പരിശീലകരോട് ഒരുപാട് കടപ്പാട്: അനഘ രാധാകൃഷ്ണന്‍

Thursday 31 May 2018 10:05 pm IST

കണ്ണൂര്‍: പരിശീലകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നുവെന്നതാണ് തന്റെ വിജയ രഹസ്യമെന്നും അതിന് പരിശീലകരോട് ഒരു പാട് കടപ്പാടുണ്ടെന്നും വോളിബോള്‍ താരം അനഘ രാധാകൃഷ്ണന്‍. തായ്‌ലാന്റില്‍ നടന്ന അണ്ടര്‍ 17 ഏഷ്യന്‍ വോളിയില്‍ ബെസ്റ്റ് ബ്ലോക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അനഘ രാധാകൃഷ്ണന് കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് നല്‍കിയ അനുമോദനത്തിന് ശേഷം മീറ്റ് ദ പ്ലെയര്‍ പരിപാടിയില്‍ പങ്കെടുത്ത് സാംസാരിക്കുകയായിരുന്നു. 

എല്ലായ്‌പ്പോഴും വിട്ടുമാറാത്ത ഭയം തന്റെ ആത്മവിശ്വസത്തിന് മങ്ങലേല്‍പ്പിച്ചിരുന്നുവെങ്കിലും പരിശീകര്‍ തന്ന പിന്തുണയാണ് തനിക്ക് ഊര്‍ജ്ജം നല്‍കിയത്. തനിക്ക് ചില പ്ലസ്‌പോയിന്റ്‌സുകളുണ്ടെന്നും അതിനെ വളര്‍ത്തിയെടുക്കണമെന്നും പരിശീകരായ ജിനി വര്‍ഗ്ഗീസും വിജിത്തുമാണ് തനിക്ക് പറഞ്ഞ് തന്നതെന്നും അനഘ പറഞ്ഞു. നീണ്ട ഇടവേളക്ക് ശേഷമാണ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ നിന്നും ഇന്ത്യന്‍ ടീമിലേക്ക് ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ജീവിത പ്രാരാബ്ദം കാരണം ഉളിക്കലിലെ മട്ടങ്ങോടന്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും സാവിത്രിയുടെയും രണ്ടാമത്തെ മകളായ അനഘ കായികമേഖല തെരഞ്ഞെടുക്കുന്നതിനെ വീട്ടുകാര്‍ ഒട്ടും പിന്തുണച്ചിരുന്നില്ല. പരീക്കളം ശാരദാവിലാസം എയുപി സ്‌കൂളില്‍ ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ശേഷം എട്ടാം ക്ലാസ് മുതലാണ് സ്‌പോര്‍ട്‌സ് ഡിവിഷനിലെത്തുന്നത്. ഇപ്പോള്‍ പത്താം തരം വിദ്യാര്‍ത്ഥിനിയാണ് അനഘ. കൈപ്പന്ത് കളിയില്‍ മികവ് കാട്ടി കേരളത്തിന്റെയും സ്വന്തം നാടായ കണ്ണൂരിന്റെയും മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനതാരമായി മാറിയ അനഘക്ക് വേളിബോളില്‍ കൂടുതല്‍ വിസ്മയം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും പരിശീലക ജിനി വര്‍ഗീസ് പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ വക ഉപഹാരം അനഘക്ക്‌കൈമാറി. സ്‌പോര്‍ട്‌സ് കണ്ണൂര്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് സംബന്ധിച്ചു. ചടങ്ങില്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സിജി ഉലഹന്നാന്‍ സ്വാഗതവും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.