ആശ്രയ പദ്ധതിയില്‍ നിര്‍മ്മിച്ച വീട് സിപിഎമ്മിന്റെ പേരിലാക്കിമാറ്റിയത് വിവാദത്തില്‍

Thursday 31 May 2018 10:03 pm IST

 

പാനൂര്‍: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മ്മാണം. ഐആര്‍പിസി ഫണ്ട് എന്ന് പറഞ്ഞ് സിപിഎം നേതൃത്വം താക്കോല്‍ദാനം നടത്തിയതായി ആക്ഷേപം. മൊകേരി പഞ്ചായത്തിലെ മുത്താറിപീടികയിലെ കല്ലുവെച്ച പറമ്പത്ത് കല്ല്യാണിയുടെ വീടിന്റെ താക്കോല്‍ദാനമാണ് ഐആര്‍പിസിയുടെ പേരില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചത്. പ്രാദേശിക നേതൃത്വം നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പി.ജയരാജന്‍ ചടങ്ങ് നിര്‍വ്വഹിക്കുകയായിരുന്നു ഇതു പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്കും കാരണമായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപ കല്ല്യാണിയുടെ വീട് നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നു. 

തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് നിര്‍മ്മാണം പൂര്‍ത്തികരിക്കുകയുമായിരുന്നു. തികയാതെ വന്ന തുക രാഷ്ട്രീയഭേദമന്യേ നാട്ടുകാര്‍ പിരിച്ചെടുത്ത് ബാക്കി വന്ന പ്രവൃത്തി നടത്തുകയുമായിരുന്നു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം നടത്താന്‍ ജനപ്രതിനിധികളെ ക്ഷണിച്ചുമില്ല.സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് നാണംകെട്ട നിലപാടുമായി പ്രാദേശിക പാര്‍ട്ടി ഘടകം ഇത്തരമൊരു നീക്കം നടത്തിയത്. ആശ്രയ പദ്ധതിപ്രകാരം രണ്ടരലക്ഷം രൂപ അനുവദിച്ചതാണെന്നും, വീടിന്റെ താക്കോല്‍ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിയില്ലെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.സംഭവം വിവാദമായതോടെ വിശദീകരണവുമായി സിപിഎം രംഗത്തു വന്നു. 

3ലക്ഷം രൂപ ഐആര്‍പിസി നല്‍കിയാണ് വീട് പൂര്‍ത്തീകരിച്ചതെന്നാണ് സിപിഎം നിലപാട്. വീടിന്റെ താക്കോല്‍ദാനം പി.ജയരാജന്‍ നല്‍കിയ ദിവസം തന്നെ കല്ല്യാണി മരണമടയുകയും ചെയ്തിരുന്നു. നാട്ടുകാരുടെ സേവനവും, പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നടത്തിയ വീട് നിര്‍മ്മാണത്തെ പാര്‍ട്ടി അക്കൗണ്ടിലേക്ക് മാറ്റിയ തരംതാണ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വീട്ടുടമയെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ താക്കോല്‍ദാന ചടങ്ങ് അപഹാസ്യമാണെന്ന് ബിജെപി മൊകേരി പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയില്‍ അറിയിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും പ്രതിഷേധം അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.