്രം പുനരുദ്ധരിക്കും. പുനരുദ്ധാരണവും സംരക്ഷണവും ആര്‍ക്കിയോളജി വകുപ്പിന്റെ ചുമതലയാണ്. ദേവസ്വം ബോര്‍ഡിന് പൂജാകാര്യങ്ങളുടെയും പ്രതിഷ്ഠയുടെയും ചുമതലയാണ്. ക്ഷേത്ര പുനരുദ്ധാരണം നടത്തുന്നതിന് ആര്‍ക്കിയോളജി വകുപ്പിന് കത്ത് നല്‍കിയതായും പ്രസിഡന്റ് അറിയിച്ചു. 

ഇതിനു മുന്നോടിയായി ദേവപ്രശ്‌നം നടത്തേണ്ടിവരും. ക്ഷേത്രം പുനരുദ്ധരിക്കുമ്പോള്‍ കേടുപാട് വന്ന വിഗ്രഹം മാറ്റി പുതിയ വിഗ്രഹത്തിന്റെ പ്രതിഷ്ഠ ക്ഷേത്രതന്ത്രി സൂര്യകാലടി ജയന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടത്തും. നവരാത്രി, തൃക്കാര്‍ത്തിക, ശിവരാത്രി, പത്താമുദയം എല്ലാ മാസത്തെയും വെളുത്തവാവ്, ആട്ടവിശേഷ ദിവസമായ ചിത്രാപൗര്‍ണമി എന്നീ ദിവസങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനും ആരാധനയ്ക്കുമുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.