ആറളം പുനരധിവാസ മേഖലയില്‍ തരിശുഭൂമിയില്‍ പച്ചക്കറി കൃഷി പദ്ധതി ആരംഭിച്ചു

Thursday 31 May 2018 10:03 pm IST

 

ഇരിട്ടി: ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ ആദിവാസികള്‍ക്ക് ജീവനോപാധി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പച്ചക്കറി കൃഷിപദ്ധതിയുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഫാമിലെ അഞ്ച് ഹെക്ടര്‍ തരിശു ഭൂമിയിലാണ് കൃഷി നടത്തുക. ആദിവാസികള്‍ മാത്രം അടങ്ങിയ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കുക. ഇവിടുത്തെ തരിശു ഭൂമികള്‍ കാടുമൂടിക്കിടന്ന് വന്യമൃഗ ശല്യം വര്‍ദ്ധിക്കുന്നത് തടയുവാനും ഇതുവഴി സാധിക്കും. ജില്ലാ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ആറളം കൃഷി ഭവന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് എഴുപത്തി അയ്യായിരം രൂപയും വിത്തും വളവും കൃഷിവകുപ്പ് നല്‍കും. പഞ്ചായത്ത് വിഹിതത്തില്‍പ്പെടുത്തി 2 ലക്ഷം രൂപ ആറളം ഗ്രാമ പഞ്ചായത്ത് നീക്കിവെച്ചിട്ടുണ്ട്. ഇതിനായി സ്ത്രീകളും പുരുഷന്മാരുമടങ്ങിയ പുലരി സ്വാശ്രയസംഘം എന്ന പേരില്‍ 15 പേര് അടങ്ങിയ സ്വാശ്രയ ഗ്രൂപ്പും രൂപീകരിച്ചു കഴിഞ്ഞു. പുനരധിവാസ മേഖലയിലെ ഏഴാം ബ്ലോക്കില്‍ കാടുമൂടിക്കിടന്ന 12 ഏക്കര്‍ പ്രദേശമാണ് കൃഷിക്ക് ഉപയുക്തമാക്കുക. കഴിഞ്ഞവര്‍ഷം ആദിവാസികളെ ഉപയോഗപ്പെടുത്തി ഇവിടെ നടത്തിവന്ന കൃഷി വന്‍ വിജയമായിരുന്നു. ഇതാണ് ഇത്തവണ കൃഷി വിപുലപ്പെടുത്തുവാന്‍ പ്രേരണയായത്. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കൂടുതല്‍ കുടുംബങ്ങളും ഇപ്പോള്‍ കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. 

 സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന നടീല്‍ ഉത്സവം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരുമരം പച്ചക്കറി പദ്ധതിപ്രകാരം ആദിവാസികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി.കെ.ലളിത നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധന്‍, അംഗങ്ങളായ ജോഷി പാലമറ്റം, ത്രേസ്യാമ്മ കൊങ്ങോല, പി.കെ. കരുണാകരന്‍, ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്, ഊരുമൂപ്പന്‍ ചെമ്മരന്‍, ആറളം കൃഷി ഓഫീസര്‍ സവിത ആന്റണി, കൃഷി അസിസ്റ്റന്റ് എം.എന്‍. പ്രതിപന്‍ എന്നിവര്‍ പ്രസംഗിച്ചു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.