ഉപതെരഞ്ഞെടുപ്പിന്റെ പാഠം

Friday 1 June 2018 3:39 am IST
നിയമസഭകളിലേക്കും ലോകസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിസ്സാരമായി തള്ളാനാവില്ല. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ജനവിധിയാണ് ഉണ്ടായതെന്ന് നിസ്സംശയം പറയാം. നാലുവര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞില്ലെന്ന് വേണം ഫലം വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാന്‍.

നിയമസഭകളിലേക്കും ലോകസഭയിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം നിസ്സാരമായി തള്ളാനാവില്ല. എന്‍ഡിഎയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ ജനവിധിയാണ് ഉണ്ടായതെന്ന് നിസ്സംശയം പറയാം. നാലുവര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ ശരിയാംവണ്ണം തിരിച്ചറിഞ്ഞില്ലെന്ന് വേണം ഫലം വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാന്‍.

വോട്ടര്‍മാര്‍ക്ക് നല്ല വഴി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് തോന്നുന്നു. പാവപ്പെട്ടവന്റെ ഉന്നതിക്കായി ആവിഷ്‌ക്കരിച്ച പരിപാടികളും പദ്ധതികളും മനസ്സിലാക്കാന്‍ അവര്‍ക്കായില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ എന്‍ഡിഎ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. കോടിക്കണക്കിന് പാവപ്പെട്ടവരെ സാമ്പത്തികമായി ഉന്നതിയിലെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. മുദ്ര ലോണ്‍, ശുചിത്വ പദ്ധതികള്‍, ഗ്രാമീണ തൊഴില്‍ മേഖല എന്നിവയിലെല്ലാം വന്‍ പുരോഗതി ഉണ്ടാക്കി. അതൊന്നും വോട്ടെടുപ്പില്‍ പ്രതിഫലിച്ചോ എന്ന് സംശയമാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ നടന്ന തെരഞ്ഞെടുപ്പ് കുറേക്കൂടി ഗൗരവത്തില്‍ കാണേണ്ടതായിരുന്നു.

കേരളത്തില്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42000ല്‍പ്പരം വോട്ടുനേടിയ സ്ഥാനത്ത് ഇക്കുറി 35000 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ആറായിരം വോട്ടില്‍ നിന്നാണ് 42000 വോട്ടിലെത്തിയത്. ഇത്തവണ എന്‍ഡിഎ എന്ന സഖ്യം വേണ്ടത്ര പാകപ്പെട്ടില്ല എന്ന സത്യവും മുന്നിലുണ്ട്. മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമായ എസ്എന്‍ഡിപി യോഗം എന്‍ഡിഎയ്ക്ക് ഒപ്പമായിരുന്നില്ല. ബിഡിജെഎസ് പലകാരണങ്ങളാല്‍ നിസ്സഹരിക്കുകയും ചെയ്തു. എന്നിട്ടും വോട്ടില്‍ ഏഴായിരത്തിന്റെ കുറവേ ഉണ്ടായുള്ളൂ എന്ന് കാണേണ്ടിയിരിക്കുന്നു. ബിഡിജെഎസ്സിനെ ഒപ്പം നിര്‍ത്താന്‍ കഴിയേണ്ടതായിരുന്നു. എന്തിന്റെ പേരിലായാലും ഒപ്പം നടക്കുന്നവരെ കൈപിടിച്ചുയര്‍ത്താനും നല്ല നിലയില്‍ പരിപാലിക്കാനും കഴിയാത്തത് വീഴ്ച തന്നെയാണ്.

വോട്ടെടുപ്പിന് തലേന്ന് സംസ്ഥാന പ്രസിഡന്റിനെ ഗവര്‍ണര്‍ പദവിയിലേക്ക് ഉയര്‍ത്തിയത് വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കി എന്നത് തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ അത് എന്‍ഡിഎ വോട്ടില്‍ വിള്ളലൊന്നും ഉണ്ടാക്കിയിട്ടില്ല. എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാക്കിയത് കോണ്‍ഗ്രസിന്റെ കള്ളക്കളി മൂലമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സംഘടിതമായ ശ്രമം കോണ്‍ഗ്രസിലുണ്ടായി.

എല്‍ഡിഎഫ് ജയിച്ചാലും കോണ്‍ഗ്രസില്‍ മറ്റൊരു ഹിന്ദു നേതാവ് ജയിക്കരുതെന്ന വാശി ചിലര്‍ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് സ്വാധീന കേന്ദ്രത്തില്‍പ്പോലും വോട്ട് കുറഞ്ഞത് അതിനെ തുടര്‍ന്നാണ്. കേരളാ കോണ്‍ഗ്രസ്സാകട്ടെ ചോറിങ്ങും കൂറങ്ങും എന്ന നിലപാടും സ്വീകരിച്ചു. ഏതായാലും തെരഞ്ഞെടുപ്പ് ഫലം വലിയ പാഠം തന്നെയാണ്. കോണ്‍ഗ്രസ് മുന്നണിക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ലെന്നതാണ് ഏറ്റവും വലിയ പാഠം. കമ്മ്യൂണിസ്റ്റുകാരോടൊപ്പം നീന്തി മുങ്ങുന്ന കോണ്‍ഗ്രസിനെയാണ് രാജ്യമാകെ കാണുന്നത്. കേരളത്തിലും സ്ഥിതി ഭിന്നമല്ലെന്നാണ് ചെങ്ങന്നൂര്‍ ഫലം വ്യക്തമാക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.